Advertisment

കാല്‍നൂറ്റാണ്ട് കാത്തുവെച്ച 'നിധി' മോഹന്‍ലാലിന് കൈമാറി ആരാധകന്‍

author-image
ഫിലിം ഡസ്ക്
New Update

mohanlal fan safeer video

തിരുവനന്തപുരം: മലയാളത്തിന്‍റെ അഭ്രപാളിയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട് വിസ്മയമായി കുതിക്കുകയാണ് മോഹന്‍ലാലെന്ന അഭിനയ പ്രതിഭ. ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലും ലാല്‍ മാറ്റ് തെളിയിച്ചിട്ടുണ്ട്. ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന ആരാധകരുടെ കാര്യവും അങ്ങനെ തന്നെ.

ലോകമെമ്പാടും ലാലേട്ടന്‍ ഫാന്‍സ് ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ആരാധകരുടെ സ്നേഹത്തിന്‍റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ചങ്കാണ് ചങ്കിടിപ്പാണ് ലാലേട്ടനെന്ന് വെറുതെ പറയുന്നതല്ല. അത്തരത്തില്‍ ഒരു ആരാധകന്‍റെ സ്നേഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കാല്‍നൂറ്റാണ്ടിലേറെയായി മോഹന്‍ലാലിനെ കാണിക്കാനായി നിധി പോലെ കാത്തുസൂക്ഷിച്ച സമ്മാനവുമായാണ് ഖത്തറില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സഫീര്‍ എത്തിയത്. മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്‍റെ പത്രവാര്‍ത്തയാണ് സഫീര്‍ 26 വര്‍ഷമായി നിധി പോലെ കാത്തുവെച്ചത്.

ഒരിക്കലെങ്കിലും ലാലേട്ടനെ അത് കാണിക്കണമെന്നുമാത്രമായിരുന്നു സഫീറിന്‍റെ ആഗ്രഹം. കഴിഞ്ഞ ദിവസമാണ് ആ സ്വപ്നം യാഥാര്‍ത്ഥ്യമായത്. ഭരതത്തിലെ അഭിനയത്തിന് 1992 ഏപ്രില്‍ ഏഴാം തിയതിയായിരുന്നു മോഹന്‍ലാലിനെത്തേടി മികച്ച് നടനുള്ള ദേശീയ പുരസ്കാരം ആദ്യമായെത്തിയത്. തൊട്ടടുത്ത ദിവസത്തെ മലയാള പത്രങ്ങളുടെ തലക്കെട്ടും മറ്റൊന്നായിരുന്നില്ല. ആ വാര്‍ത്തയുടെ പത്ര കടലാസ് ലാലേട്ടനെ കാണിക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്തുമാണ് സഫീര്‍ ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങിയത്. അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു താനെന്നും സഫീര്‍ വ്യക്തമാക്കി.

 

mohanlal
Advertisment