Advertisment

മുല്ലപ്പെരിയാര്‍; തമിഴ്‌നാട് സഹകരിക്കുമെന്ന് പിണറായി

New Update

Advertisment

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി വെള്ളം ഒഴുക്കിവിടാന്‍ തമിഴ്‌നാട് സമ്മതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ നടന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ നിലവിലെ അവസ്ഥ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ എല്ലാവിധ നടപടികളും സ്വീകരിച്ച് വരികയാണെന്ന് യോഗം വിലയിരുത്തി.

'പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സേനയടക്കമുള്ള സഹായങ്ങള്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തിലും അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇക്കാര്യത്തില്‍ എല്ലാ ജനങ്ങളും സഹകരിക്കണം.'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുടിവെള്ളപ്രശ്‌നം നേരിടുന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ടാങ്കറുകളില്‍ എല്ലാ സ്ഥലങ്ങളിലും വെള്ളം എത്തിക്കാനാണ് തീരുമാനം. ഒറ്റപ്പെട്ടുകിടക്കുന്ന മേഖലകളില്‍ ഹെലികോപ്റ്ററില്‍ വെള്ളം എത്തിക്കാനുള്ള സാധ്യതയും തേടും.  ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി കല്യാണമണ്ഡപങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി വിമാനത്താവളം അടച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാനും യോഗത്തില്‍ തീരുമാനമുണ്ടായി. ചെറിയ വിമാനങ്ങള്‍ കൊച്ചിന്‍ നേവല്‍ ബേസിലെ റണ്‍വേയില്‍ ഇറക്കാനാണ് ആലോചിക്കുന്നത്. വലിയ വിമാനങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടും ഇറക്കും. ഇവിടെ നിന്ന് യാത്രക്കാരെ കൊച്ചിയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment