Advertisment

സാധാരണക്കാരുടെ പ്രിയ കവിയായിരുന്ന ചെമ്മനം ചാക്കോയുടെ നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു

author-image
admin
New Update

ദമ്മാം : ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമർശനം നടത്തി സാധാരണക്കാരുടെ പ്രിയ കവിയായ ചെമ്മനം ചാക്കോയുടെ നിര്യാണത്തില്‍ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു.

Advertisment

publive-image

അതീവ ലളിതമായ ഭാഷയില്‍ രൂക്ഷമായ സാമൂഹിക വിമര്‍ശനം നടത്തിയ അദ്ദേഹത്തിന്റെ കവിതകള്‍ ഏറ്റവും പ്രസക്തമായ സാമൂഹികകാര്യങ്ങളായിരുന്നു പ്രതിപാദിച്ചിരുന്നത്. ‘ആളില്ലാ കസേരകൾ’ എന്ന കവിത ഏറെ പ്രശസ്തമായിരുന്നു. സർക്കാർ ഓഫീസുകളിലെ ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാവ്യ വിമർശനങ്ങൾ മർമത്തു തന്നെ കൊള്ളുന്നവയായിരുന്നു.

സാധാരണക്കാര്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് ചെമ്മനം ചാക്കോ കവിതകളില്‍ ആവിഷ്‌കരിച്ചത്. കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പാതയിൽ ഭാഷാസാഹിത്യ സേവനം നടത്തി ഏറെ ജനപ്രീതി നേടിയാണ് മലയാളത്തില്‍ ചെമ്മനമെന്ന കവി തന്റെ സിംഹാസനം ഉറപ്പിച്ചത്. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട കാവ്യസപര്യയില്‍ കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മഹാകവി പി. സ്മാരക അവാര്‍ഡ്, ആശാന്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചു.......

കേരളീയ സമൂഹത്തെ ഗ്രസിച്ച അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നിസ്സംഗതയുടെയും ഇരുട്ടിനെ കീറിമുറിച്ച് പ്രകാശം പരത്തിയ വജ്രസൂചി തന്നെയായിരുന്നു ചെമ്മനത്തിന്റെ കവിതകള്‍. 'കാലത്തിനൊത്ത് നീ മാറേണ്ട തൂലികേ... കാലത്തെ മാറ്റുവാന്‍ നോക്കൂ...' എന്നാണ് ചെമ്മനം സ്വന്തം തൂലികയ്ക്ക് നല്‍കുന്ന ഉപദേശം.

ചെമ്മനം ചാക്കോയുടെ നിര്യാണം മലയാള സാഹിത്യത്തിനും, കേരള സമൂഹത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും, കേരള സമൂഹത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Advertisment