follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

മെസിലെ ടേബിളില്‍ കൈവെക്കാതെ ആഹാരം കഴിക്കണം ,കുളിക്കുമ്പോള്‍ കുളിമുറി അടക്കാന്‍ പാടില്ല ; കളമശേരി പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ റാഗിങിന് ഇരയാകുന്നതായി പരാതി

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 17/02/2017

കൊച്ചി : കളമശേരി പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ റാഗിങിന് ഇരയാകുന്നതായി പരാതി. നഗ്‌നത പ്രദര്‍ശനം, കുളിക്കുമ്പോള്‍ കുളിമുറിയുടെ വാതിലടക്കരുത് എന്ന് തുടങ്ങി പ്രാകൃത ശിക്ഷ നടപടികളാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ്ങായി നല്‍കുന്നത്. ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിയ്ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. പരാതി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കരുതെന്നും പരാതിയില്‍ പറയുന്നു.



വിദ്യാര്‍ത്ഥികളുടെ പരാതി കളമശേരി സിഐ അന്വേഷിക്കുമെന്ന് ഐജിയുടെ അധികചുമതലയുള്ള പി വിജയന്‍ വ്യക്തമാക്കി. പോളിടെക്‌നിക്കിലെ പ്രാകൃത ശിക്ഷ നടപടികള്‍ വിശദമായി വിവരിച്ചാണ് പരാതി നല്‍കിയത്. എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ മറ്റ് പാര്‍ട്ടികളുടെ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അനുവദിക്കില്ലെന്നും പരാതിയില്‍ ആരോപണമുണ്ട്.

മെസില്‍ അടിവസ്ത്രം ധരിച്ച് കയറാന്‍ പാടില്ല, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപെട്ടാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കണം, കുളിമുറിയുടെ വാതില്‍ അടച്ചിട്ട് കുളിക്കാന്‍ പാടില്ല എന്നു തുടങ്ങി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനായി ഉണ്ടാക്കിവെച്ച നിയമങ്ങള്‍ ലംഘിച്ചാല്‍ അതികഠിനമായ ശിക്ഷകളാണ് നല്‍കുക എന്നും വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മെസിലെ ടേബിളില്‍ കൈവെക്കാതെ ആഹാരം കഴിക്കണം, ഗ്ലാസ് ടേബിളില്‍ വെക്കുമ്പോള്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല, മെസില്‍ പരസ്പരം സംസാരിക്കരുത്, മെസില്‍ എത്താന്‍ അല്‍പം വൈകിയാല്‍ തലയില്‍ വെള്ളമൊഴിക്കും, നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തവളചാട്ടവും എട്ടുകാലി നടത്തവും ശിക്ഷ, ശുചിമുറി അടച്ചിട്ടു കുളിക്കുന്നവരെ കുളിമുറിയില്‍ തന്നെ പൂട്ടിയിടും, മെസ് ഡേ ദിനത്തില്‍ തോര്‍ത്ത് മാത്രം ധരിച്ച് മെസ് വൃത്തിയാക്കണം, ബീവറേജസില്‍ നിന്ന് മദ്യം വാങ്ങി നല്‍കണം, പരീക്ഷാ സമയത്ത് പഠിക്കാന്‍ അനുവദിക്കില്ല, നിയമങ്ങള്‍ ലംഘിച്ചാല്‍ മെസിന് ചുറ്റും നഗ്‌നനരായി ഓടിക്കും തുടങ്ങിയവാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനുമുമ്പാകെ സമര്‍പ്പിച്ച മറ്റ് പ്രധാന പരാതികള്‍.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+