Advertisment

മുംബൈ തീപിടിത്തം: മരണസംഖ്യ ഉയരാന്‍ കാരണം സ്ത്രീകള്‍ ശുചിമുറിയില്‍ അഭയം തേടിയതിനാല്‍

New Update

മുംബൈ: 14 പേര്‍ മരിച്ച മുംബൈ തീപിടത്തത്തില്‍ മരണസംഖ്യ ഉയര്‍ത്തിയത് സ്ത്രീകള്‍ ശുചിമുറിയില്‍ അഭയം തേടിയതിനാലാണെന്ന് ദൃക്‌സാക്ഷികള്‍. മരിച്ചവരില്‍ 12 പേരും സ്ത്രീകളാണ്. മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലെ നാലുനില കെട്ടിടത്തില്‍ പുലര്‍ച്ചെ 12.30ഓടെയാണ് തീപിടിക്കുന്നത്. ടെറസ്സില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലാണ് തീപിടിച്ചത്. എളുപ്പം തീപിടിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂര തീപടരുന്നതിനിടയാക്കി. നിരവധി പബ്ബുകളും ഹോട്ടലുകളും ടിവി ചാനലുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisment

publive-image

‘തീ പടര്‍ന്നപ്പോഴുണ്ടായ ബഹളത്തില്‍ പല സ്ത്രീകളും രക്ഷ നേടിയത് പുരുഷന്‍മാരുടെ ശുചിമുറിയിലായിരുന്നു. വായുസഞ്ചാരമില്ലാത്ത ശുചിമുറിയില്‍ അകപ്പെട്ടവരെല്ലാം ശ്വാസം മുട്ടി മരിക്കുകയും ചെയ്തു’, ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.

ബഹളത്തിനിടയില്‍ ചില സ്ത്രീകളെ ആരൊക്കെയോ തീയില്‍ നിന്ന് രക്ഷിക്കാന്‍ ശുചിമുറിയില്‍ പ്രവേശിപ്പിച്ചുവെന്നും ഒപ്പമുണ്ടായവരില്‍ ചിലര്‍ പറയുന്നു. ഇതും സ്ത്രീകളുടെ മരണസംഖ്യ ഉയര്‍ത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിറന്നാള്‍ ആഘോഷിക്കാനെത്തിയ 28കാരിയും സുഹൃത്തുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. തീപിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

fire
Advertisment