Advertisment

നിപ്പാ ആദ്യമെത്തിയത് മലേഷ്യയില്‍; പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; ബംഗ്ലാദേശില്‍ 150ഓളം പേര്‍ മരിച്ചു; ചികിത്സയില്ല, പ്രതിരോധം മാത്രം പോംവഴി

New Update

കോഴിക്കോട്: മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് എന്ന നിലയിലാണ് നിപ്പാ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത്. നിപ വൈറസ് വവ്വാലുകളില്‍നിന്ന് മുയല്‍, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്. നിപ്പാ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്.

Advertisment

1998ല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഗുരുതര വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. അന്ന് രോഗം കണ്ടെത്തിയെ നിപ്പാ (Kampung Sungai Nipah) സ്ഥലത്തിന്റെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയെങ്കിലും നൂറിലധികം മനുഷ്യരും വൈറസ് ബാധയേറ്റ് മരിച്ചു.

publive-image

വവ്വാലുകള്‍ വഴിയാണ് ഹെനിപ ജനുസില്‍പ്പെട്ട ഈ വൈറസ് പകരുന്നതെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നിട് കംബോഡിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന നിപ്പാ 2004 ല്‍ ബംഗ്ലാദേശിലുമെത്തി. വവ്വാലുകള്‍ കടിച്ച പഴങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കും അവിടെനിന്ന് മനുഷ്യരിലേക്കുമാണ് വൈറസ് ബാധയേറ്റതെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യന്‍ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാര്‍ഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ തകര്‍ച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികള്‍ക്ക് മലേഷ്യന്‍ നരിച്ചീറുകളില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യന്‍ നരിച്ചീറുകളില്‍ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

അന്ന് പ്രാരംഭ ഘട്ടത്തില്‍ ജപ്പാന്‍ജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കാന്‍ മലേഷ്യക്കായില്ല. ജപ്പാന്‍ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടര്‍ന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

വവ്വാലുകളുടെയോ മൃഗങ്ങളുടെയോ സ്പര്‍ശനമേറ്റ പഴങ്ങള്‍ കഴിക്കരുത്, വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാം. വവ്വാലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. അതുകൊണ്ട് തന്നെ പഴങ്ങളും മറ്റും കഴിക്കാതിരിക്കുന്നതാകും തല്‍ക്കാലം പ്രതിരോധ മാര്‍ഗ്ഗമായി വിലയിരുത്തുന്നത്. രോഗം ബാധിച്ച മനുഷ്യരില്‍നിന്നു മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണു ലക്ഷണങ്ങള്‍. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5 ശതമാനമാണ്.

പ്രതിരോധം മാത്രമാണ് പോംവഴി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ ഐസൊലേറ്റ് ചെയ്ത് ഇന്റന്‍സിവ് കെയര്‍ യൂനിറ്റില്‍ പരിപാലിക്കുക, രോഗം പകരാതിരിക്കാനുള്ള നടപടി സ്വീകരിക്കുക, മരണം കുറക്കാനുള്ള പോംവഴി കണ്ടെത്തുക, ബോധവത്കരണം നല്‍കുക തുടങ്ങിയവ മാത്രമാണ് ചെയ്യാനുള്ളത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ അതിയായ ശ്രദ്ധ പുലര്‍ത്തണം. രോഗിയെ പരിചരിക്കുന്നവര്‍ കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.

Advertisment