Advertisment

മിനിമം താങ്ങുവില തുടരുമെന്ന് കേന്ദ്ര കൃഷിമന്ത്രി; ഇതില്‍ സംശയമുന്നയിക്കുന്നത് അടിസ്ഥാനരഹിതം; ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും നരേന്ദ്ര സിംഗ് തോമര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മിനിമം താങ്ങുവില (എംഎസ്പി) തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതായി

കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എംഎസ്പിക്ക് ഒരു ഭീഷണിയുമില്ലെന്നും ഇതില്‍ ആരെങ്കിലും സംശയമുന്നയിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.  ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും തോമര്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടു. . മറ്റന്നാൾ വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനോടുള്ള തീരുമാനം കർഷകർ അറിയിച്ചിട്ടില്ല.

വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്നാണ് കേന്ദ്രസർക്കാർ കർഷകരോട് ആവശ്യപ്പെട്ടത്. കർഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യർത്ഥന.

എട്ട് ഭേദഗതികൾ വരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിയമത്തിൽ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. ഭേദഗതി കൊണ്ട് തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടില്ലെന്നും അവർ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലാണെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്.

ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതേ തുടർന്ന് ചർച്ച അൽപസമയത്തേക്ക് നിർത്തിവെച്ചിരുന്നു. പിന്നീട് വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികളെന്ന നിലപാട് സർക്കാർ പറഞ്ഞത്.

Advertisment