Advertisment

ഇടതുമോഡല്‍ ആരോഗ്യ രംഗം ഇന്ത്യയ്ക്ക് അപമാനം: മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ കേരള മോഡല്‍ ഇന്ത്യക്ക്‌ അപമാനമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

മലപ്പുറത്ത് ഗര്‍ഭിണിക്ക്‌ 14 മണിക്കൂര്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന്‌ ഇരട്ടക്കുട്ടികള്‍ മരിച്ചതും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ്‌ പോസിറ്റീവായ വ്യക്തിയെ ചികിത്സ കഴിഞ്ഞ്‌ പുഴുവരിച്ച നിലയില്‍ മടക്കി വീട്ടിലെത്തിച്ചതും ആരോഗ്യമേഖലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ തുറന്ന്‌ കാട്ടിയ സംഭവങ്ങളാണ്‌.

ഈ രണ്ടു വിഷയത്തിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.മഹാമാരിക്ക്‌ ശേഷം സംസ്ഥാനത്തെ കോവിഡ്‌ ഇതരരോഗികളുടെ അവസ്ഥ ഇതിന്‌ സമാനമാണ്‌.

ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന്‌ കോവിഡ്‌ രോഗി മരിച്ചിരുന്നു.

ഈ സംഭവത്തില്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല.ഇതിന്‌ പുറമെയാണ്‌ ആരോഗ്യമേഖയില്‍ നടക്കുന്ന കോടികളുടെ ക്രമക്കേടുകളെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക്‌ കോടികള്‍ നല്‍കി പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ മാത്രമാണ്‌ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനം ആയിരുന്ന കേരളം ഇന്ന്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്‌.

മരണനിരക്കും ക്രമാതീതമായി ഉയരുന്നു. ഗുരുതര സാഹചര്യമാണ്‌ കേരളത്തിലേത്‌. പ്രതിദിന രോഗികളുടെ എണ്ണം 7000 കടക്കുമ്പോള്‍ അതിനാവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലെന്നത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. സംസ്ഥാനത്ത്‌ നിലവില്‍ കോവിഡ്‌ പോസിറ്റീവായവരുടെ എണ്ണം 56709 ആണ്‌. ഇത്‌ സെപ്‌റ്റംബര്‍ 27 വരെയുള്ള കണക്കാണ്‌.

വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന്‌ ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു. ക്രമീകരിച്ചിരിക്കുന്ന 50271 കിടക്കകളില്‍ ഒഴിവുള്ളത്‌ 22677 എണ്ണം മാത്രമാണ്‌. ഐസിയുവില്‍ 6303 കിടക്കകളാണുള്ളത്‌. വെന്റിലേറ്ററുകള്‍ 2111 എണ്ണം ഉണ്ടെങ്കിലും ഒഴിവുള്ളത്‌ 2051 എണ്ണം മാത്രാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോവിഡ്‌ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്‌. രോഗപ്രതിരോധം പൂര്‍ണ്ണമായി താളം തെറ്റി.കോവിഡ്‌ ടെസ്‌റ്റുകളുടെ എണ്ണം കൂടതല്‍ വര്‍ധിപ്പിച്ച്‌ രോഗികളെ കണ്ടെത്തിയിരുന്നെങ്കില്‍ രോഗവ്യാപനം ഒരു പരിധിവരെ തടയാമായിരുന്നു.

സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോള്‍ ജനങ്ങളെ കൂടുതല്‍ ഭയാശങ്കയിലേക്ക്‌ തള്ളിവിടുന്ന പ്രസ്‌താവനകളാണ്‌ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തുന്നത്‌. കോവിഡ്‌ അവലോകന സമിതിയുടെ യോഗം വല്ലപ്പോഴും മാത്രം ചേരുന്ന സ്ഥിതിയാണുള്ളത്‌.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇപ്പോള്‍ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. സ്വര്‍ണ്ണക്കടത്ത്‌, അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത തുടങ്ങിയവയിലാണ്‌ ഇവരുടെ ശ്രദ്ധ.

സിബിഐ, എന്‍ഐഎ, കസ്റ്റംസ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ചുറ്റിപ്പറ്റി അന്വേഷണം നടത്തുകയാണ്‌. ലൈഫ്‌ മിഷന്‍ ഭവന നിര്‍മ്മാണ അഴിമതി കേസില്‍ മുഖ്യമന്ത്രി സിബിഐയുടെ അന്വേഷണ പരിധിയിലാണ്‌. എല്ലാ ക്രമക്കേടുകളുടേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

mullappally ramachandran
Advertisment