Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലും കോണ്‍ഗ്രസിലും ഘടനാ മാറ്റത്തിന് സാധ്യത. നേതൃമാറ്റത്തിന് രാഹുലില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് മത്സരത്തിനൊരുങ്ങുന്ന എംപിമാര്‍

New Update

ന്യൂഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ യു ഡി എഫിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകുമെന്ന് സൂചന. യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും തലപ്പത്ത് കാതലായ മാറ്റങ്ങള്‍ താമസിയാതെ ഉണ്ടാകാനുള്ള സാധ്യതയാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്നത്.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി യു ഡി എഫിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകണമെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഫലം ശുഭകരമായിരിക്കില്ലെന്നും എം പിമാര്‍ രാഹുലിനെ അറിയിച്ചു.

publive-image

തങ്ങള്‍ക്ക് വിജയിച്ചുവരാന്‍ അനുകൂലമായ രാഷ്ട്രീയ നേതൃത്വം ഉടന്‍ മുന്നണിയുടെ തലപ്പത്ത് ഉണ്ടാകണമെന്നായിരുന്നു എം പിമാരുടെ ആവശ്യം. ഇത് പരിഗണിക്കാമെന്ന് രാഹുല്‍ എം പിമാര്‍ക്ക് ഉറപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ എ ഐ സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് തന്നെ കേരളത്തിലെ കോണ്‍ഗ്രസ്, യു ഡി എഫ് നേതൃത്വങ്ങളിലും മാറ്റ൦ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കെ പി സി സി അധ്യക്ഷന്‍ എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും സ്ഥാന ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പുതിയ കെ പി സി സി അധ്യക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്.

കേന്ദ്രത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ഉടന്‍ പുനസംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹം ശക്തമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പദവികള്‍ ഏറ്റെടുക്കാന്‍ ഇല്ലെന്ന മുന്‍ നിലപാട് ഉമ്മന്‍ചാണ്ടി രാഹുലിനോട് ആവര്‍ത്തിച്ചു.

publive-image

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വര്‍ക്കിംഗ് കമ്മിറ്റിയില്‍ വരാനുള്ള സാധ്യത വിരളമാണ്. അതേസമയം, രമേശ്‌ ചെന്നിത്തലയുടെ പേര് നേരത്തെ തന്നെ രാഹുലിന്റെ പരിഗണനയിലുണ്ട്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ എത്തുമ്പോള്‍ രമേഷിന് പ്രതിപക്ഷ നേതൃസ്ഥാനം തുടരാനാകുമോ എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളു. പാര്‍ട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാകണമെന്നാണ് എം പിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

യുവ നേതൃത്വത്തെയും ഈ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. രാഹുലിന്റെ താല്പര്യവും രാജസ്ഥാന്‍ മോഡലില്‍ നാല്‍പ്പത് വയസില്‍ താഴെ പ്രായമുള്ള യുവ നേതാക്കളോടാണ്. യു ഡി എഫിന്റെ കാര്യത്തിലും ഘടകകക്ഷികള്‍ക്കും എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ട്. ഇക്കാര്യം അവര്‍ ദേശീയ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി സംസ്ഥാനത്തും ഡല്‍ഹിയിലും പുതിയ ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ പുതിയ മാറ്റങ്ങള്‍ എങ്ങനെ എന്നതില്‍ അവ്യക്തത തുടരുകയാണ്. അങ്ങനെ വന്നാല്‍ തലമുറ മാറ്റത്തിനുള്ള സാധ്യതയും കോണ്‍ഗ്രസിന് തള്ളിക്കളയാനാകില്ല.

publive-image

കേരളത്തിലെ അഴിച്ചുപണി സംബന്ധിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, എം എം ഹസ്സന്‍ എന്നിവരെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തിയിരുന്നു. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് മൂവരുടെയും അഭിപ്രായങ്ങള്‍ രാഹുല്‍ തേടിയിട്ടുണ്ട്. എന്നാല്‍ എം എം ഹസന് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹം. അതിനായി നിലവിലെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായാണ് ഹസന്‍ രാഹുലിനെ കണ്ടത്.

publive-image

എം പിമാരുടെകൂടി സമ്മര്‍ദ്ദം ശക്തമായതോടെ സമൂല അഴിച്ചുപണി തന്നെയാണ് എ ഐ സി സി ആലോചിക്കുന്നതെന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതിനാല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പ്രാപ്തരായ നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള പുനസംഘടനയെക്കുറിച്ചാണ് രാഹുലും ആലോചിക്കുന്നത്.

rahul gandhi congress rahulgandhi umman chandy udf
Advertisment