follow us

1 USD = 64.195 INR » More

As On 27-07-2017 09:28 IST

ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടത്തെ പുകഴ്ത്തി ചൈന ; ഇന്ത്യയുടെ 104 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിച്ച ഐഎസ്ആര്‍ഒ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ചൈനീസ് പത്രം !

ഇന്റര്‍നാഷണല്‍ ഡെസ്‌ക് » Posted : 17/02/2017

ലോക ശക്തികള്‍ പോലും അംഗീകരിച്ച ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുടെ സ്വന്തം ഇന്ത്യയാണെന്ന് ഇനി അഭിമാനത്തോടെ പറയാം. അയല്‍ രാജ്യമായ ചൈന പോലും ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടത്തെ പുകഴ്ത്തി സംസാരിച്ചിരിക്കുന്നു. ഇന്ത്യയുടെ 104 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിച്ച ഐഎസ്ആര്‍ഒ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ചൈനീസ് പത്രത്തിന്റെ റിപ്പോര്‍ട്ട്.



ബഹിരാകാശ നേട്ടങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണ്. എന്നാല്‍ ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ ഇത്തവണ കൈവരിച്ചത്. മുഖപ്രസംഗം തന്നെ എഴുതി അര്‍ഹിക്കുന്ന പ്രാധാന്യത്തിലാണ് ചൈനയിലെ ഗ്ലോബല്‍ ടൈംസ് പത്രം ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടത്തെ പുകഴ്ത്തിയത്.

ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച റഷ്യയുടെ റെക്കോഡാണ് ഇന്ത്യ മാറ്റി കുറിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളുടെ ബഹിരാകാശ ചിന്തകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് സെഞ്ചുറികടന്ന പ്രകടനത്തിലൂടെ ഐഎസ്ആര്‍ഒ ചെയ്തതെന്നും ചൈനീസ് പത്രം. രാജ്യാന്തര തലത്തില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഇന്ത്യയുടെ ബഹിരാകാശ ഉദ്യമം വിജയിച്ചുവെന്ന് പറയുന്ന പത്രം ഓരോ ഇന്ത്യക്കാരുടേയും അഭിമാന നിമിഷമാണിതെന്നും ഓര്‍മ്മിപ്പിക്കുന്നു.

‘ഒറ്റ വിക്ഷേപണത്തില്‍ എത്ര സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിച്ചു എന്നത് മാത്രമല്ല ബഹിരാകാശ മേഖലയിലെ നേട്ടത്തിന്റെ മാനദണ്ഡം. ആ നിലയില്‍ ഇന്ത്യയുടെ നേട്ടത്തിന്റെ സാധ്യതകള്‍ പരിമിതമാണ്. എന്നാല്‍ വളരെ ചുരുങ്ങിയ ചെലവിലാണ് ഇന്ത്യ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്’

‘2008ലാണ് ഇന്ത്യ ചാന്ദ്രയാന്‍ വിക്ഷേപിച്ചത്. 2013ല്‍ ചൊവ്വയിലേക്ക് ആളില്ലാ പേടകം വിക്ഷേപിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചു. 2013ല്‍ അമേരിക്ക 39.3 ബില്യണ്‍ ഡോളറും ചൈന 6.1 ബില്യണ്‍ ഡോളറും റഷ്യ 5.3 ബില്യണ്‍ ഡോളറും ജപ്പാന്‍ 3.6 ബില്യണ്‍ ഡോളറുമാണ് ചെലവിട്ടത്. ഇന്ത്യ ചെലവിട്ടതാകട്ടെ 1.2 ബില്യണ്‍ ഡോളര്‍ മാത്രം. എന്നാല്‍ ഇന്ത്യയുടേയും ചൈനയുടേയും ജിഡിപി കണക്കാക്കിയാല്‍ ചെലവിടുന്ന തുക ഏകദേശം തുല്യമാണ്’

മറ്റൊരു കാര്യം കൂടി ശ്രദ്ധ അര്‍ഹിക്കുന്നുവെന്ന് പത്രം, ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ചൈനയുടേതിന്റെ മൂന്നിലൊന്ന് മാത്രമാണ്. ജിഡിപി വെച്ച് കണക്കാക്കിയാല്‍ ചൈനയേക്കാള്‍ മുന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ക്കൊപ്പം ഇതുകൂടി ശ്രദ്ധിക്കണം. കാരണം ബഹിരാകാശ ശാസ്ത്രത്തിന് പ്രതിരോധ മേഖലയുമായി അഭേദ്യമായ ബന്ധമുണ്ട്.

അമേരിക്കയേയും ചൈനയേയും അപേക്ഷിച്ച് ഇന്ത്യ ബഹിരാകാശ മേഖലയില്‍ ഏറെ പിന്നിലാണ്. ഒരു ഇന്ത്യക്കാരന്‍ പോലും ഇപ്പോള്‍ ബഹിരാകാശത്തില്ല. ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയിട്ട് പോലുമില്ലെന്നും പത്രം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+