Advertisment

കൊണ്ടും കൊടുത്തും മാണിയും കാനവും. സിപിഐ വെല്ലുവിളിക്കുമ്പോഴും യുഡിഎഫിന്‍റെ അനുനയ നീക്കങ്ങള്‍ മാണി മുളയിലെ നുള്ളിയത് സിപിഎമ്മിന്‍റെ ഉറപ്പില്‍. മാണി കാനത്തിനുള്ള സിപിഎമ്മിന്‍റെ തുറുപ്പുചീട്ടോ ?

New Update

കോട്ടയം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോണ്‍ഗ്രസിനെ യു ഡി എഫില്‍ തിരികെയെത്തിക്കാന്‍ യു ഡി എഫ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്കൊരുങ്ങുമ്പോള്‍ ഐക്യ മുന്നണി സാധ്യത അടച്ച് കെ എം മാണി രംഗത്ത്. യു ഡി എഫിലേക്ക് മടങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് മാണിയുടെ നിലപാട്.

Advertisment

അതേസമയം, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വെല്ലുവിളിയുമായി നില്‍ക്കുമ്പോഴും എല്‍ ഡി എഫ് പ്രവേശനം സംബന്ധിച്ച് മാണിക്ക് ഉറപ്പ് ലഭിച്ചെന്ന സൂചനകളാണ് പുറത്തുവരുന്നത്. സി പി എമ്മിന്റെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് മാണി ഇന്ന് യു ഡി എഫ് ബന്ധം നിഷേധിച്ച് രംഗത്ത് വന്നതെന്നാണ് റിപ്പോര്‍ട്ട്.

publive-image

അന്ത്യശ്വാസം വലിക്കുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററാകേണ്ട ബാധ്യത എല്‍ ഡി എഫിനില്ലെന്നായിരുന്നു ഇന്നലെ കേരളാ കോണ്‍ഗ്രസിനെതിരെ കാനത്തിന്റെ വിമര്‍ശനം. അതിന് അതേ നാണയത്തില്‍ തന്നെ ഇന്ന് മാണി മറുപടി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഒറ്റ സീറ്റില്‍ പോലും ഒറ്റയ്ക്ക് ജയിക്കാന്‍ ശേഷിയില്ലാത്ത ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എന്നാണു മാണി തിരിച്ചടിച്ചത്.

കാനത്തെ പരിഹസിച്ച് കാഞ്ഞിരപ്പള്ളി എം എല്‍ എയും കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. എന്‍ ജയരാജും ഇന്ന് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇടത് മുന്നണിയില്‍ നിന്നും എന്തെങ്കിലും ഉറപ്പില്ലാതെ മാണി യു ഡി എഫില്‍ നിന്നുള്ള സാധ്യതയെ തുടക്കത്തിലെ തള്ളിക്കളയില്ലെന്ന് ഉറപ്പാണ്.

സി പി എമ്മില്‍ നിന്നും കാര്യമായ എന്തെങ്കിലും ഉറപ്പില്ലാതെ കാനത്തെ പരസ്യമായി വെല്ലുവിളിക്കാനും കേരളാ കോണ്‍ഗ്രസ് തയാറല്ല. അതുകൊണ്ട് തന്നെ സി പി എമ്മിന്റെ സി പി ഐ പായ്ക്കേജിന്റെ ഭാഗമായാണോ കേരളാ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ സി പി എം ശ്രമിക്കുന്നതെന്നാണ് സംശയം. സി പി എമ്മുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന സി പി ഐയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും സംശയങ്ങളുണ്ട്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ പിണറായി വിജയനെ വെല്ലുവിളിച്ച് പിണറായിക്കൊത്ത ശക്തിമാനായി മാറാന്‍ കാനം നടത്തുന്ന പരിശ്രമങ്ങള്‍ സി പി എം കാണുന്നുണ്ട്. 1969 ലെ അച്യുത മേനോന്‍ മോഡല്‍ കൂട്ടുകെട്ട് സ്വപ്നം കണ്ട് മുഖ്യമന്ത്രി മോഹവുമായാണ് കാനത്തിന്റെ നടപ്പെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയിലെ സി പി എം അനുകൂലികള്‍ ആവത് പ്രചരിപ്പിക്കുന്നുണ്ട്.

അതിനാല്‍ എന്തും നേരിടാന്‍ തയാറായാണ് സി പി എമ്മിന്റെ നില്‍പ്പ്. സി പി ഐ പോയാല്‍ മാണി എന്നതാണ് സി പി എമ്മിന്റെ അടവുനയം. അതിനിടയില്‍ മാണി യു ഡി എഫുമായി വീണ്ടും കൈകോര്‍ത്താല്‍ ആ തന്ത്രം പാളും. അതേസമയം, ഇടത് പക്ഷത്ത് കാനം ശക്തമായി എതിര്‍ക്കുമ്പോള്‍ കാര്യമായ ഒരുറപ്പ് ലഭിച്ചില്ലെങ്കില്‍ മാണി യു ഡി എഫിനെ പിണക്കില്ല. പണ്ട് യു ഡി എഫില്‍ നിന്നപ്പോഴും തങ്ങളെ മുന്നണിയിലേക്ക് ക്ഷണിച്ച ഇടത് മുന്നണിയെയും ബി ജെ പിയെയും ഒന്നിച്ച് പ്രോത്സാഹിപ്പിച്ച നേതാവാണ്‌ മാണി.

കേരളാ കോണ്‍ഗ്രസിനെ ആരും കൊതിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെന്നായിരുന്നു മാണി വിശേഷിപ്പിച്ചത്. ഒരു സാധ്യതകളും അദ്ദേഹം വെറുതെ അടച്ചു കളയില്ലെന്നു സാര൦. അങ്ങനെ സംഭവിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ ഇരിപ്പിടമില്ലാതെ കേരളാ കോണ്‍ഗ്രസ് ത്രിശങ്കുവിലാകുമെന്ന് മാണിക്കറിയാം.

എന്നിട്ടും മാണി യു ഡി എഫിന്റെ അനുനയ നീക്കങ്ങളെ തുടക്കത്തിലെ നുള്ളിക്കളയണമെങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഉറപ്പുണ്ട്. അത് ശരിയെങ്കില്‍ കാനത്തിന്റെ നിലവിളിയൊക്കെ പാഴ്വാക്കായി മാറും.

kerala congress m km mani kanam
Advertisment