Advertisment

വീണ്ടും മാണിക്ക് കുരുക്കായി 3 കോടിയുടെ കോഴകേസ്, വിജിലന്‍സില്‍ പരാതി

author-image
വൈ.അന്‍സാരി
New Update

കൊച്ചി:  കെ.എം മാണിയും മകനും 3 കോടി കോഴ വാങ്ങിയെന്ന പരാതിയുമായി പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ചു. കേസില്‍ വാദം പൂര്‍ത്തിയായി. വിധിപറയാന്‍ 24ലേക്ക് മാറ്റി.

പൂട്ടികിടന്ന ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രിയായിരിക്കെ മാണിയും മകനും ചേര്‍ന്ന് കൊച്ചിയിലെ റിസോട്ടില്‍ വച്ച് മൂന്നുകോടി കോഴ കൈപ്പറ്റിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി.സംഭവത്തില്‍ എല്ലാതെളിവുകളും നല്‍കാന്‍ തയ്യാറാണന്നു ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ്ജ് എംഎല്‍എ നടത്തിയ ചാനല്‍ പരാമര്‍ശം അടിസ്ഥാനമാക്കിയാണ് നവാസ് കോടതിയെ സമീപിച്ചത്.ഒരുകോടിയുടെ ആദ്യ ബാര്‍കോഴകേസ് വിജിലന്‍സ് എഴുതി തള്ളാനായിരിക്കെയാണ് പുതിയ ആരോപണം പുറത്തുവന്നത്.

ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം വിജിലന്‍സ് കോടതി ജഡ്ജി ഡോ.ബി.കലാംപാഷ കേട്ടു,വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ അന്വേഷണത്തിന് തടസ്സമില്ലന്ന് കോടതിയെ അറിയിച്ചു. കേസില്‍ മൂന്നാംപ്രതിയായ പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോടതിയെ അറിയിച്ച പരാതിക്കാരന്‍ തെളിവായി വീഡിയോ സിഡിയും ഹാജരാക്കി. ഇതിന്റെ പരിശോധന പൂര്‍ത്തിയാക്കി 24ന് കേസില്‍ വിധി പറയും.

Advertisment