follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

പുതുവൈപ്പിനില്‍ അറസ്റ്റിലായവര്‍ ജാമ്യം വേണ്ടെന്നും തങ്ങളെ റിമാന്‍ഡ് ചെയ്യണമെന്നും കോടതിയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/06/2017

കൊച്ചി: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നതിനിടെ അറസ്റ്റിലായവര്‍ ജാമ്യം വേണ്ടെന്നും തങ്ങളെ റിമാന്‍ഡ് ചെയ്യണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ റിമാന്‍ഡ് ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന കുറ്റകൃത്യം സമരക്കാര്‍ ചെയ്തിട്ടില്ലെന്നും പിഴയൊടുക്കിയാല്‍ മാത്രം മതിയാകുമെന്നും കോടതി ബോധ്യപ്പെടുത്തി. എന്നാല്‍, റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന സമരക്കാര്‍ കോടതിയില്‍നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ചു.



ഇതേത്തുടര്‍ന്ന് അഞ്ച് മിനിട്ടിനകം സമരക്കാര്‍ കോടതിയില്‍നിന്ന് പുറത്തുപോകണമെന്ന കര്‍ശന നിര്‍ദ്ദേശം മജിസ്‌ട്രേട്ട് നല്‍കി. ഇക്കാര്യം കോടതി സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചു.

അതിനിടെ, പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്നത് അടക്കമുള്ള പരാതികള്‍ സമരക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സമരക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.

പോലീസിന്റെ ഇടപെടല്‍മൂലം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ ആരോപിച്ചു. പോലീസ് കസ്റ്റഡിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യം നല്‍കിയില്ലെന്നും സമരക്കാര്‍ ആരോപിച്ചു.

കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് സമരക്കാര്‍ പിന്നീട് കോടതിമുറിയില്‍നിന്ന് പുറത്തിറങ്ങി. സമരപ്പന്തലിലേക്ക് വീണ്ടും പോകുമെന്നും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സമരക്കാര്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പുതുവൈപ്പിനില്‍ സമരക്കാര്‍ക്കുനേരെ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ 30 ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. നൂറിലേറെ സമരക്കാരെയാണ് പോലീസ് അറസ്റ്റുചെയ്തത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+