follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 19/06/2017

തിരുവനന്തപുരം: ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം. രണ്ടര മാസത്തെ അവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കി ഉത്തരവിറങ്ങിയത്.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം ആ പദവി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് തലപ്പത്ത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി വരുന്നത്‌.



സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി). സത്യജിത് രാജന്‍ ഐഎഎസ് ആണ് നിലവില്‍ ഐഎംജി ഡയറക്ടര്‍. അവധി അവസാനിച്ച സാഹചര്യത്തില്‍ ഏത് തസ്തികയില്‍ നിയമനം നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍‌കിയിരുന്നു.

വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. തുടര്‍ന്ന് ഒരു മാസം അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അവധി അവസാനിച്ചതിനെ തുടര്‍ന്ന് അവധി നീട്ടിയിരുന്നു.

ജേക്കബ് തോമസിന് പകരം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍, മുന്‍ ഡിജിപി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ സെന്‍കുമാറിന് ഡിജിപി സ്ഥാനം നല്‍കിയിരുന്നു. തുടര്‍ന്ന് ബഹ്‌റലെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയായിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+