Advertisment

റെക്കോര്‍ഡ് ഇടിവ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു

New Update

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Advertisment

രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന് 70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ടുമാത്രം 0.21 ശതമാനമാണ് മൂല്യം കുറഞ്ഞത്.

publive-image

ഇന്നലെ റെക്കോർഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 110 പൈസയായിരുന്നു നഷ്ടം. എന്നാൽ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ രൂപ നേരിയ തിരിച്ചുവരവു നടത്തി. 23 പൈസയോളം നേട്ടമുണ്ടാക്കിയ ശേഷമാണു രൂപ ശക്തമായി ഇടിഞ്ഞ് മൂല്യം 70 കടന്നത്.

2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുർക്കിഷ് കറൻസിയായ ലിറയുടെ ഇടിവിനെതുടർന്നാണ് ഇന്നലെ മുതൽ വികസ്വര രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം കുറയുന്നത്.

രൂപയുടെ മൂല്യം 71ലേക്കു കടക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതും എണ്ണവില ഉയർന്നു നിൽക്കുന്നതും രൂപയുടെ മൂല്യമിടിവിന്റെ ശക്തി കൂട്ടുന്നുണ്ട്.

തുടർച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുർബലമായ കറൻസികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വർഷത്തെ ഇടിവ്. തുർക്കിക്കുമേൽ പ്രത്യേക താരിഫുകൾ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനമാണു ലിറയുടെ മൂല്യമിടിക്കാൻ കാരണം.

അതേസമയം ഓഹരി വിപണിയിൽ ഇന്നു തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണുള്ളത്. സെൻസെക്സ് 150 പോയിന്റും നിഫ്റ്റി 50 പോയിന്റും നേട്ടത്തിലാണു വ്യാപാരം നടത്തുന്നത്.

Advertisment