Advertisment

നീരവ് മോദിയെ ആര്‍ബിഐ ഗവര്‍ണറായി നിയമിക്കൂ; കേന്ദ്രസര്‍ക്കാരിന് ശിവസേനയുടെ പരിഹാസം

New Update

മുംബൈ: നീരവ് മോദിയെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശിവസേന. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് മോദിയും കുടുംബവും കഴിഞ്ഞ മാസം രാജ്യം വിട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് സഖ്യകക്ഷികൂടിയായ ശിവസേന രംഗത്തെത്തിയത്. ശിവസേനയുടെ മുഖപത്രമായ സാംനയില്‍ നല്‍കിയ മുഖപ്രസംഗത്തിലാണ് പരിഹാസം.

Advertisment

publive-image

കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി നില്‍ക്കുന്ന ഫോട്ടോയും മുഖപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നീരവ് മോദി ബിജെപിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. അതിന് പുറമെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ഫണ്ട് പിരിക്കാന്‍ മുന്നിട്ടിറങ്ങിയതില്‍ പ്രധാനിയാണ് നീരവെന്നും ശിവസേന ആരോപിക്കുന്നു.

ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് പിഎന്‍ബി തട്ടിപ്പ് നടന്നതെന്ന് പറയുന്നില്ല. പക്ഷേ ഈ തട്ടിപ്പിന്റെ വിഹിതം ബിജെപിയില്‍ എത്തിയിട്ടുണ്ടെന്നും ശിവസേന പറഞ്ഞു. ബിജെപിയുടെ സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അധ്വാനിച്ചിട്ടുള്ള വ്യക്തിയാണ് നീരവ് മോദിയെന്നും ശിവസേന കുറ്റപ്പെടുത്തി. ദാവോസില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കുമൊപ്പം നീരവ് മോദി എങ്ങനെ കയറിപ്പറ്റിയെന്ന് ബിജെപി വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. എല്ലാ വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് പറയുന്ന ബിജെപി നീരവിന്റെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും വെളിപ്പെടുത്തണമെന്നും ശിവസേന മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

സാധാരണ ആളുകള്‍ക്ക് ചികിത്സ കിട്ടണമെങ്കില്‍ പോലും ആധാര്‍ ആവശ്യപ്പെടുന്ന രാജ്യത്ത് നീരവ് മോദിയെ പോലെയുള്ളവര്‍ ആധാര്‍ പോലുമില്ലാതെ കോടികള്‍ തട്ടിക്കൊണ്ടു പോകുന്നത് വിരോധാഭാസമാണെന്നും ശിവസേന പറയുന്നു.

Advertisment