Advertisment

മുളന്തുരുത്തി മര്‍ച്ചന്‍റ് അസോസിയേഷന്‍റെ 'നാട്ടുപത്തായം' ഓണ്‍ലൈന്‍ വിപണിയിലേയ്ക്ക്.! ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും ഹബ്ബ് ആക്കി മുളന്തുരുത്തിയെ മാറ്റും.! കെ.സി.ജോഷി

New Update

മുളന്തുരുത്തി: കൊവിഡ് 19 മഹാമാരിയില്‍ പെട്ട് ജീവിതം മുന്നോട്ട് നയിയ്ക്കാന്‍ പാടുപെടുന്ന കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും വിവിധമേഖലകളിലെ സേവനദാതാക്കളെയും ഉപഭോക്താക്കളെയും ഒരുമിച്ച് ചേര്‍ത്ത്പിടിച്ച് മുളന്തുരുത്തി മര്‍ച്ചന്റ് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന മുളന്തുരുത്തി വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'നാട്ടുപത്തായം' ഓണ്‍ലൈന്‍ വിപണിയിലേയ്ക്ക്.

Advertisment

publive-image

ഇതിന്റെ ആദ്യ ഘട്ടത്തില്‍ കോലഞ്ചേരി മുതല്‍ തലയോലപ്പറമ്പ് വരെയും തൃപ്പൂണിത്തുറ പേട്ട മുതല്‍ പിറവം വരെയും ഉള്ള ചെറുകിട കച്ചവട സ്ഥാപനങ്ങളെയും കര്‍ഷകരെയും സംരംഭകരെയും ഉല്‍പാദകരെയും സേവനദാതാക്കളെയും ആണ്‌ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ആദ്യമായി കച്ചവടക്കാര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭ്യമാക്കിയ മുളന്തുരുത്തി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി.ജോഷിയാണ് 'നാട്ടുപത്തായം' ഓണ്‍ലൈന്‍ സംരംഭത്തിന്റെയും അണിയറ ശില്‍പി. 'നാട്ടുപത്തായം' എന്ന പേരില്‍ പലവ്യഞ്ജന സാധനങ്ങളുടെ മൊത്തവിതരണം സൊസൈറ്റി വഴി ഏറ്റെടുത്ത് നൂറുകണക്കിന് ചെറുകിട കച്ചവടക്കാരെയും സ്വയംതൊഴില്‍ സംരംഭകരെയും ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്ക് സാധിച്ചു. ഈ അനുഭവം നല്‍കിയ ആത്മവിശ്വാസമാണ് കൊവിഡ് 19 പ്രതിസന്ധിയെ അതിജീവിയ്ക്കാന്‍ ഓണ്‍ലൈന്‍ വിപണിയിലേയ്ക്ക് ഇറങ്ങാന്‍ അസോസിയേഷന് പ്രചോദനം ആയത്.

കര്‍ഷകരുടെ എല്ലാ വിളകളും 'നാട്ടുപത്തായം' ആപ്പിലൂടെ വില്‍ക്കുവാനും വാങ്ങുവാനും സാധിയ്ക്കും. ഉപഭോക്തൃസൗഹൃദമായ വിലയായതിനാല്‍ ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിയ്ക്കാനും ഉല്‍പന്നത്തിന്റെ ഗുണനിലവാരവും മേന്‍മയും കൂട്ടാനും നിലനിര്‍ത്താനും മത്സരമുണ്ടാവുകയും ചെയ്യും.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും nattupathayam മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓര്‍ഡര്‍ നല്‍കി സാധനങ്ങള്‍ വീട്ടിലേയ്ക്ക് വരുത്താം.വീടുകളിലുണ്ടാക്കുന്ന അച്ചാറുകളും പലഹാരങ്ങളും കറികളും മാത്രമല്ല ഇലക്ട്രീഷ്യന്‍,പ്ലംബര്‍,കാര്‍പന്റര്‍,മേസ്തിരി,മൈക്കാട്,ടാക്സി,ഓട്ടോ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിയ്ക്കും.

മുളന്തുരുത്തിയിലെ ലോട്ടസ് കണ്ണാശുപത്രിയുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് നാട്ടുപത്തായം ആപ്പിലൂടെ ആശുപത്രിയുടെ സേവനത്തിനായി ബന്ധപ്പെട്ടാല്‍ കണ്‍സള്‍ട്ടിംഗ് ഫീസില്‍ 75 ശതമാനവും ഓപ്പറേഷന്‍ ചാര്‍ജ്ജില്‍ 10 ശതമാനവും ഡിസ്‌ക്കൗണ്ട് ലഭിയ്ക്കും.

വെല്‍കെയര്‍ ഹോസ്പിറ്റലിന്റെ മുളന്തുരുത്തി അനക്സില്‍ നിന്നും 24 മണിയ്ക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെ ഡോക്ടറിന്റെയും നഴ്സിന്റെയും സേവനം ഈ ആപ്പ് വഴി തേടാം. വീടുകളിലെ രോഗികളുടെ സ്വാന്തനപരിചരണത്തിനായി ഹോംകെയര്‍ സേവനവും വെല്‍കെയര്‍ നല്‍കുന്നുണ്ട്.

ഐ ദന്തിസ്റ്റ് എന്ന മുളന്തുരുത്തിയിലെ ദന്താശുപത്രിയുടെ സേവനവും ഈ ആപ്പിലൂടെ ലഭിയ്ക്കും.ഒട്ടേറെ പ്രസ്ഥാനങ്ങളും സംരംഭകരും നാട്ടുപത്തായവുമായി സഹകരിയ്ക്കാന്‍ മുന്നോട്ട് വന്ന്കൊണ്ടിരിയ്ക്കുകയാണ്.ഈ ആപ്പിന്റെ ഉദ്ഘാടനം ഇന്ന് കെവിവിഇഎസ് ജില്ലാ സെക്രട്ടറി അഡ്വ .എ.ജെ.റിയാസ് രാവിലെ പത്തുമണിയ്ക്ക് നിര്‍വ്വഹിയ്ക്കും.നാട്ടുപത്തായം ഓണ്‍ലൈന്‍ സംരംഭം മുളന്തുരുത്തിയെ എല്ലാ ചെറുകിട സംരംഭകരുടെയും ഹബ്ബാക്കിമാറ്റുമെന്ന് കെ.സി.ജോഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ വിളിച്ച പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.സി.ജോഷിയോടൊപ്പം സെക്രട്ടറി ഷാജു പി.മത്തായി, ട്രഷറര്‍ കെ.ഡി.സിജു എന്നിവര്‍ പങ്കെടുത്തു.

Advertisment