follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

തന്നെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റാനിടയായ കാര്യവും കാരണവും പിന്നീട് വെളിപ്പെടുത്തും. ആദ്യം അത് താനാണോ സര്‍ക്കാരാണോ പറയുന്നതെന്ന് കാത്തിരുന്നു കാണാം. എന്താണ് സര്‍ക്കാര്‍ ? - അതൃപ്തി തുറന്നടിച്ച് ജേക്കബ് തോമസ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 19/06/2017

തിരുവനന്തപുരം: അവധിയ്ക്ക് ശേഷം തിരികെയെത്തിയപ്പോള്‍ ഉചിതമായ തസ്തിക നല്‍കാത്തതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് ഡി ജി പി ജേക്കബ്ബ് തോമസ്‌ രംഗത്ത്. തന്നെ വിജിലന്‍സ് ഡയരക്ടര്‍ പദവിയില്‍ നിന്നും മാറ്റാനിടയായ കാര്യവും കാരണവും കുറച്ചുകഴിയുമ്പോള്‍ തീര്‍ച്ചയായും വ്യക്തമാകുമെന്ന് ജേക്കബ്ബ് തോമസ്‌ പ്രതികരിച്ചു.

കാരണം എപ്പോള്‍ വ്യക്തമാക്കുമെന്ന ചോദ്യത്തിന് താനാണോ സര്‍ക്കാരാണോ ആദ്യം അത് വ്യക്തമാക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.



ടി പി സെന്‍കുമാര്‍ ഈ മുപ്പതിന് വിരമിക്കുമ്പോള്‍ ആ പദവിയിലേക്ക് താങ്കള്‍ എത്തുമോ എന്ന ചോദ്യത്തിന് നാളത്തെ കാര്യം അറിയില്ല, പിന്നെയാണോ മറ്റന്നാളത്തെ കാര്യമെന്നായിരുന്നു മറുചോദ്യം.

ഐ എം ജി ഡയറക്ടറായുള്ള നിയമനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും പരസ്പര ബന്ധമില്ലാത്തതും അവ്യക്തവുമായിരുന്നു മറുപടി. പുതിയ ചുമതലയില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് "ജനഹിതം എന്‍ മനം" എന്നായിരുന്നു മറുപടി.

ജനഹിതമാണോ സര്‍ക്കാര്‍ ഹിതമാണോ താങ്കള്‍ അനുസരിച്ചതെന്ന ചോദ്യത്തിന് - എന്താണ് സര്‍ക്കാര്‍ ? എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. വിജിലന്‍സ് ഡയറക്ടറായുള്ള ലോക്നാഥ്‌ ബെഹ്രയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് അതിന്റെ മാനെജ്മെന്റ് പരിശോധിക്കാമെന്നും മറുപടി നല്‍കി.

വിജിലന്‍സ് ഡയരക്ടര്‍ പദവിയിലിരുന്ന താങ്കളെ അതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞ ഐ എം ജി ഡയറക്ടറാക്കിയത് ശരിയാണോ എന്ന ചോദ്യത്തിന് ഐ എം ജി ഡയരക്ടറും ഓഫീസും, വിജിലന്‍സ് ഡയരക്ടറുടെ ഓഫീസും ഒരു റോഡിന് അപ്പുറവും ഇപ്പുറവുമാണെന്നും മറുപടി നല്‍കി.

അതേസമയം ഐ എം ജി ഡയരക്ടര്‍ തസ്തിക അപ്രധാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഐ എം ജി ഡയരക്ടര്‍ ചുമതലയില്‍ ഒരു വര്‍ഷത്തെക്കാണ് സര്‍ക്കാര്‍ ജേക്കബ്ബ് തോമസിന് നിയമനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കാലാവധി തികയ്ക്കുമോ എന്നുറപ്പില്ലെന്നും ജേക്കബ്ബ് തോമസ്‌ പറഞ്ഞു.

മുമ്പ് യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് എ ഡി ജി പി ആയിരിക്കെ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിന് സര്‍ക്കാര്‍ താക്കീത് നല്‍കിയതിനെതിരെ വായ്മൂടിക്കെട്ടാന്‍ ടേപ്പുമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ജേക്കബ്ബ് തോമസ്‌ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+