Advertisment

കൊല്‍ക്കത്തയെ 102 റണ്‍സിന് തകര്‍ത്ത് മുംബൈ; മുംബൈക്ക് തുടര്‍ച്ചയായ മൂന്നാം ജയം

New Update

publive-image

Advertisment

 

ഐപിഎല്ലില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 102 റണ്‍സിനാണ് രോഹിത് ശര്‍മയും കൂട്ടരും തകര്‍ത്തത്. 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 108 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍ മുംബൈ 2106, കൊല്‍ക്കത്ത 108. ജയത്തോടെ മുംബൈ 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

ജയിക്കണമെങ്കില്‍ വലിയ തുടക്കം തന്നെ വേണമെന്ന തിരിച്ചറിവില്‍ രണ്ടാം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. രണ്ടാം പന്തില്‍ സുനില്‍ നരെയ്ന്‍ (4) പുറത്ത്. 21 റണ്‍സെടുത്ത ക്രിസ് ലിന്‍ റണ്ണൗട്ടായതോടെ ആതിഥേയരുടെ തകര്‍ച്ചയും തുടങ്ങി. റോബിന്‍ ഉത്തപ്പ (14), നിതീഷ് റാണ (21), ദിനേഷ് കാര്‍ത്തിക് (5), ആന്ദ്രെ റസല്‍ (2) എന്നിവര്‍ പൊരുതാന്‍ നില്ക്കാതെ മടങ്ങിയതോടെ കൊല്‍ക്കത്ത വീണു. മുംബൈയ്ക്കായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തോല്‍വിയോടെ ഇനിയുള്ള കളികളെല്ലാം ജയിച്ചാലേ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് ഉറപ്പാക്കാനാകൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ അടിച്ചെടുത്തത് 210 റണ്‍സ്. 21 പന്തില്‍ 62 റണ്‍സെടുത്ത കിഷനാണ് മുംബൈയുടെ ഹീറോ. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ ആറു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും പകര്‍ത്തി. വേഗമേറിയ അര്‍ധസെഞ്ചുറിയില്‍ ഒരു മുംബൈ താരത്തിന്റെ മികച്ച പ്രകടനത്തിന് ഒപ്പമെത്താനും യുവതാരത്തിനായി. തുടക്കത്തില്‍ ശ്രദ്ധിച്ചു കളിച്ച കിഷന്‍ സംഹാരരൂപം പൂണ്ടത് കുല്‍ദീപ് യാദവ് എറിഞ്ഞ പതിനാലാം ഓവറിലാണ്. മൂന്നാം പന്തുമുതല്‍ തുടര്‍ച്ചയായി നാലു സിക്‌സറുകളാണ് ഈ ഓവറില്‍ പിറന്നത്. 25 റണ്‍സെടുത്ത ഈ ഓവര്‍ മുംബൈയുടെ മുന്നേറ്റത്തിലും വലിയ സ്വാധീനം ചെലുത്തി. ഓപ്പണിംഗ് വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും (36), എവിന്‍ ലൂയിസും (18) മുംബൈയ്ക്ക് മികച്ച തുടക്കം നല്കി.

ഇരുവരും 5.4 ഓവറില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിയുന്നത്. തൊട്ടുപിന്നാലെയെത്തിയ രോഹിത് ശര്‍മ തുടക്കത്തില്‍ ആക്രമിച്ചു കളിക്കാന്‍ ബുദ്ധിമുട്ടിയതോടെ കിഷാന്‍ ബാറ്റിംഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സുനില്‍ നരെയ്‌നാണ് കിഷനെ വീഴ്ത്തിയത്. അവസാന ഓവറുകളില്‍ രോഹിത് ശര്‍മ പക്വതയോടെ ബാറ്റ് വീശിയതോടെ മുംബൈ മികച്ച സ്‌കോറിലെത്തി. 31 പന്തില്‍ 36 റണ്‍സെടുത്ത രോഹിതിനെ പ്രതീഷ് കൃഷ്ണയാണ് പുറത്താക്കിയത്.

Advertisment