Advertisment

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു;133 അടിയായി, താഴ്‌വാരത്തെ ജനങ്ങളുടെ സംരക്ഷണം കേരളത്തിന്റെ ഉത്തരവാദിത്വം ; പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം തള്ളി; കേരളത്തിന്റെ നെഞ്ചില്‍ വീണ്ടും തീകോരിയിടാന്‍ അതിവേഗം നിറഞ്ഞ് അണക്കെട്ട്

New Update

Image result for mullaperiyar dam

Advertisment

ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌വരയില്‍ താമസിക്കുന്ന ജനത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനായി പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.

ഡാമിലെ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്ക് എത്തിയതിന് ശേഷം മാത്രം സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്ന് തമിഴ്‌നാട് വ്യക്തമാക്കി. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇതിനു ശേഷം ഉപസമിതി യോഗത്തിലാണ് തമിഴ്‌നാട് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.

ജലനിരപ്പ് 142 അടിയിലെത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്‌വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്‌നാട് വ്യക്തമാക്കി.

ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ ഒഴുക്കി കൊണ്ടുപോകുന്നത്. 112 അടിയായിരുന്ന ജലനിരപ്പ് രണ്ടു മാസത്തിനുള്ളിലാണു 133 അടിയിലേക്ക് ഉയര്‍ന്നത്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുമെന്നും അശങ്കയുണ്ട്.

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്നാടിന്റേത്. എന്നാല്‍ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

Advertisment