Advertisment

കേരളത്തിന്‍റെ വികസനത്തുടർച്ചയ്ക്കും, ജനങ്ങളുടെ ക്ഷേമത്തിനും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വിജയിപ്പിയ്ക്കുക: നവയുഗം

New Update

ദമ്മാം: കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗത്തിന്റെ ക്ഷേമത്തിനും, സമഗ്രമേഖലകളിലെ വികസനത്തിനും വേണ്ടി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയെ വിജയിപ്പിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

Advertisment

publive-image

സാധാരണ ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളായ ഭക്ഷണം, വീട്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ ആത്മവിശ്വാസവുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ലൈഫ് പദ്ധതിയിലൂടെ രണ്ടു ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ നൽകാനും, കൊറോണക്കാലത്തു പോലും എല്ലാവർക്കും മികച്ച ആരോഗ്യ പരിരക്ഷ നൽകാനും, സർക്കാർ സ്ക്കൂളുകളെ ഹൈടെക്ക് ആക്കാനും, പൊതുവിതരണസമ്പ്രദായം കാര്യക്ഷമമാക്കാനും, അവശവിഭാഗങ്ങൾക്ക് വർദ്ധിപ്പിച്ച ക്ഷേമപെൻഷനുകൾ കൃത്യമായി കൊടുക്കാനും, സംസ്ഥാനത്തിന്റെ അടിസ്ഥാന പശ്ചാത്തല വികസനം ഉറപ്പ് വരുത്തുവാനും ഒക്കെ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. രണ്ടു പ്രളയവും, നിപ്പായും, കൊറോണയും നേരിട്ട് കൊണ്ട്, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്നു കൊണ്ട്, സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാൻ കഴിഞ്ഞത് ഇടതുപക്ഷ സർക്കാരിന്റെ കഴിവ് തന്നെയാണ്.

പ്രാദേശികമായി ഉള്ള ജനങ്ങളുടെ പ്രശ്‌നങ്ങളിൽ എന്നും സജീവമായി ഇടപെട്ടു പ്രവർത്തിച്ച പാരമ്പര്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. പ്രളയകാലത്തും കൊറോണക്കാലത്തും കേരളം അത് കണ്ടു. ജനങ്ങളുമായുള്ള ആ ബന്ധമാണ് എല്ലാക്കാലത്തും ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മുൻകൈ നേടാൻ ഇടതുപക്ഷത്തിന് തുണയായിട്ടുള്ളത്. കഴിഞ്ഞ നാലര വർഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ വൻപിച്ച തെരഞ്ഞെടുപ്പു വിജയം തന്നെ സമ്മാനിയ്ക്കും എന്നതിൽ സംശയമില്ല.

പ്രവാസികളുടെ ക്ഷേമത്തിനായി ഇത്രയധികം പദ്ധതികൾ നടപ്പാക്കിയ മറ്റൊരു സർക്കാർ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. മാറി മാറി വന്ന യു.ഡി.എഫ് സർക്കാരുകൾ വെറും കറവപ്പശുക്കളായി പ്രവാസികളെ പരിഗണിച്ചപ്പോൾ, മലയാളികളായ പ്രവാസികളുടെ ക്ഷേമത്തിനായി ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്തു പ്രവാസികാര്യവകുപ്പ് സൃഷ്ടിച്ചത് മുതൽ കൊറോണക്കാലത്തു പ്രവാസികളെയും കുടുംബങ്ങളെയും ചേർത്തുപിടിച്ച വരെയുള്ള ചരിത്രവും ഇടതുമുന്നണിയ്ക്ക് സ്വന്തമാണ്.

നോർക്ക റൂട്സ്, പ്രവാസി ഐഡന്റിറ്റി കാർഡ്, പ്രവാസിക്ഷേമനിധി, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ലോകകേരളസഭ, പ്രവാസി ട്രോൾഫ്രീ ഹെൽപ്പ്ലൈൻ, പ്രവാസി പെൻഷൻ, സ്വാന്തന, കാരുണ്യം, NDPREM മുതലായ പദ്ധതികൾ, പ്രവാസി ബിസിനെസ്സ് ഫെസിലിറ്റേഷൻ സെന്റർ തുടങ്ങി പ്രവാസിൿൾക്ക് ഗുണകരമായ മിക്കവാറും എല്ലാ നടപടികൾക്കും തുടക്കം കുറിച്ചതും നടപ്പാക്കിയതും ഇടതുപക്ഷ സർക്കാരുകൾ ആയിരുന്നു.

കൊറോണക്കാലത്ത് എല്ലാ രാജ്യങ്ങളിലും നോർക്ക ഹെൽപ്പ്ഡെസ്ക്കുകൾ രൂപീകരിച്ചു പ്രവാസികളെ സഹായിച്ചതും, ജോലിയ്ക്ക്തിരിച്ചു പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ സഹായധനം കൊടുത്തതും, പുനരധിവാസ പദ്ധതികൾ നടപ്പാക്കിയതും ഒക്കെ ഇടതു സർക്കാരിന്റെ പ്രവാസികളോടുള്ള പരിഗണനയുടെ തെളിവാണ്.

കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും ഇടതുപക്ഷ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെൻസിമോഹനും ജനറൽ സെക്രട്ടറി എം. എ വാഹിദ് കാര്യറയും അഭ്യർത്ഥിച്ചു.

Advertisment