Advertisment

മാർക്സിസ്റ്റ് ശക്‌തിദുർഗമായ കണ്ണൂരിൽ നിന്നും പോരാട്ടം തുടങ്ങി ! 1978 ൽ ഇന്ദിരാഗാന്ധിക്കുവേണ്ടി പാർട്ടി കെട്ടിപ്പടുക്കാൻ കെ.കരുണാകരന്റെ വലം കൈ. പിന്നീട് ആന്റണിയുടെ വിശ്വസ്തന്‍ - മുല്ലപ്പള്ളി സഞ്ചരിച്ച വഴികള്‍ വേറിട്ടത് !!

New Update

കണ്ണൂര്‍  : പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ നിയുക്ത കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി വിദ്യാർത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നേതാവാണ്‌ . ആദർശമൂല്യങ്ങൾ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ മകനായി ജനിച്ച അദ്ദേഹത്തിൻറെ കുടുംബ പശ്ചാത്തലവും അതു തന്നെയായിരുന്നു.

Advertisment

1966-67 ൽ കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻറായ അദ്ദേഹം 1967-68 ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. 1970 ൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പദത്തിലെത്തിയ മുല്ലപ്പളളി കോൺഗ്രസ് സോഷ്യലിസ്ററ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചു. മലബാറിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകിയ മുല്ലപ്പള്ളി 1972 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.

publive-image

1977 മുതൽ 1982 വരെ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിനെ നയിച്ച മുല്ലപ്പളളി പ്രസ്ഥാനത്തിന് ഊർജ്വസ്വലമായ നേത്ര്വത്വമാണ് നൽകിയത് . യൂത്ത് കോൺഗ്രസിന്റെ സുവർണ കാലഘട്ടമായിരുന്നു അത് . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ മുല്ലപ്പള്ളിയുടെ നേത്ര്വതത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 58 ദിവസം നീണ്ടു നിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. 1978 ൽ അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്ക് വേണ്ടി പാർട്ടി കെട്ടിപ്പടുക്കാൻ കെ.കരുണാകരന്റെ വലം കൈയായി പ്രവർത്തിച്ചു. 1978 ൽ കോഴിക്കോട്ട് വച്ചു നടത്തപ്പെട്ട കോൺഗ്രസിന്റെ മലബാർ മേഖലാ സമ്മേളനം വൻ ജനാവലി കൊണ്ടു ശ്രദ്ധേയമായി. ഡോ. കെ.ജി അടിയോടി , മുല്ലപ്പളളി രാമചന്ദ്രൻ , എൻ. രാമകൃഷ്ണൻ എന്നിവരായിരുന്നു മുഖ്യ സംഘാടകർ.

മാർക്സിസ്റ്റ് ശക്‌തിദുർഗമായ കണ്ണൂരിൽ നിന്നും 1984 ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിൻ്റെ പാർലമെൻ്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു കോൺഗ്രസുകാരൻ കണ്ണൂരിൽ നിന്നും പാർലമെൻ്റിലെത്തുന്നതെന്ന പ്രത്യേകതയും ആ വിജയത്തിനുണ്ടായിരുന്നു.

അതേ വർഷം തന്നെയാണ് മുല്ലപ്പള്ളിയെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി ഇന്ദിരാഗാന്ധി നേരിട്ടു നിയമിക്കുന്നത്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുന്നതിന്റെ തൊട്ടു തലേന്നായിരുന്നു ഈ നിയമനം. 1988 ൽ രാജീവ് ഗാന്ധിയുടെ കീഴിൽ എ.ഐ.സി.സി സെക്രട്ടറിയായും അദ്ദേഹം നിയമിക്കപ്പെട്ടു.

publive-image

1980 ൽ യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സമ്മേളനം കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ മുല്ലപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്‌ ഉത്‌ഘാടനം ചെയ്തത് . മലബാറിന് ഒരു വിമാനത്താവളത്തിന്റെ ആവശ്യകത ഇന്ദിരാഗാന്ധിക്ക് മുൻപിൽ ശക്‌തമായി അവതരിപ്പിക്കാനും യൂത്ത് കോൺഗ്രസിനായി. ആ സമ്മേളനത്തിലെ ഉത്‌ഘാടന പ്രസംഗത്തിലാണ് എല്ലാവരെയും അഭുതപ്പെടുത്തി ഇന്ദിരാഗാന്ധി കോഴിക്കോട് വിമാനതാവളം പ്രഖ്യാപിക്കുന്നത് .

1980 ൽ മുല്ലപ്പള്ളി മുൻകൈയെടുത്ത് ഇന്ദിരാഗാന്ധിയെ തൻ്റെ ജന്മഗ്രാമത്തിൽ ചോമ്പാൽ മൈതാനത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിച്ചത് ചരിത്രത്തിന്റെ രസകരമായ ആവർത്തനമായി. 1950 കളിലാദ്യം ഇതേ മൈതാനിയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എത്തിയത് അദ്ദേഹത്തിൻ്റെ പിതാവ്‌ മുല്ലപ്പള്ളി ഗോപാലന്റെ ശ്രമഫലമായിട്ടായിരുന്നു.

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേററം ബാംഗ്ലൂരിലെ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലായിരുന്നു. മുല്ലപ്പള്ളി പ്രസിഡൻറായിരിക്കെ പ്രസ്തുത സമ്മേളനത്തിന്റെ വിജയത്തിന് ഒരു പ്രത്യേക തീവണ്ടിയിലാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ ബാംഗ്ലുരിലെത്തിച്ചത് . സമ്മേളനവിജയത്തിനു വേണ്ടിയുള്ള മുല്ലപ്പള്ളിയുടെ പരിശ്രമങ്ങളെ രാജീവ് ഗാന്ധി ശ്ലാഘിക്കുകയുണ്ടായി.

1984 ലെ കണ്ണൂരിലെ ലോക്സഭാ വിജയം 1989,1991,1996,1998 പാർലമെൻറ് തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ച മുല്ലപ്പള്ളി മററാർക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടത്തിനുടമയായി. കണ്ണൂർ എം.പിയായിരിക്കെ മാർക്സിസ്റ്റ് പാർട്ടി സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെ 13 ദിവസത്തെ നിരാഹാരസമരമാണ് അദ്ദേഹം നടത്തിയത് . 1991 ൽ പി.വി നരസിംഹ റാവു മന്ത്രിസഭയിൽ കാർഷിക സഹകരണ വകുപ്പ് സഹമന്ത്രിയായിരുന്ന മുല്ലപ്പളളി ശ്രദ്ധേയപ്രവർത്തനമാണ് കാഴ്ചവച്ചത് .

publive-image

ആകാശവാണിയുടെ കണ്ണൂർ നിലയം , ചോമ്പാല മാപ്പിള ബേ ഫിഷറി ഹാർബർ , കേരളത്തിൽ എല്ലാ ജില്ലകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ , കണ്ണൂർ ജില്ലയിൽ 4 കേന്ദ്രിയ വിദ്യാലയങ്ങൾ , കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് മുല്ലപ്പളളി നൽകിയത് . വാർത്താവിനിമയരംഗത്തും അത്‌ഭുതകരമായ മാറ്റങ്ങളാണ് കണ്ണൂരിലുണ്ടായത് .

മാർക്സിസ്റ്റ് പാർട്ടിക്ക് ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭുരിപക്ഷമുണ്ടായിരുന്ന വടകരയിൽ നിന്നും 2009 ൽ അൻപതിനായിരത്തിലേറെ വോട്ടിന് അട്ടിമറി വിജയം നേടി ലോക്സഭയിലെത്തിയ മുല്ലപ്പള്ളി ഡോ. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് സഹമന്ത്രിയായി. തുടർച്ചയായി 5 വർഷം ആ സുപ്രധാന പദവിയിലിരുന്ന മുല്ലപ്പള്ളി കേരളത്തിനു നൽകിയ നേട്ടങ്ങൾ എണ്ണിപ്പറയേണ്ടതാണ് .

നാദാപുരത്തും തൃശൂരും ബി.എസ്.എഫിന്റെയും പേരാമ്പ്രയിൽ സി.ആർ.പി.എഫിന്റെയും കേന്ദ്രങ്ങൾ സൈക്ളോൺ ഷെൽറ്ററുകൾ , ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്സിററിയുടെ മലബാർ റീജിയണൽ സെൻറർ , പാസ്പോർട്ട് ഓഫീസ് , തലശ്ശേരിയിൽ കേന്ദ്രീയ വിദ്യാലയം എന്നിങ്ങനെ കേരളത്തിനും മണ്ഡലത്തിനു പ്രത്യേകിച്ചും ലഭിച്ച നേട്ടങ്ങൾ നിരവധിയാണ് .

ആഭ്യന്തരസഹമന്ത്രിയായിരിക്കെ പാകിസ്ഥാൻ പൗരത്വത്തിൻ്റെ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യക്കാർക്ക് പൗരത്വം അനുവദിക്കാൻ അനുകൂല നടപടിയെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ ശുഷ്കാന്തിയോടെയുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെത് . ഉത്തരാഖണ്ഡ് പ്രളയകാലത്തു എടുത്ത നടപടികൾ ഉദാഹരണം. വികസനത്തിന്റെ ഒരു പുതുയുഗം തന്നെയായിരുന്നു ഇക്കാലയളവ് .

publive-image

2014 ൽ വടകരയിൽ വിജയം ആവർത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂർവ നേട്ടത്തിലെത്തി. ലോക്സഭയിൽ കോൺഗ്രസിന്റെ ഏററവും മുതിർന്ന എം.പി മാരിലൊരാളായി തിളക്കമാർന്ന പാർലമെൻ്ററി പ്രവർത്തനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത് . ലോക്സഭയിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തുന്ന അദ്ദേഹം കഴിഞ്ഞ നാലു വർഷത്തിൽ 150 ൽ പരം സംവാദങ്ങളിൽ പങ്കെടുക്കുകയും 574 ചോദ്യങ്ങൾ ഉന്നയിക്കുകയും 12 സ്വകാര്യബില്ലുകൾ അവതരിപ്പിക്കുകയുമുണ്ടായി.

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അതോറിററിയുടെ ചെയർമാനെന്ന ഭാരിച്ച ഉത്തരവാദിത്വം പാർട്ടി ഏല്പിച്ചതും മുല്ലപ്പള്ളിയെ തന്നെയായിരുന്നു. ഏററവും വലിയ ജനാധിപത്യ രാജ്യത്തെ ഏററവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു പരാതിക്കും ഇട നൽകാതെ പൂർത്തിയാക്കിയ മുല്ലപ്പള്ളി ദേശീയതലത്തിൽ ശ്രദ്ധേയനായി. 133 വർഷത്തെ കോൺഗ്രസ് ചരിത്രത്തിൽ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു.

റെയിൽവേ രംഗത്ത് സമഗ്രവികസനത്തിന് വലിയ സംഭാവന നൽകാനും എം.പിയെന്ന നിലയിൽ മുല്ലപ്പള്ളിക്കായി. വടകര പാർലമെന്റ് മണ്ഡലത്തിലെ 12 റയിൽവേ സ്റ്റേഷനുകൾക്കും വികസനത്തിൽ വൻ കുതിപ്പാണുണ്ടായത് . വടകര സ്റ്റേഷനിൽ ലിഫ്റ്റും എസ്കലേറററും സ്ഥാപിച്ചതും മുക്കാളി നാദാപുരം റോഡ് സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം നവീകരണ പ്രവർത്തനങ്ങളും ഉദാഹരണങ്ങൾ. തലശ്ശേരി സ്റ്റേഷനിൽ എസ്കലേററർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

publive-image

ജനശതാബ്‌ദിയടക്കമുള്ള ട്രെയിനുകൾക്ക് തലശ്ശേരിയിലും വടകരയിലും സ്റ്റോപ്പ് അനുവദിച്ചതും എടുത്തു പറയേണ്ടതാണ് . തലശ്ശേരി മൈസൂർ റെയില്പാതയ്‌ക്കു വേണ്ടി 1984 മുതലുള്ള ആവശ്യം ദേശീയശ്രദ്ധയിൽ കൊണ്ടു വരാനും മുല്ലപ്പള്ളിക്കായി. ലോക്സഭയ്ക്കകത്തും പുറത്തും ശക്‌തമായ ഇടപെടലുകളാണ് ഇതിനായി നടത്തിയത് .

പൊതുരംഗത്ത്‌ സജീവ ഇടപെടലുകളാണ് അദ്ദേഹത്തിന്റേത് . പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിലപാടുകൾ ശ്രദ്ധേയമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ സൈലന്റ് വാലി പ്രശ്‍നം ഇന്ദിരാഗാന്ധിക്ക് മുൻപിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ മുല്ലപ്പള്ളി മുൻപന്തിയിലുണ്ടായിരുന്നു. പാത്രക്കടവ് പദ്ധതിയുടെ കാര്യത്തിലും ശക്‌തമായ നിലപാടാണ്‌ സ്വീകരിച്ചത് .

വനാന്തരങ്ങളിലൂടെ സഞ്ചരിച്ചു പാത്രക്കടവ് സന്ദർശിച്ച കോൺഗ്രസ്സ് പ്രതിനിധിസംഘത്തിൻ്റെ തലവനായിരുന്നു അദ്ദേഹം. അടുത്തിടെ വടകര പേരാമ്പ്രയിലെ ഇരുമ്പയിര് ഖനനത്തിനെതിരെ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി.

2005 ൽ ഉപ്പുസത്യാഗ്രഹത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടുനിന്നും പയ്യന്നൂരെക്ക്‌ കെ.പി.സി.സി നടത്തിയ പുനരാവിഷ്കരണയാത്രയുടെ നായകനായതും മുല്ലപ്പളളി തന്നെയായിരുന്നു. കെ. കേളപ്പന്റെ നേത്ര്വത്വത്തിൽ നടന്ന അതേ വഴിയിലൂടെ നടത്തിയ ഈ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.

publive-image

ഗുജറാത്തിൽ നടന്ന ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ എഴുപത്തിയഞ്ചാം പുനരാവിഷ്കരണത്തിൽ ഒരു ദിവസത്തെ യാത്രയിൽ എ.കെ ആന്റണിയോടൊപ്പം കേരളത്തെ പ്രതിനിധീകരിച്ചു മുല്ലപ്പള്ളിയുമുണ്ടായിരുന്നു

ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം അടുത്തു പ്രവർത്തിക്കാൻ അവസരം ലഭിച്ച അപൂർവ്വം നേതാക്കളിലൊരാണ് മുല്ലപ്പള്ളി.

1984 ലെയും 1989 ലെയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂരിലെത്തിയ രാജീവ് ഗാന്ധി പറഞ്ഞത് മുല്ലപ്പള്ളിയെ ഡൽഹിയിൽ എനിക്കാവശ്യമുണ്ട് എന്നായിരുന്നു. അത്രയേറെ ഇഴയടുപ്പമുള്ള ബന്ധമായിരുന്നു രാജീവ് ഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്നത് . ഇതേ ബന്ധം തന്നെയാണ് ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്നതും സോണിയയും രാഹുലുമായി ഇന്നുള്ളതും. 2017 ൽ ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്‌ദിയോടനുബന്ധിച്ചു താൽക്കത്തോറ സ്‌റ്റേഡിയത്തിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അസുലഭ അവസരവും മുല്ലപ്പള്ളിക്ക് ലഭിച്ചു.

publive-image

അന്താരാഷ്ട്ര യുവജനോത്സവത്തിൽ ഇന്ത്യൻ സംഘത്തിൽ അംഗമായി ക്യൂബയും സോവിയറ്റ് യൂണിയനും സന്ദർശിക്കുകയുണ്ടായി. കേന്ദ്ര കൃഷി സഹമന്ത്രിയെന്ന നിലയിൽ ഉഭയകക്ഷി കരാറിലൊപ്പു വയ്ക്കുന്നതിന് ഇന്തോനേഷ്യ സന്ദർശിച്ചു. ഈ വേളയിൽ തന്നെയാണ് സിംഗപ്പൂരും സന്ദർശിച്ചത് . ആഭ്യന്തരമന്ത്രിയായിരിക്കെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തലവനായതും അദ്ദേഹമായിരുന്നു.

ദക്ഷിണകൊറിയയിലേക്കുള്ള ഇന്ത്യൻ ഉഭയകക്ഷി സംഘത്തെ നയിച്ചതും മുല്ലപ്പള്ളിയായിരുന്നു. ഇതോടൊപ്പം ഹോങ്കോങ്ങും സന്ദർശിച്ചു. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കുമായി ആഭ്യന്തരസുരക്ഷ സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ഒപ്പു വയ്ക്കുകയുണ്ടായി. ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രതിനിധിയായി ദക്ഷിണാഫ്രിക്കയും സന്ദർശിച്ചു.

 

kpcc mullappally
Advertisment