Advertisment

എല്ലാം ഇരയായ നടിയും പ്രതിയായ സുനിയും ചേര്‍ന്നൊരുക്കിയ നാടകമെന്ന് മാര്‍ട്ടിന്‍ മൊഴിമാറ്റിയ സാഹചര്യം അന്വേഷിക്കാതെ പോകുമോ ? ഇത് നടിക്കെതിരെയുള്ള രണ്ടാം പീഡനം. അട്ടിമറിക്ക് പിന്നില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയോ ? ജനം വിശ്വസിക്കേണ്ടത് മൊഴി മാറ്റിയ കൊടും ക്രിമിനലിനേയോ ബി. സന്ധ്യ ഉള്‍പ്പെടെയുള്ള കേരളാ പോലീസിനെയോ ?

New Update

എഡിറ്റോറിയല്‍/ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മൊഴിയും മൊഴിമാറ്റങ്ങളും ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. പോലീസ് ഇത്രയും നാള്‍ പുറത്തുവിട്ടതും കുറ്റപത്രത്തില്‍ പരമാര്‍ശിക്കപ്പെട്ടതുമായ സംഭവങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പ്രധാന പ്രതികളിലൊരാളുടെ മൊഴി. ഇത് മൊഴിമാറ്റവും കൂറുമാറ്റവുമാണെങ്കില്‍ മാര്‍ട്ടിന്റെ നിലപാട് പ്രത്യേകം അന്വേഷണ വിധേയമാക്കേണ്ടതാണ്.

Advertisment

സുപ്രധാനങ്ങളായ പല കേസുകളിലും സംഭവിച്ചിട്ടുള്ളത് ഇതുപോലെ കൂട്ടുപ്രതികളുടെയോ പ്രധാന കക്ഷികളുടെയോ മൊഴിമാറ്റങ്ങളിലൂടെയാണ് അട്ടിമറികളാണ്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ഇത്തരത്തില്‍ പര്യവസാനിക്കാന്‍ അനുവദിക്കരുത്.

publive-image

നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയത് ദിലീപാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യക്തവും കൃത്യവുമായ അന്വേഷണമാണ് നടന്നതെന്നാണ് വിലയിരുത്തപ്പെട്ടത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ദിലീപിനെതിരാണ്. ഇപ്പോള്‍ മാര്‍ട്ടിന്റെ മൊഴി ഇതിനു ഘടകവിരുദ്ധമാണ്. ഇരയായ നടിയും പ്രതിയായ പള്‍സര്‍ സുനിയും നടിയെ ആദ്യം കണ്ട സംവിധായകന്‍ ലാലും ചേര്‍ന്ന്‍ ഉണ്ടാക്കിയ നാടകമാണ് ഇക്കഥകളെല്ലാം എന്നാണ്.

ഇരയായ നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന്‍ വാഹനത്തില്‍ കയറിയത് മുതല്‍ ഫോണ്‍ സംഭാഷണത്തിലായിരുന്നുവെന്നും പിന്നീട് അങ്കമാലിയില്‍ വച്ച് 3 പേര്‍ വാഹനത്തില്‍ കയറിയെന്നും കൊച്ചിയില്‍ വച്ച് വാഹനത്തില്‍ കയറിയ സുനി നടിയോട് ചേച്ചീ എന്ത് ചെയ്യണമെന്ന് ചോദിച്ചെന്നും നിനക്ക് ഇഷ്ടമുള്ളത് ചെയ്തോളാന്‍ പറഞ്ഞെന്നുമൊക്കെയാണ് മാര്‍ട്ടിന്റെ മൊഴി.

പറഞ്ഞുവരുന്നത് പ്രകാരം ദിലീപിനെ കുടുക്കാന്‍ കരുതിക്കൂട്ടി നടിയും പ്രതികളും ചേര്‍ന്ന്‍ ഒരുക്കിയ നാടകമായിരുന്നു ഇതെല്ലാം എന്നാണ് മനസിലാക്കേണ്ടത്. അങ്ങനെ ചിന്തിക്കാം. പക്ഷെ, കേരള പോലീസിലെ ഏറ്റവും സമര്‍ഥരില്‍ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ഡി ജി പി ബി. സന്ധ്യയുടെയും സമര്‍ഥനായ ഓഫീസര്‍ രാജേഷ് ദിവാന്റെയും നേതൃത്വത്തില്‍ ദിവസങ്ങളോളം പഴുതുകളടച്ച് നടത്തിയ അന്വേഷണങ്ങള്‍ വെറും നാടകങ്ങളായിരുന്നു എന്ന് വിശ്വസിക്കാന്‍ മലയാളി തയാറാകുമോ എന്ന് സംശയമാണ്.

publive-image

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നായാണ് കേരള പോലീസിനെ വിശേഷിപ്പിക്കുന്നത്. അങ്ങനൊരു സേനയിലെ എ ഡി ജി പി മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ വരെ പങ്കാളികളായ വിപുലമായ അന്വേഷണ കമ്മീഷന്‍ മുഴുവന്‍ ഇരയും പ്രതിയും ചേര്‍ന്ന്‍ നടത്തിയ ഈ നാടകങ്ങള്‍ വിശ്വസിച്ച് അന്വേഷണ റിപ്പോര്‍ട്ടെന്ന തിരക്കഥയെഴുതി എന്നൊക്കെ പറഞ്ഞാല്‍ അത് അവിശ്വസനീയം തന്നെ.

ഇത് കേരളമാണ്. ഭരണാധികാരികളില്‍ നിന്നുണ്ടാകുന്ന ചെറിയൊരു പിഴവുകള്‍ പോലും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷമാക്കുന്ന കാലമാണ്. അങ്ങനൊരു സാഹചര്യത്തില്‍ നാടകമാണെങ്കില്‍ കൂടി ഇത്രയും വിശദമായി നടത്തിയ അന്വേഷണത്തില്‍ അത്തരം നാടകങ്ങളൊക്കെ പൊളിച്ചടുക്കാന്‍ പോലീസിന് ദിവസങ്ങള്‍ മതി.

ഇത്തരം മൊഴിമാറ്റങ്ങളെ നിയമപ്രക്രിയയിലെ ഒരു സാധാരണ സംഭവമാക്കി ഒഴിവാക്കരുത്. പ്രതി മൊഴിമാറ്റിയ സാഹചര്യവും അതിനുള്ള പ്രേരണയും പോലീസ് അന്വേഷിക്കണം. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ജാമ്യ വ്യവസ്ഥയ്ക്ക് വിപരീതമായ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കരുത്.

- എഡിറ്റര്‍

dileep martin
Advertisment