follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് പിഎം ഓഫീസും കേരളാ പോലീസും ക്ഷണിച്ചതുകൊണ്ട്. പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കുമ്മനം രാജശേഖരന്‍

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 17/06/2017

കൊച്ചി ∙ രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന മറുചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത് .

പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതുകൊണ്ടാണ് യാത്രയിൽ പങ്കെടുത്തതെന്നും കുമ്മനം പറഞ്ഞു . പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉൾപ്പെടുത്തിയതെന്നും അറിയില്ല.

ഇക്കാര്യം കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചോദിച്ചു.‌‌



മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുതെന്ന്, സമൂഹമാധ്യമത്തിലൂടെ യാത്രാവിവാദം ഉയർത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് കുമ്മനം മറുപടി നല്‍കി . സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരള സർക്കാർ ഏർപ്പെടുത്തിയ വാഹനത്തിലാണ് ഞാനും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ എത്തിയത്. നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയാക്കാനും ‌ഞാനുണ്ടായിരുന്നു.

ഞാൻ പോയത് വ്യക്തമായി അറിയിപ്പു കിട്ടിയിട്ടാണ്. എന്റെ പേര് അവിടെ ഉള്ളതു കൊണ്ടാണ്. ഇതേക്കുറിച്ച് എനിക്കു കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്പിജിയോ കേരള പൊലീസോ ഒന്നും എന്നെ തടയാതിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും കേരള പൊലീസിൽനിന്നും യാത്രയെക്കുറിച്ച് അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ വാഹനത്തിലാണു ഞാൻ യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാനുള്ള വാഹനം ഏർപ്പാടാക്കിയതും സർക്കാരാണ്. കേരളത്തിൽ പ്രധാനമന്ത്രി എത്തുന്ന സന്ദർഭത്തിൽ അദ്ദേഹത്തോടൊപ്പം ആരൊക്കെ യാത്ര ചെയ്യുന്നു എന്നതിനെപ്പറ്റി മുഖ്യമന്ത്രിക്കു യാതൊന്നും അറിയാൻ പാടില്ലെന്നു പറയാൻ പറ്റുമോ?

മാത്രമല്ല, എനിക്ക് ആവശ്യമായ സഹായങ്ങളും അവർ ചെയ്തുതന്നു. എന്നിട്ടുപോലും ഇതെല്ലാം വിവാദമാക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കുമ്മനം ആരോപിച്ചു.‌

കൊച്ചി മെട്രോ റെയിലിന്റെ ‌ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിൻ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി.സദാശിവം തുടങ്ങിയവർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമായിരുന്നു.

കുമ്മനത്തിന്റെ യാത്രാക്കാര്യത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. കുമ്മനത്തിന്റെ യാത്രയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ‌ട്രോളുകളും പ്രചരിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+