Advertisment

5 വര്‍ഷം മുന്‍പ് കാണാതായി; നീണ്ട 63 മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ഭിന്നശേഷിക്കാരനായ 13കാരനും അമ്മയ്ക്കും പുനഃസമാഗമം !

New Update

ഗുവാഹത്തി: നീണ്ട 63 മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ഭിന്നശേഷിക്കാരനായ 13കാരനും അമ്മയ്ക്കും പുനഃസമാഗമം. ഉത്തര്‍പ്രദേശില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പ് കാണാതായ കുട്ടിയെ 1250 കിലോമീറ്റര്‍ അകലെ അസമില്‍ നിന്നാണ് കണ്ടെത്തിയത്. ഗുവാഹത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കുട്ടിയെ വീട്ടുകാരുമായി ചേര്‍ക്കുന്നതില്‍ പ്രയത്‌നിച്ചത്.

Advertisment

publive-image

ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുളള ഹാന്‍ഡിയ എന്ന ഗ്രാമത്തില്‍ നിന്നാണ് 2015ല്‍ കുട്ടിയെ കാണാതായത്. ഷോം സോണിക്ക് വേണ്ടിയുളള അമ്മ റീത്തയുടെ അഞ്ചുവര്‍ഷത്തെ തെരച്ചലിനാണ് ഒടുവില്‍ ഫലം ഉണ്ടായത്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയെ തിരിച്ചുകിട്ടുമോ എന്ന ആശങ്ക വര്‍ധിച്ചുവരികയായിരുന്നു. അതിനിടെയാണ് അത്ഭുതം സംഭവിച്ചതെന്ന് റീത്ത പറയുന്നു.

രാവിലെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഷോമിനെ കാണാതായത്. എങ്ങനെ അസമില്‍ എത്തിയെന്ന് അറിയില്ല. ഉത്തര്‍പ്രദേശിലും ബിഹാറിലും പൂര്‍ണമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും റീത്ത പറയുന്നു. യാദൃശ്ചികമായി ട്രെയിനില്‍ കയറിയ കുട്ടി അസമില്‍ എത്തുകയായിരുന്നു. കുട്ടിയെ ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഷോമിനെ സന്നദ്ധ സംഘടനയായ ഡെസ്റ്റിനേഷനെ ഏല്‍പ്പിക്കുകയായിരുന്നു.

കുട്ടിക്ക് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പഠിച്ച സ്‌കൂളും പേരും മറന്നില്ല. ഇതില്‍ നിന്ന് കുട്ടി ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുട്ടിയുടെ യഥാര്‍ത്ഥ സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല.

വര്‍ഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനുളള ശ്രമം ഷോമിന്റെ കുടുംബം ഉപേക്ഷിച്ചില്ല.  ഡെസ്റ്റിനേഷന്റെ സ്ഥാപകയായ രൂപ ഹസാരിക അസം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമാണ്.

ഈ സ്വാധീനം ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡുമായി ബന്ധപ്പെട്ടു. ഇതോടെയാണ് കുട്ടിയെ വീട്ടുകാരുമായി ചേര്‍ക്കുന്നതില്‍ വഴിതെളിഞ്ഞത്. ഫെബ്രുവരിയില്‍ കുട്ടിയുടെ വീട്ടുകാരെ തിരിച്ചറിഞ്ഞെങ്കിലും ലോക്ക്ഡൗണ്‍ കാരണം ഒത്തുച്ചേരല്‍ നീണ്ടുപോകുകയായിരുന്നു.

missing case
Advertisment