Advertisment

ആണുങ്ങള്‍ 'ഇര'കളാക്കപ്പെടുന്ന പീഡന പരാതികളില്‍ 'ശശീന്ദ്രന് ലഭിച്ച നീതി' ഇന്നാട്ടിലെ മറ്റ്‌ ആണുങ്ങള്‍ക്കും ബാധകമായിരിക്കുമോ ? അതോ എം വിന്‍സെന്റ്‌ എംഎല്‍എയ്ക്ക് കിട്ടിയ നീതിയായിരിക്കുമോ മറ്റ്‌ പുരുഷന്മാര്‍ക്കും ! യുവതി പീഡിപ്പിച്ചെന്ന്‍ പറഞ്ഞപ്പോള്‍ കേസ്. എല്ലാംകഴിഞ്ഞ് ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കേസ് തീര്‍ന്നു. അപ്പോള്‍ കോടതിയുടെ റോള്‍ എന്ത് ?

New Update

എഡിറ്റോറിയല്‍/  ഫോണ്‍ കെണി വിവാദത്തില്‍ പരാതിക്കാരിയായ 'മാധ്യമ പ്രവര്‍ത്തകയുടെ' മൊഴിമാറ്റം നാട്ടിലെ നിയമ വ്യവസ്ഥയ്ക്ക് അപമാനകരമെന്ന് വിലയിരുത്തല്‍. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ അഭിമുഖത്തിനായി മന്ത്രിമന്ദിരത്തിലെത്തിയ തന്നെ മന്ത്രി കയറിപ്പിടിക്കുകയും പിന്നീട് മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

Advertisment

മംഗളം ചാനല്‍ പുറത്തുവിട്ട ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന്‍ മന്ത്രി രാജിവയ്ക്കുകയും മംഗളം സി ഇ ഓ ആര്‍ അജിത്‌ കുമാര്‍ അടക്കം മംഗളത്തിലെ 5 മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പൊടുന്നനെ യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.

publive-image

ശശീന്ദ്രനെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കി ഫോണ്‍ കെണി കേസില്‍ നിന്നും തലയൂരാനുള്ള മംഗളം ചാനലിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഈ പരാതി. ഈ നീക്കത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നതാണ് ഇന്നത്തെ കോടതി വിധിയിലൂടെ വ്യക്തമാകുന്നത്.

അഭിമുഖത്തിനായി ചെന്ന തന്നെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മന്ത്രി തന്റെ സ്വകാര്യ ഭാഗങ്ങള്‍ തുറന്നു കാണിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എന്നാല്‍ ഈ കേസില്‍ കോടതിയുടെ വിചാരണ വേളയില്‍ യുവതി ഇത് നിഷേധിച്ചു. മന്ത്രി തന്നോട് അങ്ങനെയൊന്നും പെരുമാറിയിട്ടില്ലെന്നായിരുന്നു യുവതിയുടെ മറുപടി. അതോടെ യുവതി നല്‍കിയ രഹസ്യ മൊഴിയൊക്കെ വെള്ളത്തിലായി.

ഇതാണ് നിയമസംവിധാനത്തിലെ പ്രധാന അപാകതകളിലൊന്ന്‍. പെണ്ണു പീഡിപ്പിച്ചെന്നു പറഞ്ഞപ്പോള്‍ കേസെടുക്കുന്നു. എന്നിട്ട് പുറത്ത് കാര്യങ്ങളൊക്കെ ഒത്തുതീര്‍പ്പാക്കി മടങ്ങി വന്നു നേരെ ഘടക വിരുദ്ധമായി അന്ന് ഞാന്‍ പറഞ്ഞതുപോലെയൊന്നും മന്ത്രി ചെയ്തിട്ടില്ലെന്ന് തിരിച്ചു പറയുന്നു. അതും കോടതി അംഗീകരിക്കുന്നു. കേസ് തീര്‍പ്പാക്കുന്നു.

publive-image

മുമ്പ് യുവതി തന്നെ നല്‍കിയ മൊഴിയാണ് അവര്‍ നിഷേധിച്ചതെന്നതാണ് ഏറ്റവും കൗതുകം. വിദ്യാഭ്യാസവും അറിവും ഉള്ള മാധ്യമ പ്രവര്‍ത്തകയാണ് 'ഇര'. അപ്പോള്‍ പുറത്തു നടന്ന ഒത്തുതീര്‍പ്പ് നാടകങ്ങള്‍ക്കുള്ള സമ്മര്‍ദ്ദ വേദിയാകുകയായിരുന്നോ കോടതി എന്ന ചോദ്യമാണ് ഉയരുന്നത്.

മന്ത്രി തന്റെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്ന മൊഴിയും യുവതി നിഷേധിച്ചു. മന്ത്രി തന്നെയാണോ വിളിച്ചതെന്ന്‍ ഉറപ്പില്ലെന്നാണ് യുവതിയുടെ മൊഴി. അത് പരിശോധിക്കാന്‍ നമ്മുടെ പോലീസിന് സംവിധാനങ്ങളില്ലേ ?

സരിതയുടെ പരാതിയില്‍ എത്ര തവണ അന്വേഷണം നടന്നു. വിഴിഞ്ഞത്ത് വീട്ടമ്മ നല്‍കിയ പരാതിയില്‍ പ്രതിപക്ഷത്തെ ഒരു എം എല്‍ എയെ അറസ്റ്റ് ചെയ്ത് ഒരു മാസം ജയിലില്‍ ഇട്ടപ്പോള്‍ കണ്ടത് ഇത്തരം അനായാസകരമായ നിയമപ്രക്രിയ അല്ലായിരുന്നല്ലോ ?

publive-image

സംസ്ഥാനത്തെ ഒരു മന്ത്രി ഒരു മാധ്യമ പ്രവര്‍ത്തകയെ അവരുടെ തൊഴില്‍ നിര്‍വഹണത്തിനിടെ തുണിയുരിഞ്ഞുകാട്ടി, കയറിപ്പിടിച്ചു എന്നൊക്കെ പരാതി നല്‍കിയിട്ട് അറസ്റ്റോ നടപടിയോ ഉണ്ടായില്ല. സ്ത്രീകള്‍ കൊടുക്കുന്ന മറ്റ്‌ പരാതികളില്‍ പോലീസ് അങ്ങനെ പ്രവര്‍ത്തിച്ചു കാണാറില്ല. അപ്പോള്‍ എ കെ ശശീന്ദ്രന് ഒരു നീതി ! സ്തീകളുടെ പരാതികളില്‍ 'ഇര'കളാക്കപ്പെടുന്ന മറ്റ്‌ ആണുങ്ങള്‍ക്ക് (എം വിന്‍സെന്റ്‌ എം എല്‍ എ ഉള്‍പ്പെടെ) വേറൊരു നീതി.

എന്തായാലും ശശീന്ദ്രന് ലഭിച്ച നീതിയാണ് ഇന്നാട്ടിലെ ആണുങ്ങള്‍ക്ക് ആവശ്യം. ആണിന് ശശീന്ദ്രനെപ്പോലെ അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം. അല്ലെങ്കില്‍ ശശീന്ദ്രനെപ്പോലെ 'ഇര'യെ എല്ലാം പറഞ്ഞു മനസിലാക്കി കേസ് 'സെറ്റില്‍' ചെയ്യാന്‍ സാവകാശം അനുവദിക്കണം. എന്തായാലും ശശീന്ദ്രന്റെ കേസ് കോടതി തീര്‍ത്താലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. തീര്‍ച്ച.

- എഡിറ്റര്‍.

A.K.Saseendran
Advertisment