follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്; പൊലീസിനെതിരെ സിപിഐയും രംഗത്ത്; സമരക്കാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 18/06/2017

കൊച്ചി : പുതു വൈപ്പിലെ ഐഒസിയുടെ പാചക വാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമരത്തെ അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്നും പൊലീസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.



നാട്ടുകാരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐയും രംഗത്തെത്തി. ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി വേണമെന്നു സിപിഐയും ആവശ്യപ്പെട്ടു.

മര്‍ദനത്തിന് നേതൃത്വം നല്‍കിയത് യതീഷ് ചന്ദ്രയെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിച്ചു. മുന്‍പ് അങ്കമാലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതും യതീഷ് ചന്ദ്രയാണ്. നടപടി ഗുണ്ടായിസമെന്ന് അന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി തുറന്നുപറയണം. ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുമുന്നണി നയമല്ലെന്നും രാജു പറഞ്ഞു.

ഇതിനിടെ 124 ദിവസമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി ഇടപെടും എന്നും ഇന്ന് അറിയിച്ചിട്ടുണ്ട്. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നതും.

ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാരുമായി ചര്‍ച്ച നടത്തുകയും ഉറപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. അതിലൊന്ന് കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്നാണ്. എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നും പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കാമെന്നുമായിരുന്നു മറ്റ് ഉറപ്പുകള്‍.

എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ന് പ്രതിഷേധം ശക്തമാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് ഇന്ന് തല്ലിച്ചതക്കുകയായിരുന്നു. സമരത്തിനെത്തിയ നിരവധി പ്രദേശവാസികളുടെ തലയ്ക്കു നേരെയായിരുന്നു പൊലീസിന്റെ ലാത്തി പ്രയോഗം. പൊലീസിന്റെ ആക്രമണത്തില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+