Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായി മാറുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകും. പി സി വിഷ്ണുനാഥ്‌ വീണ്ടും രംഗത്ത് വന്നാല്‍ മുന്‍ എംപി സി എസ് സുജാതയെ സിപിഎം രംഗത്തിറക്കും. ശ്രീധരന്‍പിള്ളയിലൂടെ രണ്ടാം അക്കൌണ്ട് തുറക്കാന്‍ ബിജെപിയും. കേരള രാഷ്ട്രീയം ശ്രദ്ധ കേന്ദ്രീകരിക്കുക ഇനി ചെങ്ങന്നൂരിലേക്ക്

New Update

ആലപ്പുഴ:  കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന ചെങ്ങന്നൂര്‍ അസംബ്ലി ഉപതെരഞ്ഞെടുപ്പ് ഇടത് മുന്നണി സര്‍ക്കാരിന് വെല്ലുവിളിയാകും. കാലങ്ങളായി യു ഡി എഫിന്റെ കുത്തകയായിരുന്ന മണ്ഡലം കഴിഞ്ഞ തവണ ഇടതുമുന്നണി തിരിച്ചു പിടിച്ചത് രാമചന്ദ്രന്‍ നായരുടെ ജനകീയതയും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെയും എന്‍ എസ് എസിന്റെയും പിന്തുണയോടെയുമായിരുന്നു.

Advertisment

ഈ മൂന്ന്‍ ഘടകങ്ങളും ഒത്തുവന്നപ്പോള്‍ 8000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇടത് മുന്നണിയുടെ ജയം. ബി ജെ പിയും ഒപ്പത്തിനൊപ്പം നിലകൊണ്ട മണ്ഡലമാണിത്. ഇതിനൊപ്പം ശോഭനാ ജോര്‍ജ്ജിന്റെ റിബല്‍ സാന്നിധ്യവും യു ഡി എഫിന് വിനയായി. മൂന്നാം തവണയും വിജയിച്ച് പാര്‍ട്ടിയില്‍ ശക്തനാകാനുള്ള എ ഗ്രൂപ്പ് നേതാവ് പി സി വിഷ്ണുനാഥിന്റെ നീക്കത്തെ സര്‍വ്വ തന്ത്രങ്ങളും പയറ്റിയാണ് ഐ ഗ്രൂപ്പ് പരാജയപ്പെടുത്തിയത്.

publive-image

ഇതിന് എന്‍ എസ് എസിന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍ ഈ ഘടകങ്ങളൊക്കെ ഇനി ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് തുണയാകുമോ എന്ന് കണ്ടറിയണം. രമേശ്‌ ചെന്നിത്തല പ്രതിപക്ഷത്തെ നയിക്കുമ്പോള്‍ ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം അദ്ദേഹത്തിന് അനിവാര്യമാണ്.

പി സി വിഷ്ണുനാഥ്‌ തന്നെ ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. അതേസമയം, ഇടത് മുന്നണിയ്ക്ക് ഇവിടെ സ്ഥാനാര്‍ഥിയെ കണ്ടെത്തുക ദുഷ്കരമായിരിക്കും.

പി സി വിഷ്ണുനാഥിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധ നിര തീര്‍ക്കാന്‍ കഴിഞ്ഞ തവണ ഇടത് മുന്നണിക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അത്രയും ഉണ്ടാകില്ല. ഭരണത്തിലിരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് സര്‍ക്കാരിന് ഗുണകരമാകില്ല.

അതിനാല്‍ തന്നെ വിജയം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിപരമായ ആവശ്യം കൂടിയാണ്. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ട്രയല്‍ റണ്ണായിക്കൂടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മാറും. അതിനാല്‍ ചെങ്ങന്നൂരെ വിജയമായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പിലെ ട്രെന്‍റ് നിശ്ചയിക്കുക.

publive-image

ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാകും ഇടത് മുന്നണി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. എന്‍ എസ് എസിനും കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് ഇടത് മുന്നണി ശ്രമിക്കുക. തോല്‍വിക്ക് ശേഷവും മണ്ഡലത്തില്‍ സജീവമായിരുന്ന പി സി വിഷ്ണുനാഥ്‌ വീണ്ടും മത്സരിക്കുകയാണെങ്കില്‍ തക്ക എതിരാളിയെ കണ്ടെത്തേണ്ടി വരും.

അങ്ങനെയെങ്കില്‍ മുന്‍ ആലപ്പുഴ എംപി സി എസ് സുജാതയ്ക്ക് നറുക്ക് വീഴാനാണ് സാധ്യത. ആലപ്പുഴ എം പി എന്ന നിലയില്‍ മികച്ച പ്രതിശ്ചായയും മണ്ഡലത്തില്‍ സുപരിചിത എന്നതും എന്‍ എസ് എസിനുള്‍പ്പെടെ സ്വീകാര്യ എന്നതും സുജാതയ്ക്ക് അനുകൂല ഘടകങ്ങളാണ്.

അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യങ്ങള്‍ പ്രതീക്ഷിക്കാനും കഴിയില്ല. എങ്കിലും ശോഭനാ ജോര്‍ജ്ജിനെ യു ഡി എഫ് റിബല്‍ ആയി അവതരിപ്പിക്കാന്‍ ഇടത് മുന്നണി ആവുന്നത് ശ്രമം നടക്കും. ബി ജെ പിയില്‍ കഴിഞ്ഞ തവണ മത്സരിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ തന്നെ മത്സരിപ്പിക്കാനാകും കൂടുതല്‍ സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായവും ബി ജെ പിയില്‍ ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കോഴ വിവാദം എം ടി രമേഷിന്റെ സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.

publive-image

കഴിഞ്ഞ തവണ ശ്രീധരന്‍ പിള്ള നേടിയ 42000 വോട്ടുകളും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും യു ഡി എഫിന്റെ ദൈനംദിന എന്നോണമുള്ള തകര്‍ച്ചയും എല്ലാംകൂടിയാകുമ്പോള്‍ ഇവിടെ ബി ജെ പിക്ക് ജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ ഇവിടെ ബി ജെ പിക്ക് പ്രതികൂലമാകും എന്ന് വിലയിരുത്തുന്നവരുമുണ്ട്‌.

നിലവിലെ വിവാദങ്ങളില്‍ തകര്‍ന്ന പ്രതിശ്ചായ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മെച്ചപ്പെടുത്തുന്നതിനാകും പിണറായി സര്‍ക്കാരിന്റെ മുഖ്യ പരിഗണന. ഒപ്പം ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് രൂപം നല്‍കും.  ഇതിനിടയില്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ച് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും.

chengannur byelection
Advertisment