Advertisment

നീരവ്‌ മോഡി 442 കോടി സഹോദരിയുടെ അക്കൗണ്ടിലേക്കു മാറ്റി

New Update

മുംബൈ: പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചു കടന്ന നീരവ്‌ മോഡി, സഹോദരി പൂര്‍വി മേത്തയുടെ അക്കൗണ്ടിലേക്കു 442.44 കോടി രൂപ മാറ്റിയതായി കണ്ടെത്തി. പൂര്‍വിയുടെ നിയന്ത്രണത്തില്‍ ദുബായിയില്‍ പ്രവര്‍ത്തിക്കുന്ന ഫൈന്‍ ക്ലാസിക്‌ എഫ്‌.സെഡ്‌.ഇ. എന്ന കമ്പനിയുടെ സഹായത്തോടെയായിരുന്നു ഇടപാട്‌. കടലാസ്‌ കമ്പനികളുടെ പേരിലായിരുന്നു പണക്കൈമാറ്റം. രണ്ട്‌ ഇടപാടുകളിലായിട്ടായിരുന്നു പണം കൈമാറിയത്‌.

Advertisment

publive-image

ഓഹരി വില്‍പനയുടെ മറവില്‍ നടത്തിയ ഇടപാടിനൊടുവില്‍ 442.44 കോടി രൂപയും പൂര്‍വിയുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. എന്നാല്‍, സഹോദരിയുടെ പേരിലേക്ക്‌ 1,123.07 കോടി രൂപ നീരവ്‌ കൈമാറിയതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്ത്യയില്‍ നിന്നു കടക്കാന്‍ പദ്ധതിയിട്ടപ്പോഴേ സിംഗപ്പുരില്‍ സ്‌ഥിരതാമസത്തിന്‌ അപേക്ഷിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍.

ജനുവരി ആദ്യ ആഴ്‌ചയാണ്‌ നീരവ്‌ ഇന്ത്യയില്‍ നിന്നു കടന്നത്‌. ഈ സമയത്താണ്‌ സിംഗപ്പുര്‍ പി.ആറിന്‌ അപേക്ഷിച്ചത്‌. ഒന്നരലക്ഷം സിംഗപ്പുര്‍ ഡോളര്‍ (75 ലക്ഷം രൂപ) ശമ്പളമുള്ള ബിസിനസുകാരന്‍ എന്നായിരുന്നു അപേക്ഷയില്‍ നല്‍കിയ വിവരം.

ആഗോള നിക്ഷേപ പദ്ധതിക്കു കീഴിലാണ്‌ സ്‌ഥിരതാമസത്തിന്‌ അപേക്ഷിച്ചതും.

സിംഗപ്പുര്‍ പൗരത്വമുള്ളയാളുടെ ദാമ്പത്യപങ്കാളിക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമേ സിംഗപ്പുര്‍ സ്‌ഥിരതാസത്തിന്‌ (എസ്‌.പി.ആര്‍) അപേക്ഷിക്കാനാകൂ. ഒപ്പം സിംഗപ്പുര്‍ പൗരത്വമുള്ളവരുമായി ബന്ധമുള്ള നിക്ഷേപകര്‍ക്കും സംരഭകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

2017 മേയ്‌ എട്ടുവരെ കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉളളതായാണ്‌ അപേക്ഷയില്‍ നീരവ്‌ ചൂണ്ടിക്കാട്ടിയത്‌. 6,500 കോടിയുടെ തട്ടിപ്പുകേസില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും നീരവിനെതിരേ കേസെടുത്തതിനു പിന്നാലെ ഫെബ്രുവരിയില്‍ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയിരുന്നു. എന്നാല്‍, റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ ഇല്ലാതിരുന്നതിനാല്‍ ഇതേ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ചു നീരവ്‌ മോഡി വിദേശയാത്രകള്‍ തുടരുകയായിരുന്നു.

Advertisment