follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

അഴിമതിക്കാര്‍ക്കും കൊള്ളക്കാര്‍ക്കും ദുര്‍നടപ്പുകാര്‍ക്കും പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്‍ദേശം

അജിമോന്‍ മൂര്‍ത്തിക്കല്‍ » Posted : 19/06/2017

വത്തിക്കാന്‍ സിറ്റി : അഴിമതിക്കാര്‍ക്കും കൊള്ളസംഘാംഗങ്ങളില്‍ അകപ്പെടുന്നവര്‍ക്കും ദുര്‍നടപ്പുകാര്‍ക്കും പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് . ഇത്തരക്കാര്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നത് വിലക്കുന്നതാണ് നടപടി . ഇത് കത്തോലിക്കാസഭയുടെ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണ്.



ഇതുസംബന്ധിച്ച മാര്‍പാപ്പയുടെ നിര്‍ദേശം വത്തിക്കാന്‍റെ സജീവ പരിഗണനയിലാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

അഴിമതി ഇല്ലാതാക്കാന്‍ കടുത്ത നടപടിവേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശക്തമായ നിലപാട്. 2014-ല്‍ ഇറ്റലിയിലെ മാഫിയാസംഘങ്ങളിലൊന്നിന്‍റെ കേന്ദ്രം സന്ദര്‍ശിച്ച പോപ്പ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ പള്ളിവിലക്കുമെന്ന് മുന്നറിയിപ്പുനല്‍കിയിരുന്നു. ഇറ്റലിയിലെ സിസിലി, കമ്പാനിയ തുടങ്ങിയ ഇടങ്ങളിലെ കൊള്ളസംഘങ്ങളെ അതത് പ്രദേശങ്ങളിലെ മെത്രാന്‍മാര്‍ പള്ളിയില്‍ വിലക്കിയിട്ടുണ്ട് .

എന്നാല്‍ വത്തിക്കാനില്‍നടന്ന അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ് ഇപ്പോള്‍ ഇക്കാര്യം പരിഗണനയില്‍ വന്നത് . വത്തിക്കാനിലെ വിവിധ സ്ഥാനപതിമാരും പോലീസ് പ്രതിനിധികളും മജിസ്‌ട്രേറ്റുമാരുമടക്കം അമ്പതോളംപേര്‍ സംവാദത്തില്‍ പങ്കെടുത്തു.

സംവാദത്തിനൊടുവില്‍ ഇറക്കിയ പ്രസ്താവനയില്‍ അഴിമതിയുടെ വേരുപറിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. അഴിമതിക്കും കൊള്ളസംഘ പ്രവര്‍ത്തനത്തിനും പള്ളിവിലക്ക് പരിഗണിക്കേണ്ട സമയം കഴിഞ്ഞെന്ന് വത്തിക്കാന്‍ പറയുന്നു .

അതേസമയം ഇത് ഏത് വിധേന പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ് . ഇക്കാര്യത്തില്‍കൂടി അന്തിമ കരടു നിര്‍ദേശങ്ങള്‍ പഠിച്ച ശേഷമായിരിക്കും പോപ്പിന്‍റെ നിര്‍ദേശം സഭയില്‍ നടപ്പിലാക്കാന്‍ ഉത്തരവ് പുറത്തിറങ്ങുക .

അങ്ങനെ വന്നാല്‍ രാഷ്ട്രീയക്കാര്‍ , ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഴിമതിക്കാരായവര്‍ പള്ളിയ്ക്ക് പുറത്താകും . അതേസമയം പുരോഹിതര്‍ ഉള്‍പ്പെടെ ഇത്തരം ചില അസാന്മാര്‍ഗിക മേഖലകളില്‍ അകപ്പെടുന്ന സാഹചര്യവും വത്തിക്കാന്‍ ഗൗരവമായി കാണുന്നുണ്ട് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+