follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

ഇ ശ്രീധരനെ രാജ്യസഭാംഗമാക്കാന്‍ ബിജെപി നീക്കം; ശ്രീധരന്‍റെ ജനപ്രീതി പാര്‍ട്ടിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തല്‍ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ന്യൂഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനത്തേക്ക് സജീവമായി പരിഗണനയില്‍ ഉണ്ടായിരുന്ന "മെട്രോ മാന്‍" ഇ ശ്രീധരനെ രാജ്യസഭാംഗമാക്കാന്‍ ബി ജെ പി നീക്കം. ഇ ശ്രീധരന് താല്പര്യമെങ്കില്‍ അദ്ദേഹവുമായി സംസാരിച്ച് ഇക്കാര്യത്തില്‍ താമസം കൂടാതെ തീരുമാനത്തിലെത്താനാണ് ബി ജെ പിയുടെ ആലോചന.

യു പിയില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ അടുത്ത് വരുന്ന ഒഴിവില്‍ ശ്രീധരനെ മത്സരിപ്പിച്ച് രാജ്യസഭയിലെത്തിക്കാനാണ് ബി ജെ പിയുടെ നീക്കം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ ജനസ്വീകാര്യതയുള്ള ശ്രീധരനെ രാജ്യസഭാംഗമാക്കുക വഴി അത് കേരളത്തില്‍ ബി ജെ പിയുടെ സാധ്യതകള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.



കേരളത്തിലും ഡല്‍ഹിയിലും ഒരേപോലെ സ്വീകാര്യതയുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. 17 ന് നടന്ന മെട്രോ ഉദ്ഘാടന വേദിയില്‍ സ്വാഗത പ്രസംഗത്തിനിടെ ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ സദസില്‍ നിന്നുയര്‍ന്ന നിലയ്ക്കാത്ത കൈയ്യടി പ്രധാനമന്ത്രിക്കും വെങ്കയ്യാ നായിഡുവിനും അദ്ദേഹത്തിന്‍റെ ജനപ്രീതി മനസിലാക്കാന്‍ ഇടയാക്കിയിരുന്നു.

പ്രധാനമന്ത്രിക്ക് ലഭിച്ചതിലേറെ കയ്യടി കിട്ടിയത് ശ്രീധരനായിരുന്നു. കേരളത്തില്‍ കക്ഷി, രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രിയങ്കരനാണ് ഇ ശ്രീധരന്‍. അതിനാല്‍ തന്നെ അദ്ദേഹം ബി ജെ പിയുടെ രാജ്യസഭാംഗമായി വരുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു.

എന്നാല്‍ അക്കാര്യത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ടെന്നതിനാല്‍ ശ്രീധരന്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യകതമല്ല. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുകയോ അതിനായി ധാരണകള്‍ക്ക് വശംവദനാകുകയോ ചെയ്യുന്ന രീതി ശ്രീധരനില്ല. അതിനാല്‍ തന്നെ അദ്ദേഹവുമായി സംസാരിച്ച് സമ്മതം വാങ്ങാന്‍ മുതിര്‍ന്ന ബി ജെ പി ദേശീയ നേതാവിനെ തന്നെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഇ ശ്രീധരനെ ഉപരാഷ്ട്രപതിയായിട്ടെങ്കിലും പരിഗണിക്കണമെന്ന ആവശ്യം ചില ബി ജെ പി നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ പരിണിത പ്രജ്ഞനായ രാഷ്ട്രീയക്കാരന്‍ തന്നെയായിരിക്കണം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരേണ്ടത് എന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഉള്ളത്.

അതിനാല്‍ ഇ ശ്രീധരനെ രാജ്യസഭയിലേക്കും അവിടെ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്കും എന്ന നിലയിലാണ് പുതിയ പ്രതീക്ഷകള്‍.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+