Advertisment

അയോധ്യയില്‍ നീതി നടപ്പാക്കണം; സത്യവും നീതിയും നിഷേധിക്കപ്പെടുമ്പോള്‍ മഹാഭാരതം ആവര്‍ത്തിക്കുമെന്ന് മോഹന്‍ ഭാഗവത്

New Update

ന്യൂഡല്‍ഹി: നീതിയും സത്യവും നിഷേധിക്കുന്നത് അയോധ്യയില്‍ മഹാഭാരതത്തിന്റെ ആവര്‍ത്തനത്തിന് ഇടയാക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയില്‍ വേഗത്തില്‍ നീതി നടപ്പാക്കണമെന്നും ധാര്‍ഷ്ട്യവും വ്യക്തിതാല്‍പര്യവും മൂലം എപ്പോഴൊക്കെ സത്യവും നീതിയും നിഷേധിക്കപ്പെടുന്നുവോ അപ്പോള്‍ മഹാഭാരതം വീണ്ടും നടപ്പിലാകുമെന്നും ഭാഗവത് പറഞ്ഞു. ഒരിക്കലും സംഭവിക്കരുതാത്തതാണെങ്കിലും അതുണ്ടാകുന്നു. ആര്‍ക്കാണ് അതൊഴിവാക്കാന്‍ കഴിയുകയെന്നും ഭാഗവത് ചോദിച്ചു.

Advertisment

publive-image

രാമന്റെ വനവാസം 14 വര്‍ഷം കൊണ്ട് അവസാനിച്ചു. അയോധ്യയുടെ വനവാസം 500 വര്‍ഷം കഴിഞ്ഞും തുടരുകയാണ്. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. രാമക്ഷേത്രം തകര്‍ക്കപ്പെട്ടിടത്തുതന്നെ ക്ഷേത്രനിര്‍മാണം നടത്തണമെന്നാണ് തന്റെ നിലപാട്. അസത്യവും അനീതിയുമായി നാം മുന്നോട്ടുപോയല്‍ അക്രമമാവും ഫലം. നീതി ഉടന്‍ നടപ്പാക്കണമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

അയോധ്യയെക്കുറിച്ചു ഹേമന്ദ് ശര്‍മ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് ഭഗവതിന്റെ പരാമര്‍ശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭാഗവതിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നു കഴിഞ്ഞദിവസം തന്റെ പ്രഭാഷണ പരമ്പരയിലും ഭഗവത് ആവശ്യപ്പെട്ടിരുന്നു.

എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നു രാജ്‌നാഥ് സിങും പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ് അയോധ്യയിലേതെന്നും അത് വിജയം കാണുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

Advertisment