Advertisment

പെട്ടിക്കടക്കാരന്‍ അലിയുടെ മകന് പെട്ടിക്കടക്കാരന്‍ ആകാനായിരുന്നു മോഹം; എന്നാല്‍ കാലം അവനെ എത്തിച്ചത് ഐഎഎസ് പദവിയില്‍

New Update

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിലെ ഇടത്തരം കുടുംബത്തില്‍ നിന്നും ഐഎഎസ് പദവിയിലേക്ക് എത്തിച്ചേര്‍ന്ന ജീവിത വഴിയെ കുറിച്ച് ഷിഹാബ് വിവരിക്കുമ്പോള്‍ അതില്‍ സങ്കടങ്ങളും സന്തോഷങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും വേണ്ടുവോളമുണ്ട്. ആര്‍ക്കും മാതൃകയാക്കാവുന്ന കഠിനധ്വാനത്തിന്റെ മഹത്തായ പ്രചോദനത്തിന്റെ തീപ്പൊരിയുണ്ട്. ഇത്തിരി കഷ്ടപ്പെട്ട് പഠിക്കാന്‍ മനസുവെച്ചാല്‍ കൈയ്യെത്തും ദൂരത്ത് തന്നെ ഐഎഎസ് എന്ന ആരും മോഹിക്കുന്ന സിവില്‍ സെര്‍വന്റ് പദവിയുണ്ട് എന്ന് ഷിഹാബിന്റെ ജീവിതം നമ്മോട് പറയുന്നു.

Advertisment

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ കോറോത്ത് അലിയുടെയും ഫാത്തിമയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായി 1980 മാര്‍ച്ച് 15ന് ജനിച്ച മുഹമ്മദലി ഷിഹാബ് കുട്ടിക്കാലത്ത് എല്ലാവരേയും പോലെ മഹാ കുസൃതിയായിരുന്നു.സ്‌കൂളിലാകട്ടെ ബാക്ക് ബെഞ്ചറും. പിന്നീട് പതിയെ പഠനത്തെ സ്‌നേഹിച്ച കുഞ്ഞ് ഷിഹാബ് പത്താംക്ലാസ് പാസായത് 470 മാര്‍ക്ക് നേടിയായിരുന്നു. ഈ ഡിസ്റ്റിങ്ഷന്‍ ഷിഹാബിനെ വലിയ പഠന സ്‌നേഹിയാക്കി മാറ്റുകയായിരുന്നു. അന്ന് തുടങ്ങിയ യാത്ര 2011ല്‍ ഷിഹാബ് അവസാനിപ്പിച്ചത് ഐഎഎസ് പദവി നേടിയെടുത്തു കൊണ്ടു തന്നെയായിരുന്നു.

publive-image

എടവണ്ണപ്പാറയില്‍ വെറ്റിലയും അടയ്ക്കയും മറ്റും വിറ്റിരുന്ന പെട്ടിപ്പീടികക്കാരന്‍ അലിയുടെ മകനും സ്‌കൂളില്‍ പോകാന്‍ മടിയനുമായ ഷിഹാബിന് വാപ്പയുടെപോലെ പെട്ടിപ്പീടികക്കാരനാകണമെന്നായിരുന്നു മോഹം. ഷിഹാബ് മൂന്നാം ക്ലാസിലായതോടെ അലി രോഗബാധിതനായി. ആസ്ത്്മ കൂടി, പെട്ടിക്കടയുടെ സമീപമുള്ള ''ആഷി' ആശുപത്രിയിലെ നിത്യസന്ദര്‍ശകനായി.

5-ാം ക്ലാസില്‍വച്ച് 49-ാം വയസില്‍ വാപ്പ ഞങ്ങളെ വിട്ടുപോയി. മരിക്കുന്നതിനു മുന്പ് എന്നെ ചൂണ്ടിക്കാട്ടി ജ്യേഷ്ഠനോടും ഉമ്മയോടുമായി പറഞ്ഞു: ''ഇവനെയാണ് എനിക്കു പേടി. ഇവന്റെ കാര്യം നിങ്ങള്‍ പ്രത്യേകം നോക്കണം.''

ഒന്നാം ക്ലാസ് വരെ മാത്രം പഠിച്ച വാപ്പയ്ക്കും രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ഉമ്മയ്ക്കും ഞങ്ങളെയെല്ലാം പഠിപ്പിച്ച് നല്ലനിലയിലെത്തിക്കണമെന്നായിരുന്നു മോഹം. വാപ്പ മരിക്കുന്‌പോള്‍ പാതി ഓലമേഞ്ഞ വീടായിരുന്നെങ്കിലും കുഞ്ഞാന്‍ (മൂത്ത ജ്യേഷ്ഠന്‍) ബിഎഎംഎസിന് രണ്ടാംവര്‍ഷം പഠിക്കുകയായിരുന്നു. കുഞ്ഞാളാകട്ടെ (മൂത്ത സഹോദരി മൈമൂന) പ്രീഡിഗ്രിക്കും.

ശാന്തസ്വഭാവക്കാരായ അവരെ എങ്ങനെയെങ്കിലും പഠിപ്പിക്കാമെന്നും ഉമ്മയും ബന്ധുക്കളും കൂടി തീരുമാനിച്ചു. പക്ഷേ വികൃതിയായ എന്നെ എന്തുചെയ്യും. ഒടുവില്‍ മുക്കം മുസ്ലിം ഓര്‍ഫനേജില്‍ ചേര്‍ക്കാനായിരുന്നു തീരുമാനം. അഞ്ചാം ക്ലാസില്‍വരെയേ അവിടെ പ്രവേശനം ലഭിക്കൂവെന്നതിനാല്‍ ജയിച്ച എന്നെ തോല്‍പ്പിച്ചു. ഞാന്‍ തനിയേ അവിടേക്കു പോകില്ലെന്നു വാശിപിടിച്ചപ്പോള്‍ രണ്ട് അനുജത്തിമാരെയും അവിടെത്തന്നെ ചേര്‍ത്തു.

വാപ്പയുടെ വേര്‍പാടില്‍ ആകെ ഉലഞ്ഞുപോയ ഞങ്ങള്‍ക്ക് അത്താണിയായത് അനാഥാലയമായിരുന്നു. പിതാവു നഷ്ടപ്പെട്ട നൂറുകണക്കിന് കുട്ടികള്‍ക്ക് പിതൃതുല്യമായ സ്‌നേഹവും കരുതലും നല്‍കി മോയ്‌മോന്‍ ഹാജിയെന്ന ഓര്‍ഫനേജ് സെക്രട്ടറിയും മറ്റുള്ളവരും. അവിടെ ജീവിതം ആകെ മാറിമറിയുകയായിരുന്നു.

ഓര്‍ഫനേജ് മാനേജ്‌മെന്റിന്റെതന്നെ ടിടിഐയില്‍ എസ്എസ്എല്‍ സി കഴിഞ്ഞഎന്നെയും മുഹമ്മദ് നിസാറിനെയും ചേര്‍ക്കാനായിരുന്നു അധികൃതരുടെ പ്ലാനെങ്കിലും ചില സാങ്കേതിക തടസങ്ങള്‍മൂലം അത്തവണ ആര്‍ക്കും പ്രവേശനം നല്‍കാന്‍ ടിടിഐക്കു കഴിഞ്ഞില്ല. അതോടെ എംഒഎംഒ കോളജില്‍ ഞങ്ങളെ പ്രീഡിഗ്രിക്കു ഫസ്റ്റ് ഗ്രൂപ്പില്‍ ചേര്‍ത്തു. ഒന്നാം വര്‍ഷം കഴിഞ്ഞതോടെ ടിടിഐ തുറന്നു.

ഞങ്ങളെ കോഴ്‌സ് പൂര്‍ത്തിയാക്കാതെ ടിടിഐയില്‍ ചേര്‍ത്തു. രണ്ടുവര്‍ഷത്തിനുശേഷം അവിടെനിന്നിറങ്ങുന്‌പോള്‍ എങ്ങനെയും പ്രീഡിഗ്രി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. 2000 ഓഗസ്റ്റില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായി പ്രത്യേക അനുമതിയോടെ കോളജില്‍ പുനഃപ്രവേശനം. 2001 ഏപ്രിലിലെ പരീക്ഷയ്ക്കു മുന്പ് രണ്ടുവര്‍ഷത്തെയും മുഴുവന്‍ പാഠഭാഗങ്ങളും പഠിച്ചുതീര്‍ക്കുക ഒരു ഭഗീരഥപ്രയത്‌നമായിരുന്നു.

രാത്രി 7.30ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. 11.30ഓടെ അലാറംവച്ച് എഴുന്നേറ്റ് രാത്രിയുടെ നിശബ്ദതയില്‍ പുലര്‍ച്ചെ 4.30 വരെ പഠനം. നല്ല മാര്‍ക്കോടെ ജയിക്കണമെന്ന് ഒരു വാശിയായിരുന്നു. ഒടുവില്‍ 21-ാം വയസില്‍ ഉയര്‍ന്ന ഫസ്റ്റ് ക്ലാസോടെ വിജയം. ഫിസിക്‌സിന് 85 ശതമാനം മാര്‍ക്കു ലഭിച്ചത് വല്ലാത്ത ആത്മവിശ്വാസം ജനിപ്പിച്ചു; മറ്റുള്ളവര്‍ക്ക് അദ്ഭുതവും.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഡിഗ്രിക്കു പഠിക്കണമെന്ന മോഹവുമായാണ് ഓര്‍ഫനേജ് വിട്ട് വീട്ടിലേക്കു പോയത്. വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടില്‍ എത്തിയപ്പോള്‍ വല്ലാത്തൊരു ഏകാന്തത. കൈയെത്തുംദൂരത്തെ ബാല്യകാല സൗഹൃദങ്ങളൊക്കെ നഷ്ടപ്പെട്ടു. ആയുര്‍വേദ ഡോക്ടറായ കുഞ്ഞാനാണെങ്കില്‍ എടവണ്ണപ്പാറയില്‍ ഒരു ആയുര്‍വേദ ഷോപ്പും കണ്‍സള്‍ട്ടിംഗുമായി ചെറിയ രീതിയില്‍ കഴിഞ്ഞുകൂടുന്നു. പ്രീഡിഗ്രി റിസള്‍ട്ടുവന്നശേഷം മേയ്, ജൂണ്‍ മാസങ്ങള്‍ ചേട്ടന്റെ കടയില്‍ നിന്നു.

റെഗുലര്‍ കോളജിലെ ഡിഗ്രി പഠനം സാധ്യമാകില്ലെന്നു മനസിലായതോടെ ജൂലൈ ഒന്നിന് തിരൂരിനടുത്ത് വളവന്നൂര്‍ ബാഫക്കി യത്തീംഖാനയില്‍ മൂന്നാം ക്ലാസിലെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. മറ്റൊരനാഥാലയത്തില്‍ വന്നതോടെ അവിടത്തെ കുട്ടികളെ ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങി. കുറെ, മ്ലാനമായ മുഖങ്ങള്‍. അവര്‍ക്ക് പ്രത്യാശപകരണമെന്ന ഒരു ഉള്‍വിളി. ഹെലന്‍ കെല്ലറിന്റെ ''തുറന്നിട്ടൊരു വാതില്‍' എന്റെ ഓര്‍മയിലേക്കു വന്നു. പഠനകാലത്ത് പൊതുവിജ്ഞാനം ക്വിസില്‍ മത്സരിച്ചിരുന്ന ഞാന്‍ പിഎസ്സി പരീക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.

2004 ജൂണ്‍ 24ന് ജല അഥോറിറ്റിയില്‍ പരപ്പനങ്ങാടി സബ്ഡിവിഷനിലെ അണ്‍സ്‌കില്‍ഡ് ലേബറായി (ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍) ആദ്യ സര്‍ക്കാര്‍ ജോലി. പന്പ് ഓപ്പറേറ്ററെ സഹായിക്കുകയെന്ന നിസാര പണിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കാലിക്കട്ട് സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ ചരിത്രം ഐച്ഛിക വിഷയമായി ബിരുദപഠനം ആരംഭിച്ചു.

വാട്ടര്‍ അഥോറിറ്റിയില്‍ മൂന്നരമാസം ജോലിചെയ്തപ്പോഴേക്കും കൊണ്ടോട്ടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡി ക്ലാര്‍ക്കായി നിയമനം. 2006ല്‍ 26-ാം വയസില്‍ വിവാഹം. 2007ല്‍ ഡിഗ്രി പൂര്‍ത്തിയാക്കി. അതേമാസം മാര്‍ച്ചില്‍തന്നെ മലപ്പുറം വെറ്റിലപ്പാറ ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക നിയമനം. 2009 ജനുവരിയില്‍ യുപിഎസ്എ ആയി നിയമനം.

2009 മാര്‍ച്ചില്‍ മലയാളപത്രത്തിന്റെ മലപ്പുറം ജില്ലാ പേജില്‍ വന്ന വാര്‍ത്ത ഒരു വഴിത്തിരിവായി. എഴുതിയ 21 പിഎസ്സി പരീക്ഷയിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനു സിവില്‍ സര്‍വീസ് മോഹം എന്നതായിരുന്നു വാര്‍ത്ത. ഇത് എങ്ങനെയോ മുക്കം മോയ്‌മോന്‍ഹാജിയുടെ പക്കലെത്തി. അവര്‍ പത്രസമ്മേളനം വിളിച്ച് മുഹമ്മദലി ഷിഹാബിന്റെ സിവില്‍ സര്‍വീസ് പഠനത്തിന് സര്‍വപിന്തുണയും പ്രഖ്യാപിച്ചു.

മേയ് 11ന് കുഞ്ഞാളയുടെ വീട്ടിലെത്തിയ ഞാന്‍ 13ന് തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗ് എന്‍ജിഒ ആയ സക്കാത്ത് ഫൗണ്ടേഷന്റെ സെലക്്ഷന്‍ പരീക്ഷയുണ്ടെന്ന് അറിയുന്നു. രണ്ട് ദിവസംകൊണ്ട് ഒരുങ്ങിയെഴുതിയ പരീക്ഷയില്‍നിന്നും ഞങ്ങള്‍ 12 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നു. അതാണെന്റെ ആദ്യ വിമാനയാത്ര.

സക്കാത്ത് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് കിട്ടി ജൂണില്‍തന്നെ കോച്ചിംഗ് ആരംഭിച്ചു. ഹിസ്റ്ററിയും ജ്യോഗ്രഫിയും ആയിരുന്നു വിഷയങ്ങള്‍. ഡിസംബര്‍വരെ നന്നായി പഠിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കൊടുംതണുപ്പില്‍ അസുഖബാധിതനായി. അവിടെ ചികിത്സിച്ചിട്ടും ഭേദമാകാതായപ്പോള്‍ നാട്ടിലേക്ക് മനസില്ലാമനസോടെ തിരിച്ചുപോന്നു. അസുഖം ചികിത്സിച്ച് ഭേദമായപ്പോള്‍ വല്ലാത്ത നഷ്ടബോധം.

മേയ്മാസത്തിലല്ലേ പരീക്ഷ. ഒന്നാഞ്ഞുപിടിച്ചാലോയെന്നൊരു ചിന്ത. മാര്‍ച്ചുമാസം ആദ്യംതന്നെ ഭാര്യയെയും മക്കളെയും അവളുടെ വീട്ടില്‍കൊണ്ടാക്കി. വീട്ടില്‍ ഞാനും ഉമ്മയും മാത്രം. മുഴുവന്‍ സമയം പഠനം; തീവ്രമായ പഠനം. 2010 മേയ് 23ന് തിരുവനന്തപുരത്ത് പ്രിലിമിനറി പരീക്ഷയെഴുതി. ഹിസ്റ്ററി നന്നായി എഴുതിയെങ്കിലും ജനറല്‍ സ്റ്റഡീസ് വലിയ ബുദ്ധിമുട്ടായിരുന്നു.

അടുത്തവര്‍ഷം ഒന്നുകൂടി എഴുതാമെന്നു മനസിനെ സമാധാനിപ്പിച്ച് ഡല്‍ഹിക്കു വണ്ടികയറി. റൂം ഒഴിച്ച് സാധനങ്ങള്‍ തിരികെ കൊണ്ടുവരാന്‍. അവിടെവച്ച് സുഹൃത്ത് പറഞ്ഞു: ''ജനറല്‍ സ്റ്റഡീസ് എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അത്യാവശ്യം എഴുതിയിട്ടുണ്ടെങ്കില്‍ ജയിക്കും.'' ഞാന്‍ ഒരു ആന്‍സര്‍ കീ വാങ്ങി ഒത്തുനോക്കിയപ്പോള്‍ ചെറിയൊരു പ്രതീക്ഷ.

പ്രിലിമിനറി റിസള്‍ട്ട് ഓഗസ്റ്റിലാണ് വരിക. മെയിന്‍ പരീക്ഷ ഒക്ടോബറിലും. ജ്യോഗ്രഫി മാറ്റി മലയാളസാഹിത്യം ഐച്ഛികവിഷയമായി എടുത്താലോയെന്നൊരു ആഗ്രഹം. അഞ്ചാം ക്ലാസ് മുതല്‍ രണ്ടാം ഭാഷയായി അറബിക് പഠിച്ച എനിക്ക് മലയാളം വഴങ്ങില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, സാഹിത്യത്തോടുള്ള കന്പം അതേ തീരുമാനമെടുക്കാന്‍ ഇടയാക്കി.

ജൂണില്‍തന്നെ തിരുവനന്തപുരത്ത് മലയാള സാഹിത്യത്തിന്റെ പരിശീലനം നേടി. ഓഗസ്റ്റ് എട്ടിന് ഡല്‍ഹിയില്‍നിന്നു ഗ്ലാഡിസ് മാഡം ''ഷിഹാബ് പാസായി' എന്നു വിളിച്ചു പറഞ്ഞപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളജിലെ പിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സര്‍വീസില്‍ പരിശീലനം. ഇതിനിടെ കംപല്‍സറി ഇംഗ്ലീഷ് പേപ്പര്‍ ഒഴികെ മുഴുവന്‍ പരീക്ഷയും മലയാളത്തിലെഴുതാന്‍ തീരുമാനമെടുത്തു. 2010 ഒക്ടോബറില്‍ പരീക്ഷ. മാര്‍ച്ചില്‍ റിസള്‍ട്ട്, മെയിന്‍ പാസായി.

ഏപ്രില്‍ 23ന് യുപിഎസ്സി ആസ്ഥാനത്ത് അഭിമുഖം. മേയ് 11ന് റിസള്‍ട്ട് വന്നു; എനിക്ക് ഐഎഎസ്. 2011 ഓഗസ്റ്റ് 29ന് മസൂറി അക്കാദമിയില്‍ പരിശീലനത്തിനു പ്രവേശിച്ചു. നാഗാലാന്‍ഡ് കേഡറില്‍ ദിമാപൂര്‍ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി 2012 ജൂലൈയില്‍ ആദ്യനിയമനം. തുടര്‍ന്ന് സബ്കളക്ടറായി കോഹിമയില്‍. പിന്നീട് വിവിധ തസ്തികകളില്‍. ഒടുവില്‍ 2017 നവംബര്‍ 24 മുതല്‍ നാഗാലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയിലെ കിഫ്‌റെ ജില്ലയുടെ ജില്ലാ കളക്ടര്‍. അഞ്ചു ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന, ഇന്ത്യയിലെ ഏറ്റവും പിന്നോക്കജില്ലകളായി പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിലൊന്നാണിത്.

Advertisment