Advertisment

മുഹമ്മദ് എസ്ഡിപിഐ തീവ്രവാദ രാഷ്ട്രീയത്തിന് ആകൃഷ്ടനായത് പിതാവ് വഴി; ഇബ്രാഹിം മൗലവി പോപ്പുലര്‍ ഫ്രണ്ടിനായി പ്രവര്‍ത്തിച്ചത് ഉസ്താദ് വേഷത്തിന്റെ മറവില്‍

New Update

Advertisment

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് എസ്ഡിപിഐയുടെ തീവ്രവാദ രാഷ്ട്രീയത്തിന് ആകൃഷ്ടനായത് പിതാവ് വഴി. പിതാവ് ഇബ്രാഹിം മൗലവിയുടെ തീവ്രനിലപാടുകളില്‍ ആകൃഷ്ടനായാണ് മുഹമ്മദ് പോപ്പുലര്‍ ഫ്രണ്ടിന്റെയും കാമ്ബസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകനായി മാറിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച മൗലവി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മഞ്ചേരിയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് പോയിരുന്നതായും പൊലീസ് കണ്ടെത്തി. മഞ്ചേരിയിലെ പള്ളിയില്‍ ഉസ്താദായി ജോലി ചെയ്യുന്നതിന്റെ മറവിലായിരുന്നു സംഘടനാ പ്രവര്‍ത്തനം.

പഴയ എന്‍.ഡി.എഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്ര ആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നു മുഹമ്മദിന്റെ കുടുംബം. ചെറുപ്പം മുതല്‍ ഇവരുടെ പരിശീലനങ്ങളിലും ക്ലാസുകളിലും മുഹമ്മദ് പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ അരൂക്കുറ്റിയിലെ 11ാം വാര്‍ഡ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇയാള്‍ സജീവമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നടുവത്ത് നഗര്‍ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പണം കണ്ടെത്താന്‍ പിതാവിന്റെ സഹോദരനൊപ്പം കാറ്ററിംഗ് ജോലിക്ക് പോകുമായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ സജീവമായ മുഹമ്മദിന്റെ ഫേസ്ബുക്ക് പേജിലും തീവ്രവര്‍ഗീയ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളുണ്ടായിരുന്നു.അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചേര്‍ത്തല പാണാവള്ളി മഠത്തില്‍പ്പറമ്ബില്‍ ഷിറാസ് സലീമിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് മുഹമ്മദ്. ഷിറാസിന്റെ കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് മുഹമ്മദ് എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ സൂക്ഷിക്കാന്‍ ഏല്പിച്ചത്. ഇതിനൊപ്പം മതസ്പര്‍ദ്ധയുളവാക്കുന്ന ലേഖനങ്ങളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ ചുണങ്ങംവേലി സ്വദേശിയും കാമ്ബസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗവുമായ ആദില്‍ ബിന്‍ സലീമിനൊപ്പമാണ് മുഹമ്മദ് ഗോവയിലേക്ക് കടന്നത്. ആദില്‍ കഴിഞ്ഞ ദിവസം പിടിയിലായി. ഇയാളുടെ ഒളിവില്‍ കഴിയുന്ന സഹോദരന്‍ ആരിഫും കേസില്‍ പ്രതിയാണ്, സംഭവത്തിനു ശേഷം മുഹമ്മദും ആദിലും ഒരുമിച്ച്‌ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലെത്തി. ഇവിടെ നിന്ന് ട്രെയിനില്‍ ഗോവയിലേക്ക് പോയി. മുഹമ്മദ് പള്ളിയില്‍ അഭയം തേടിയെങ്കിലും ആദില്‍ ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. മുഹമ്മദിന്റെ മാതാപിതാക്കള്‍ ഇപ്പോഴും ഒളിവിലാണ്

Advertisment