Advertisment

മല്യയുടെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റിയതിന് പിന്നില്‍ പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

New Update

ന്യൂഡല്‍ഹി: രാജ്യംവിട്ട് ലണ്ടനില്‍ അഭയം തേടിയ വിവാദ ബിസിനസുകാരന്‍ വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു.

Advertisment

publive-image

സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

വിദേശത്തുപോകാന്‍ മല്യ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് താല്‍ക്കാലികമായി കമ്പ്യൂട്ടറില്‍ നിന്ന് മാഞ്ഞുവെന്നാണ് ആരോപണം. പകരം വിവരം അറിയിക്കുക എന്നുമാത്രമായി ചുരുങ്ങുകയായിരുന്നു.

രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പാര്‍ലമെന്റിലെത്തി നേരിട്ട് കണ്ട് സംസാരിച്ചതായി മല്യ വെളിപ്പെടുത്തിയിരുന്നു. 2016 മാര്‍ച്ച് ഒന്നിന് ഇവര്‍ സംസാരിക്കുന്നത് കണ്ടെന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി പിന്നാലെ കോണ്‍ഗ്രസ് രംഗത്തെത്തി.

2015 ഒക്ടോബര്‍ 24 ന് മല്യയുടെ പേരില്‍ പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് മയപ്പെടുത്തി തടഞ്ഞുവെക്കുക എന്നതില്‍ നിന്നും കണ്ടാല്‍ വിവരമറിയിക്കുക എന്നതിലേക്ക് മാറ്റിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചത്. എന്നാല്‍ മല്യ രാജ്യംവിടുമെന്ന് കരുതാന്‍ കാരണങ്ങളില്ലായിരുന്നുവെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

Advertisment