Advertisment

മദ്യപിച്ച് ബഹളമുണ്ടാക്കിയത് എതിർത്തു; കോയമ്പത്തൂർ സ്വദേശിയെ നാലംഗ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; ആദ്യം കരുതിയത് വീണ് മരിച്ചതാണെന്ന്, സത്യം തെളിയിച്ചത് ഒരു വിരലടയാളം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കഞ്ചിക്കോട് : തമിഴ്നാട് സ്വദേശിയുടെ കൊലപാതകത്തിൽ ദിവസങ്ങൾക്കകം മുഴുവൻ പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവ്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കേസിലെ ഒന്നും രണ്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മദ്യപിച്ച് ബഹളമുണ്ടാക്കിയത് എതിർത്തതിനെ തുടർന്നാണ് കോയമ്പത്തൂർ സ്വദേശിയായ മൂർത്തിയെ പ്രതികളായ നാലംഗ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ആക്രി കച്ചവടക്കാരനായ മൂർത്തി അന്തിയുറങ്ങുന്ന പൂട്ടിയിട്ട കമ്പനി പരിസരത്ത് മദ്യപിക്കാൻ ഇവർ എപ്പോഴും എത്താറുണ്ട്. സംഭവം നടന്ന 24ന് മൂർത്തിയും ഇവർക്കൊപ്പം മദ്യപിച്ചു.

പ്രതികൾ ബഹളം വച്ചതോടെ മൂർത്തി എതിർത്തു. ഇതോടെയാണ് 4 പേരും മൂർത്തിക്കെതിരെ തിരിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന മരക്കൊമ്പ് പൊട്ടിച്ചും ഇഷ്ടികക്കൊണ്ടും മൂർത്തിയെ ഇവർ അതിക്രൂരമായി ആക്രമിച്ചു. മൂർത്തി വീണതോടെ 4 പേരും സ്ഥലം വിട്ടു. ആക്രമിക്കാൻ ഉപയോഗിച്ച ഇഷ്ടികകളും മരച്ചില്ലകളും ഇവർ മാറ്റി. മരണം നടന്ന സ്ഥലത്ത് പൊലീസെത്തിയപ്പോൾ സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മൂർത്തിയുടെ ശരീരത്തിൽ മുറിവുകളും കണ്ടിരുന്നില്ല. സാധാരണ വീണ് മരിച്ച അവസ്ഥയിലാണ് മൃതദേഹം കിടന്നിരുന്നത്. രാത്രി ബഹളം കേട്ടെന്നു പരിസരവാസികളുടെ മൊഴിയും തുടർന്നുള്ള പരിശോധനയിലും ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.

ഒരാളുടെ വിരലടയാളം സ്ഥലത്ത് നിന്ന് ലഭിക്കുകയും ചെയ്തതോടെ പ്രതികൾ പിടിയിലായി. പ്രതികൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഒന്നാം പ്രതി ലോകനാഥൻ പോക്സോ കേസിൽ പ്രതിയാണ്.

 

 

murder case
Advertisment