മധ്യ കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സിലേക്ക് നാട്ടുകാര്‍ മാലിന്യങ്ങള്‍ തള്ളുന്നു, ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പുഴയിലിറങ്ങി അത് വാരിക്കൂട്ടുന്നു ! ‘സേവ് പിറവം പുഴ’യ്ക്കൊരു സല്യൂട്ട് !

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 13, 2018

കൊച്ചി:  രണ്ടു ജില്ലകളിലായി 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ള സ്രോതസായ പിറവം പുഴയെ സംരക്ഷിക്കാനുള്ള പുറപ്പാടിലാണ് പിറവം നഗരസഭാ കൌണ്‍സിലര്‍ ജില്‍സ് പെരിയപുറം. മധ്യകേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസായ പിറവം പുഴയെ നാട്ടുകാരില്‍ ചിലര്‍ മലിനമാക്കുമ്പോള്‍ ആ തെറ്റിന് ഉത്തരവാദിത്വമേറ്റെടുത്താണ് പിറവത്തെ ജനപ്രതിനിധിയായ ജില്‍സ് പെരിയപുറത്തിന്റെ നേതൃത്വത്തില്‍ അത് സംരക്ഷിക്കാനുള്ള ദൌത്യവും ഏറ്റെടുത്തിരിക്കുന്നത്.

 

നാട്ടുകാരില്‍ ചിലര്‍ അറവുമാലിന്യങ്ങള്‍, കോഴിക്കടകളിലെ വേയ്സ്, പാഴായ പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ തള്ളുന്നത് ഉള്‍പ്പെടെ കുട്ടികള്‍ ഉപയോഗിച്ച് തള്ളുന്ന സ്നഗ്ഗി മുതല്‍ സ്തീകളുടെ പാഡുകള്‍ വരെ പിറവം പുഴയിലെ മാലിന്യങ്ങളില്‍ ഉള്‍പ്പെടുന്നു.

വര്‍ഷം മുഴുവന്‍ നീരൊഴുക്കുള്ള പുഴയെ പിറവത്തെയും എറണാകുളത്തെയും ആലപ്പുഴയിലെയുമൊക്കെ കുടിവെള്ള സ്രോതസായി സര്‍ക്കാര്‍ മാറ്റിയപ്പോള്‍ അത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ചിലര്‍ ആ ദൗത്യം മറന്നു. 6 കുടിവെള്ള പദ്ധതികളുള്ള ഈ പുഴയെ സമീപത്തെ വ്യാപാരികളും കച്ചവടക്കാരും മാലിന്യം തള്ളുന്നതിനുള്ള സംഭരണിയായി കണ്ടപ്പോള്‍ അതില്‍ നിന്നുള്ള വെള്ളം കുടിക്കുന്ന ജനങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കിയാണ് ജില്‍സ് ‘സേവ് പിറവംപുഴ’ പദ്ധതിയുമായി രംഗത്തെത്തിയത്.

പിറവം സ്വിമ്മിംഗ് ക്ലബ്ബും, വലിയ പള്ളി യൂത്ത് അസോസിയേഷനും പിന്തുണയുമായെത്തി. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് തുടങ്ങിയ സേവ് പിറവം പുഴ പദ്ധതിയുടെ ഭാഗമായി ഇതിനോടകം എട്ടോളം തവണ ജില്‍സിന്റെ നേതൃത്വത്തില്‍ പുഴയിലിറങ്ങി മാലിന്യങ്ങള്‍ വാരി വൃത്തിയാക്കി.

പല വള്ളങ്ങളിലായി പുഴയിലൂടെ കറങ്ങി നടന്നാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.  ഈ വെള്ളിയാഴ്ച നടന്ന പുഴ വൃത്തിയാക്കല്‍ പദ്ധതിയില്‍ സ്ഥലം എം പി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയും മുഴുവന്‍ നേരം പങ്കാളിയായി. രാവിലെ 9.30 ന് പുഴയിലിറങ്ങിയ ഇവര്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പ്രവര്‍ത്തനം അവസാനിക്കുന്നതുവരെ വള്ളത്തില്‍ മാലിന്യങ്ങള്‍ വാരിക്കൂട്ടി നിഷയും ദൗത്യത്തില്‍ അണിചേര്‍ന്നു.

പുഴ സംരക്ഷിക്കുക എന്ന അവബോധം നാട്ടുകാരില്‍ സൃഷ്ടിക്കുന്നതിന് പുറമേ അനുസരിക്കാത്തവര്‍ തള്ളിയിടുന്ന മാലിന്യങ്ങള്‍ പുഴയിലിറങ്ങി വാരിക്കൂട്ടുക എന്ന ദൌത്യവും ഏറ്റെടുക്കയെന്ന ദൌത്യവുമാണ് ഏറ്റെടുത്തിരിക്കുന്നതെന്നു ജില്‍സ് പറയുന്നു.

×