Advertisment

ഞാൻ മുൻപേ പറഞ്ഞിട്ടുള്ള കാര്യമാണ്; ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം; ഇക്കാര്യം ഞാൻ എത്ര പ്രാവശ്യം കേരളത്തിൽ പറഞ്ഞു എന്നറിയില്ല, പക്ഷെ കിം ഫലം? മുരളി തുമ്മാരുകുടി എഴുതുന്നു

New Update

ഇന്നലെ രാത്രി 7.30ഓടെ കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തില്‍ 18 പേരാണ് മരിച്ചത്. അപകടം ഉണ്ടായ ആദ്യ ഘട്ടത്തില്‍ പൈലറ്റിന്റെ മരണവിവരമാണ് പുറത്തുവന്നത്. പിന്നാലെ 18 പേരുടെ മരണവും പുറംലോകമറിഞ്ഞു. ദുരന്തത്തില്‍ മരണപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ആദ്യം തന്നെ മാധ്യമങ്ങളില്‍ വെളിപ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മുരളി തുമ്മാരുകുടി.

Advertisment

അദ്ദേഹത്തിന്റെ കുറിപ്പിലേക്ക്...

publive-image

വിമാനാപകടത്തിൽ മരിച്ചവരുടെ പേരുകൾ...

ഇന്നലെ, ആഗസ്ത് ഏഴാം തിയതി വൈകീട്ട് എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടവാർത്ത വരുന്നത്. ഒന്പത് മണിയോടെ പൈലറ്റ് മരിച്ചു എന്ന വാർത്ത വന്നു.

പത്തുമണിയോടെ പൈലറ്റിന്റെ പേര് മാധ്യമങ്ങളിൽ എത്തി.പതിനൊന്നു മണിയോടെ കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചു. കൂടുതൽ പേരുകൾ പിന്നാലെയെത്തി. ഞാൻ മുൻപേ പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരു ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം എന്നതാണ് അന്താരാഷ്ട്രമായി നല്ല നയമായി കണക്കാക്കപ്പെടുന്നത്.

മരിച്ച ആൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ മരണവാർത്ത മാധ്യമങ്ങളിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലതെ അറിയുന്പോൾ ഉണ്ടാകുന്ന ഞെട്ടൽ ഒഴിവാക്കാനും മരണം അറിഞ്ഞു കഴിഞ്ഞാൽ ആ വിവരത്തിൻറെ ആഘാതം കൈകാര്യം ചെയ്യാൻ കുറച്ചു സ്വകാര്യത നൽകാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ചിലപ്പോൾ അപകടം കഴിഞ്ഞതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് മരിച്ചവരുടെ പേരുകൾ പുറത്തു വരുന്നത്, ചിലപ്പോൾ വന്നില്ല എന്നുമിരിക്കും.

ഇക്കാര്യം ഞാൻ എത്ര പ്രാവശ്യം കേരളത്തിൽ പറഞ്ഞു എന്നറിയില്ല. പക്ഷെ കിം ഫലം?

റോഡപകടങ്ങൾ കുറക്കാൻ ഒരിക്കൽ ഒരു മലേഷ്യൻ കന്പനി ചെയ്ത പണിയുണ്ട്. കന്പനിയുടെ വാഹനങ്ങൾ അതിവേഗതയിൽ ഓടിക്കുന്നവർക്ക് ആദ്യ പ്രാവശ്യം വാണിങ്ങ് നൽകും, എന്നിട്ടും പഠിച്ചില്ലെങ്കിൽ ഡ്രൈവർ ഒരപകടത്തിൽ പെട്ടു എന്ന് വീട്ടിലേക്ക് വിളിച്ചു പറയും.

അല്പം കടന്ന കൈയ്യാണ്. വീട്ടിലുള്ളവർ വല്ലാതെ വിഷമിക്കും, അലമുറയിട്ട് കരയും. വൈകിട്ട് വീട്ടിൽ ചെല്ലുന്പോളാണ് ആൾ ഈ പുകിൽ അറിയുന്നത്. ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും വണ്ടി സ്ഥിരമായി അമിതവേഗത്തിൽ ഓടിക്കുന്ന ആളാണ് താൻ അതുകൊണ്ട് കന്പനി നൽകിയ ശിക്ഷയാണ് ഇതെന്ന് പറയേണ്ടി വരും.

മിക്കവാറും ആളുകൾ അതോടെ ഡീസന്റ് ആകും. അല്പം വിവാദമായ പരിപാടിയാണെങ്കിലും ഫലപ്രദമാണ്. മരിച്ചവരുടെ പേരുകൾ ഉടനടി പ്രസിദ്ധീകരിക്കുന്ന മാധ്യമക്കാരുടെ പേരുകൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ടി വി യിൽ കൂടി ഒന്ന് സ്ക്രോൾ ചെയ്താൽ മതി. എന്താണ് അത് വീട്ടുകാരോടും കൂട്ടുകാരോടും ചെയ്യുന്നതെന്ന് പെട്ടെന്ന് പിടികിട്ടും. ചിലപ്പോൾ നന്നാവാനും മതി.

ഇതിലും നീചന്മാരാണ് മരിച്ചവരുടെ ഫോട്ടോയോ വീഡിയോയോ വാട്ട്സ്ആപ്പ് ചെയ്യുന്നവർ. ഭാഗ്യത്തിന് ഒന്നും ഇത് വരെ വന്നില്ല. ഇത്തവണ അങ്ങനെ ഒന്ന് എനിക്ക് കിട്ടിയാൽ അവരെ അപ്പഴേ ഞാൻ ബ്ലോക്കും.

ഇനി വരാനുള്ളത് വിമാന എക്സ്പെർട്ടുകളും, വിമാന നിരീക്ഷകരും, പൈലറ്റ് ആണോ എയർ ട്രാഫിക് കൺട്രോൾ ആണോ ഉത്തരവാദി എന്ന തരത്തിലുള്ള ചർച്ചകളും ആണ്.

എന്താടോ നന്നാവാത്തെ?

വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ!. പരിക്ക് പറ്റിയവർ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. അപകട സ്ഥലത്ത് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്ത നാട്ടുകാർ, ആശുപത്രിയിൽ ഓടിയെത്തി രക്തം ദാനം ചെയ്തവർ, ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ചു സംരക്ഷിച്ചവർ എല്ലാം നമ്മുടെ സമൂഹത്തിന്റെ നല്ല മാതൃകകളാണ്.

കൊറോണ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും ആളുകൾ പിൻവാങ്ങിയില്ല. അപകടത്തിൽ പ്രൊഫഷണലായ അന്വേഷണങ്ങൾ നടക്കുമെന്നും പാഠങ്ങൾ പഠിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

വിമാനാപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ടേക് ഓഫ് ചെയ്യുന്പോഴും ലാൻഡ് ചെയ്യുന്പോഴും ആണ്. ഏതൊരു വിമാനത്താവളത്തിലും ഇതുണ്ടാകാം. വിമാനത്താവളത്തിനുള്ളിലുള്ള അധികാരികൾ ഇത്തരം അപകടങ്ങൾക്ക് പൊതുവെ തയ്യാറായിരിക്കണമെന്ന് നിബന്ധനകളുണ്ട്.

വിമാനത്താവളത്തിനടുത്തുള്ള ആശുപത്രികളും പോലീസ് സ്റ്റേഷനുകളും ഫയർ സ്റ്റേഷനുകളും ഇത്തരം അപകട സാദ്ധ്യതകൾ അറിഞ്ഞിരിക്കണം. അവരെക്കൂടി കൂട്ടി വേണം രക്ഷാപ്രവർത്തനത്തിനുള്ള പദ്ധതികളുണ്ടാക്കാൻ.

നമ്മുടെ നാട്ടിലെ ഔദ്യോഗിക എമർജൻസി റെസ്പോൺസ് സൗകര്യങ്ങൾ പലപ്പോഴും ആവശ്യമുള്ളതിനേക്കാൾ താഴെയാണ്, സംഭവസ്ഥലത്ത് എത്തിപ്പെടാൻ വൈകുകയും ചെയ്യും. ആ സമയങ്ങളിൽ നല്ലവരായ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

രക്ഷാപ്രവർത്തനം പക്ഷെ അല്പം സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണ്, അപകടത്തിൽ പെട്ടവരെ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് മരണത്തിലേക്കും വലിയ പരിക്കിലേക്കും നയിക്കും. ഇത് വിമാനാപകടത്തിലും റോഡപകടത്തിലും ഒരുപോലെയാണ്. ഈ കാര്യം ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്, പിന്നീടൊരിക്കൽ വീണ്ടും എഴുതാം.

മുരളി തുമ്മാരുകുടി

murali thummarukudi plane crash
Advertisment