Advertisment

മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധിപറഞ്ഞ ജഡ്ജിയുടെ രാജിയെചൊല്ലി വിവാദ വിസ്ഫോടനം ? എൻഐഎ കോടതി ജഡ്ജിയുടെ രാജിയില്‍ ദുരൂഹത !

New Update

publive-image

Advertisment

ഹൈദരാബാദ്∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജിയുടെ രാജിയില്‍ ദുരൂഹത .  എൻഐഎ കേസുകളിൽ വിധിപറയുന്ന പ്രത്യേക ജഡ്ജി കെ. രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്.

വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നും  വിധി പ്രസ്താവവുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയെങ്കിലും ജഡ്ജിയുടെ രാജി  ദേശീയ തലത്തില്‍ ചര്‍ച്ചയായി .

2007 മേയ് 18ന് ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന സ്ഫോടനത്തിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരെയും തിങ്കളാഴ്ച കുറ്റവിമുക്തരാക്കി ജഡ്ജി വിധി പറഞ്ഞിരുന്നു. സ്വാമി അസീമാനന്ദും കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

10 പ്രതികളില്‍ സ്വാമി അസീമാനന്ദ അടക്കം അഞ്ചുപേരാണു വിചാരണ നേരിട്ടത്. ഒൻപതുപേർ കൊല്ലപ്പെട്ട സ്ഫോടത്തിൽ 50ൽ അധികംപേർക്കു പരുക്കേറ്റിരുന്നു.

11 വർഷത്തിലേറെനീണ്ട കുറ്റവിചാരണയുടെ അവസാന വിധിക്ക് ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പ്രതികളുടെ കുറ്റം തെളിയിക്കാൻ എൻഐഎയ്ക്കു സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

കേസ് അന്വേഷിക്കുന്ന എൻഐഎ ഓഫിസർ ഇൻ ചാർജായ പ്രതിഭാ അംബേദ്കറെ രണ്ടാഴ്ച മുൻപ് പൊടുന്നനെ നീക്കിയിരുന്നു.

അതേസമയം, വിധി പറഞ്ഞ ജഡ്ജി രാജിവച്ചത് താൽപര്യമുളവാക്കുന്നതാണെന്നും വിധി തീരുമാനത്തിൽ അദ്ഭുതപ്പെടുന്നതായും എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസാസുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു.

ചാർമിനാറിനു സമീപമുള്ള ചരിത്രപ്രസിദ്ധമായ മക്ക മസ്‌ജിദിൽ വെള്ളിയാഴ്ച നടന്ന മധ്യാഹ്ന പ്രാർഥനയ്‌ക്കിടെ നടന്ന ആർഡിഎക്‌സ് ബോംബ് സ്‌ഫോടനത്തിൽ ഒൻപതു പേരും പിന്നീടു ക്ഷുഭിതരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് നടത്തിയ വെടിവയ്‌പിൽ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിൽ കുട്ടികളടക്കം അൻപതോളം പേർക്കാണ് പരുക്കേറ്റത്. ആയിരങ്ങൾ പങ്കെടുത്ത പ്രാർഥന നടക്കുന്നതിനിടയിൽ ഒരു ടിഫിൻ ബോക്‌സിൽ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണു പൊട്ടിയത്.

സെൽഫോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. വിവരമറിഞ്ഞെത്തിയ പൊലീസ് മസ്‌ജിദ് വളപ്പിൽ നടത്തിയ തിരച്ചിലിൽ പൊട്ടാത്ത മൂന്നു ബോംബുകൾ കണ്ടെടുത്തു നിർവീര്യമാക്കി. അവ കൂടി പൊട്ടിയിരുന്നെങ്കിൽ ദുരന്തം ഏറെ വലുതാകുമായിരുന്നു.

വിധിക്ക് പിന്നാലെ, ഹിന്ദുത്വ ഭീകരതയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസും യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. പ്രതികള്‍ ശിക്ഷിക്കപ്പെടാതിരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു.

bjp modi gov
Advertisment