Advertisment

പാര്‍ട്ടിയില്‍ അട്ടിമറിനീക്കത്തിലൂടെ ഭൂരിപക്ഷം ഉറപ്പാക്കി; ജനറല്‍ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരിക്ക് രണ്ടാമൂഴം ! യെച്ചൂരി കരുത്തനാകുന്നു !

New Update

publive-image

Advertisment

ഹൈദരാബാദ്:  സി പി എം ജനറല്‍സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരിക്ക് രണ്ടാമൂഴം ഉറപ്പായി. നാളെ ഉച്ചയോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരി തന്നെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഐക്യകണ്ടേന തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

സി പി എം ചരിത്രത്തിലെ തന്നെ അസാധാരണ നീക്കങ്ങള്‍ മൂലം സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിലായിരുന്നു സമ്മേളനം തുടങ്ങിയത്. എന്നാല്‍ ഇന്നലെയോടെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ പാര്‍ട്ടിയില്‍ സമവായമായി.

publive-image

ജനറല്‍സെക്രട്ടറിതന്നെ ബദല്‍ സംഘടനാ പ്രമേയം അവതരിപ്പിക്കുന്ന അസാധാരണ സാഹചര്യത്തിനാണ് 22 -)൦ പാര്‍ട്ടി കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. ഭിന്നതയുണ്ടെന്ന്‍ ജനറല്‍സെക്രട്ടറിയ്ക്കും മുന്‍ ജനറല്‍ സെക്രട്ടറിയ്ക്കും പരസ്യമായി സമ്മതിക്കേണ്ടിയും വന്നു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ ലൈനിനെ കടുത്ത പോരാട്ടത്തിലൂടെ തന്നെയാണ് യെച്ചൂരി പരാജയപ്പെടുത്തിയത്.

ധാരണയാകാം എന്നതാണ് പുതിയ നിലപാട്. ഇതോടെ ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന 3 വര്‍ഷത്തില്‍ ആദ്യമായാണ്‌ സി പി എമ്മില്‍ യെച്ചൂരിയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

publive-image

നേതാക്കള്‍ തമ്മില്‍ ശക്തമായ വാക്കേറ്റം, ജനറല്‍സെക്രട്ടറിക്കെതിരെ കെ കെ രാഗേഷിനെപ്പോലുള്ള ജൂണിയറായ നേതാക്കളുടെ പരസ്യ വിമര്‍ശനം, രഹസ്യ വോട്ടെടുപ്പ് അനുവദിച്ചില്ലെങ്കില്‍ സമ്മേളന വേദിയില്‍ കയറി പ്രതിഷേധിക്കുമെന്ന് ഭീഷണി എന്നിവയൊക്കെ ഈ സമ്മേളനത്തിലെ മറ്റ്‌ അസാധാരണ നീക്കങ്ങളാണ്.

സംഘടനാ പ്രമേയത്തിന്മേല്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ വേറെ വഴി നോക്കേണ്ടിവരുമെന്ന ജനറല്‍ സെക്രട്ടറിയുടെ ഭീഷണി വരെ കാര്യങ്ങളെത്തിയെന്നാണ് റിപ്പോര്‍ട്ട്. പിളര്‍പ്പെന്ന് വിലയിരുത്തപ്പെട്ട സാഹചര്യങ്ങള്‍ സംജാതമായി. ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്നും സീതാറാം യെച്ചൂരി തെറിക്കുമെന്ന് ഇന്നലെ വൈകുന്നേരം വരെ ഉറപ്പായിരുന്നു.

publive-image

ആ സാഹചര്യങ്ങളെയൊക്കെ മാറ്റിമറിച്ചത് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായ വന്‍ അട്ടിമറിയാണ്. യെച്ചൂരി ജനറല്‍സെക്രട്ടറിയാണെങ്കിലും പാര്‍ട്ടിയില്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്ന പ്രകാശ് കാരാട്ടിനെയും അദ്ദേഹത്തിന് പിന്നില്‍ അടിയുറച്ച് നിന്ന കേരള ഘടകത്തെയും നിഷ്പ്രഭരാക്കുന്നതായിരുന്നു ഇന്നലത്തെ അട്ടിമറി.

16 സംസ്ഥാനങ്ങള്‍ യെച്ചൂരിക്ക് വേണ്ടി കടുത്ത പോരാട്ടവും വെല്ലുവിളിയും ഉയര്‍ത്തിയതോടെ പെട്ടെന്ന് കാരാട്ട് പക്ഷം നിഷ്പ്രഭരായി.അതോടെ യെച്ചൂരി ശക്തനായി മാറി. ആദ്യ ഊഴത്തിലെ ദുര്‍ബലനായ ജനറല്‍സെക്രട്ടറിയായിരിക്കില്ല രണ്ടാമൂഴത്തിലെ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. അദേഹം ഇനി ശക്തനായിരിക്കും. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് മൂന്ന്‍ തവണ പദവിയില്‍ തുടരാനാകും.'

publive-image

cpm prakash karat sitaram
Advertisment