Advertisment

കുവൈറ്റില്‍ ഭിക്ഷാടകയെന്ന് കരുതി പ്രവാസി യുവതിയെ ആളുമാറി അറസ്റ്റ് ചെയ്തു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഭിക്ഷാടകയെന്ന് കരുതി പ്രവാസി യുവതിയെ ആളുമാറി അറസ്റ്റ് ചെയ്തു . ജഹ്‌റ ആശുപത്രിയ്ക്ക് മുന്നില്‍ ഒരു പ്രവാസി യുവതി ഭിക്ഷാടനം നടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആശുപത്രിക്ക് മുന്നില്‍ ഭര്‍ത്താവിനെ കാത്തു നിന്നിരുന്ന മറ്റൊരു പ്രവാസി യുവതിയെ ആളുമാറി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുവതിയെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ജോര്‍ദാനിയന്‍ വനിതയ്ക്ക് വേണ്ടി വിരിച്ച വലയിലാണ് ഗര്‍ഭിണിയായ സിറിയന്‍ യുവതി കുടുങ്ങിയത്.

Advertisment

സംഭവമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയുടെ നിരപരാധിത്വം വിശദീകരിച്ചു.ഏവ് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യ പതിവ് ചെക്കപ്പിനായി സ്വകാര്യ ക്ലിനിക്കില്‍ എത്തുകയും തുടര്‍ന്ന് ഓഗസ്റ്റ് 14ന് ജഹ്‌റ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിക്കുകയും ആയിരുന്നു.തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ ആക്കി താന്‍ തിരിച്ചു പോയി.

publive-image

ഡോക്ടറെ കണ്ട ശേഷം ഫോണ്‍ വിളിച്ച് അറിയിക്കാനും ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയുടെ രക്തസമ്മര്‍ദ്ദവും പള്‍സും പരിശോധിച്ച ശേഷം സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ റെക്കോര്‍ഡു കൂടി കാണണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിളിച്ച് വാഹനവുമായി എത്താന്‍ ആവശ്യപ്പെടുകയും താന്‍ ആശുപത്രിക്ക് മുന്നിലെ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ കാത്തുനില്‍പ്പുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

അതെസമയം തന്നെ ജഹ്‌റ ആശുപത്രിയ്ക്ക് മുന്നില്‍ ഒരു യുവതി ഭിക്ഷാടനം നടത്തുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രഹസ്യ വിവരം ലഭിച്ചു. ഉടനടി സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശത്ത് ഭര്‍ത്താവിനെ കാത്തു നിന്ന ഗര്‍ഭിണിയായ യുവതിയെ ഭിക്ഷാടകയായി തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു .ജോര്‍ദാനിയന്‍ യുവതിയെ തേടിയെത്തിയ പൊലീസിനോട് താന്‍ സിറിയന്‍ യുവതിയാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല .

തുടര്‍ന്ന് ഭാര്യയെ കൊണ്ടു പോകാനായി ആശുപത്രിയ്ക്ക് സമീപമെത്തിയ യുവാവിനെ തേടിയെത്തിയത് പൊലീസിന്റെ ഫോണായിരുന്നു. തന്റെ ഭാര്യ ഭിക്ഷാടനത്തിന് പൊലീസ് കസ്റ്റഡിയിലാണെന്നും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ യുവതി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുമായി എത്തണമെന്നും ആവശ്യപ്പെട്ടു .

താന്‍ മികച്ച സാമ്പത്തിക സ്ഥിതിയുള്ളയാളാണെന്നും തന്റെ ഭാര്യയ്ക്ക് ഭിക്ഷാടനം നടത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞിട്ടും പൊലീസ് അതൊന്നും ചെവിക്കൊണ്ടില്ല. തുടര്ന്ന് ഒരു പൊലീസുകാരന്‍ തന്റെ ജോലി സ്ഥലത്തെത്തി ഭാര്യയുടെ പാസ്‌പോര്‍ട്ട് കൈമാറാന്‍ ആവശ്യപ്പെടുകയും സെപ്റ്റംബര്‍ 27ന് ഭാര്യയെ നാടുകടത്തുമെന്ന് അറിയിക്കുകയും ആയിരുന്നു .

തന്റെ ഭാര്യ 12 ഉം ഒന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണെന്നും വര്‍ഷങ്ങളായി തങ്ങള്‍ കുവൈറ്റില്‍ താമസമാണെന്നും യുവാവ് പറയുന്നു.തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും തങ്ങള്‍ ചെയ്യുകയില്ലെന്നും യുവാവ് വ്യക്തമാക്കി. തന്റെ ഭാര്യയുടെ നിരപരാധിത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്ത്രമന്ത്രിയ്ക്ക് പരാതി സമര്‍പ്പിക്കുമെന്ന് യുവാവ് പറഞ്ഞു.

kuwait kuwait latest
Advertisment