Advertisment

മുംബൈയില്‍ കനത്ത മഴ തുടരുന്നു. റോഡ്‌, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

New Update

മുംബൈ:  തുടർച്ചയായ നാലാം ദിവസവും തുടരുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം. ഈ സീസണില്‍ ഇതുവരെ കിട്ടിയ ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടി അധികമാണ് തിങ്കളാഴ്ച ഒറ്റദിവസം പെയ്തത്.

Advertisment

വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതു ലോക്കല്‍ ട്രെയിന്‍ ഗതാഗതം മന്ദഗതിയിലാക്കി. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയും സര്‍വീസ് നടത്തിയവ വൈകുകയും ചെയ്തതോടെ ജനം വലഞ്ഞു.

publive-image

റോഡുകളില്‍ വെള്ളക്കെട്ടിനെത്തുടര്‍ന്നു കടുത്ത ഗതാഗതക്കുരുക്കുണ്ടായി. മഴ വിമാന സര്‍വീസിനെയും ചെറിയതോതില്‍ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും മുട്ടറ്റം വെള്ളം പൊങ്ങി. സയണ്‍, കുര്‍ള, ദാദര്‍, മീരാറോഡ്, വസായ്, നാലസൊപാര മേഖലകളില്‍ വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി.

നഗരത്തിലും സമീപജില്ലകളായ താനെ, പാൽഘർ എന്നിവിടങ്ങളിലും കൊങ്കൺ മേഖലയുടെ വിവിധ മേഖലകളിലും മഴ ജനജീവിതത്തെ ബാധിച്ചു. ഇടയ്ക്കു ശക്തി കുറയുന്നതും വലിയ വേലിയേറ്റമില്ലാത്തതുമാണു കടുത്ത ദുരിതങ്ങളിൽനിന്നു രക്ഷിച്ചത്. മഴയെത്തുടർന്ന് മുംബൈയിൽ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.

താനെ ജില്ലയിൽ പല മേഖലകളിലും കനത്ത മഴയും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലാഡിൽ റോഡിൽനിന്നു സബ് വേയിലേക്കു വെള്ളം ഒഴുകിയിറങ്ങി. കഴിഞ്ഞയാഴ്ച അന്ധേരിയിൽ നടപ്പാത തകർന്നു റെയിൽവേ ട്രാക്കിൽ വീണുണ്ടായ അപകടത്തിനു പിന്നാലെ വിള്ളൽ കണ്ടെത്തിയ ഘാട്കോപ്പർ, വസായ് മേൽപാലങ്ങളിൽ ഗതാഗതം തടഞ്ഞ് അറ്റകുറ്റപ്പണി നടത്തി.

Advertisment