Advertisment

ഒഐസിസി കുടുംബ ക്ഷേമ ഫണ്ട് നൽകാത്തതിൽ വ്യാപക പ്രതിഷേധവും പരാതിയും

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹറൈന്‍: ഒഐസിസി അംഗത്വ പ്രചാരണ സമയത്തു രേഖാ മൂലം വാഗ്ദാനം നൽകിയ (സർക്കുലർ 5 & സർക്കുലർ 6) ഇൻഷുറൻസ് പരിരക്ഷ അഥവാ കുടുംബ ക്ഷേമ സഹായം ഒഐസിസി കമ്മിറ്റികളുടെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും നൽകാനാകാത്തതിൽ വ്യാപകമായ പ്രതിഷേധവും പരാതിയുമുയരുന്നു.

Advertisment

publive-image

2013 നവംബർ 8 നു ദോഹയിൽ ചേർന്ന ഒഐസിസി ഗ്ലോബൽ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനമാണ് ഒഐസിസി അംഗങ്ങളെ ഗ്രൂപ്പ് ഇൻഷുറൻസിൽ ചേർക്കുമെന്നുള്ളത് (സർക്കുലർ 5). പദ്ധതിയിൽ അംഗത്വ കാലാവധിക്കുള്ളിൽ മരണപ്പെടുന്ന ഒഐസിസി അംഗങ്ങളുടെ ആശ്രിതർക്ക് 3 ലക്ഷം രൂപ ധന സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവുമായി (5 വയസ്സു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 500 രൂപയും 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം) പിന്നീട് ആ തീരുമാനത്തിൽ നിന്നും പിറകോട്ടു പോവുകയും പുതിയ സർക്കുലർ മുഖേന (സർക്കുലർ 6) ഇൻഷുറൻസ് അല്ല കുടുംബ സുരക്ഷാ പദ്ധതിയാണെന്നു മാറ്റിപറയുകയും ചെയ്തു.

നിലവിലെ ഗ്ലോബൽ കമ്മിറ്റിയിലെ പ്രധാന ഭാരവാഹിത്വം വഹിക്കുന്ന പ്രമുഖ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു സബ്കമ്മിറ്റി പഠനം നടത്തി സമർപ്പിക്കപ്പെട്ട റിപ്പോർട്ന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് ഇൻഷുറൻസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഒറ്റയടിക്ക് ഇൻഷുറൻസിൽ നിന്നും കുടുംബ സുരക്ഷയിലോട്ടു മാറുകയാണുണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ പേരും വിശദശാംശങ്ങളും ആരാഞ്ഞു വലിയ വിഭാഗം ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇൻഷുറൻസ് പ്രായോഗികമല്ല എന്നും അത് കൊണ്ടാണ് കുടുംബ സുരക്ഷാ പദ്ധതിയിലേക്ക് മാറിയതെന്നും അറിയിച്ചെങ്കിലും നേരത്തെ സബ് കമ്മിറ്റ നടത്തിയ പഠന റിപ്പോർട്ട് ഏതടിസ്ഥാനത്തിലായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.

പിന്നീട് അംഗത്വ പ്രചാരണ സമയത്തു സർക്കുലർ 6 പ്രകാരം ഉറപ്പു നൽകിയ ധന സഹായം പല കുടുംബങ്ങൾക്കും നൽകാതിരുന്നപ്പോൾ പ്രതിഷേധമുയരുകയും അംഗങ്ങൾ മരണപ്പെട്ടു ഒരു വർഷത്തിലധികം വൈകി ഏതാനും ചില കുടുംബങ്ങൾക്ക് 3 ലക്ഷം രൂപയുടെ സഹായം നൽകുകയുണ്ടായി. എന്നാൽ, വാഗ്ദാനം ചെയ്യപ്പെട്ട വിദ്യാഭ്യാസ സഹായ പദ്ധതി നാളിതു വരെ നൽകിയിട്ടില്ല. ഇതൊക്കെ സ്വന്തം സംഘടനയിലെ കുടുംബങ്ങളോട് ചെയ്യുന്ന നീതീകരിക്കാനാത്ത വഞ്ചനയാണെന്നും പ്രമുഖ ഒഐസിസി ഭാരവാഹി പറഞ്ഞു.

പ്രതിഷേധമുയരുമ്പോൾ ഉടനെ കൊടുക്കുമെന്നും ഏതെങ്കിലും ഒരു തിയ്യതി പ്രഖ്യാപിക്കലും പിന്നീട് അതിനെ കുറിച്ച് ഒന്നും പറയാതിരിക്കലും സ്ഥിരം പല്ലവിയാണ്. കഴിഞ്ഞ വര്ഷം ജനുവരി 14 നു കൊച്ചിയിൽ വെച്ച് കൊടുക്കുമെന്ന് അറിയിച്ചിട്ട് എവിടെ വെച്ച് കൊടുക്കുമെന്ന ചോദ്യത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് പ്രമുഖ ഒഐസിസി നേതാക്കൾ പറയുന്നു. വിവിധ രാജ്യങ്ങളിൽ വിവിധ ജില്ലകളിൽ 20 കുടുംബങ്ങൾക്ക് 60 ലക്ഷം ഇനിയും കൊടുക്കാനുണ്ട്. പല തവണ രേഖാ മൂലവും അല്ലാതെയും വിവിധ യോഗങ്ങളിലും കമ്മിറ്റികളിലും മാധ്യമങ്ങളിലും ചർച്ചയായെങ്കിലും ഇതുവരേക്കും പാവപ്പെട്ട ഒഐസിസി അംഗങ്ങളുടെ ആശ്രിതരുടെ അവകാശമായ ധന സഹായം നൽകിയിട്ടില്ല.

എന്നാൽ, കെപിസിസി യുടെ ഒഐസിസി ഇൻചാർജുള്ള എൻ. സുബ്രമണ്യൻ നിക്ഷിപ്ത താല്പര്യങ്ങളോടെ എടുത്ത തീരുമാനമാണ് ഈ ദുരവസ്ഥയിൽ എത്തിയതെന്നാണ് അറിയാൻ കഴിയുന്നത്. കോൺഗ്രസ് പാർട്ടിയോടോ ഒഐസിസി അംഗങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ നടപടി പ്രതിഷേധാർഹമാണ്. ഇക്കാര്യങ്ങൾ 3 വര്ഷം മുമ്പ് തന്നെ ജിദ്ദയിലെ പ്രബല വിഭാഗം പത്ര സമ്മേളനം നടത്തി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അത് ജിദ്ദയിലെ മുഴുവൻ മാധ്യമപ്രവർത്തകർക്കും പൊതു ജനങ്ങൾക്കും അറിയിന്നുന്ന കാര്യമാണ്. പക്ഷെ, ഇന്ന് ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾ അക്ഷരം പ്രതി ശരിയാവുകയും ഒഐസിസി അംഗങ്ങളെയും നിരാലംബരായ അവരുടെ കുടുംബങ്ങളെയും വഞ്ചിക്കുന്നവർ കോൺഗ്രസിനെ നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയവരാണെന്നും ഇതിനെതിരെയുള്ള പ്രവർത്തകരുടെ രോഷം ശക്തമാണെന്നും പ്രമുഖ ഒഐസിസി ഭാരവാഹി പറഞ്ഞു. ആശ്രിതരുടെ കുടുംബങ്ങൾ തന്നെ കെപിസിസിക്കു പരാതി അയച്ചതായും പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാൻ ഒരുക്കമുള്ളതായും അറിയുന്നു.

അംഗത്വ ഫീസ് 200 രൂപയായിരുന്നത് 500 രൂപയായി വർദ്ദിപ്പിച്ചത് ഇൻഷുറൻസ് ന്റെ പേര് പറഞ്ഞായിരുന്നു. അധികമായി 300 രൂപ വീതം ഓരോ അംഗത്തിൽ നിന്നും കൂടുതൽ വാങ്ങിച്ചിട്ടാണ് ഈ വഞ്ചന. ഒഐസിസി യുടെ വിശ്വാസ്യത തകർത്ത ഈ കൊടും വഞ്ചനക്കു നേതൃത്വം നൽകിയത് എൻ. സുബ്രമണ്യൻ ആണ്.

കഴിഞ്ഞ വര്ഷം ജൂലൈ 14 നു കെപിസിസി ഓഫിസിൽ ചേർന്ന ഒഐസിസി യോഗത്തിൽ നൽകാനുള്ള തുക നൽകാൻ കഴിയില്ല എന്നും ഈ തുക കെപിസിസി നേതാക്കളുടെ ദുബായ് അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിനും മറ്റുമായി വക മാറ്റി ചെലവഴിച്ചതായും യോഗത്തിൽ അറിയിച്ചു. അപ്പോൾ യോഗത്തിൽ പങ്കെടുത്ത ഒഐസിസി ഭാരവാഹികൾ ചോദ്യം ചെയ്യുകയും പിന്നീട് നൽകാമെന്ന് പറയുകയുമുണ്ടായി. പിന്നീട് കഴിഞ്ഞ ജനുവരിയിൽ ബഹറിനിൽ ചേർന്ന ഒഐസിസി ഗ്ലോബൽ കമ്മിറ്റി യോഗത്തിൽ മാർച്ച് 31 നു കൊടുക്കാമെന്നു പറഞ്ഞെങ്കിലും ഇന്ന് വരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

ഒഐസിസി യുടെ തുടക്കത്തിൽ തന്നെ അംഗത്വ ഫീസിനത്തിൽ ലഭിച്ച തുക തിരുവനന്തപുരത്ത് ബാങ്കിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തെ മറികടന്നു എൻ. സുബ്രമണ്യൻ ബന്ധമുള്ള കോഴിക്കോട് ജില്ലയിലെ ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ, അന്നത്തെ ഗ്ലോബൽ കമ്മിറ്റി ട്രഷറർ ജെയിംസ് കൂടൽ ശക്തമായി എതിർക്കുകയുണ്ടായി. തുടർന്ന് അദ്ദേഹത്തെ ബഹ്‌റൈനിലെ സംഘടനാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മറുവിഭാഗത്തിനൊപ്പം ചേർന്ന് എല്ലാ ഒത്താശയും ചെയ്യുകയുണ്ടായി.

ജിദ്ദയിൽ സംഘടനാ തെരഞ്ഞെടുപ്പിൽ റിട്ടേർണിംഗ് ഓഫിസർ ആയി വന്ന എൻ. സുബ്രമണ്യൻ അന്നത്തെ ഒഐസിസി പ്രെസിഡന്റിനെ അറിയിക്കാതെ ഒരു വിഭാഗത്തിന്റെ കൂടെ വരികയും സ്വകാര്യമായി ഹോട്ടലിൽ ഒളിച്ചുതാമസിക്കുകയും രാത്രി വൈകിയിട്ടും ജിദ്ദയിലെ (സൗദി അറേബ്യ) അന്നത്തെ പ്രെസിഡന്റിനേയും കൂടുതൽ അണികളും പ്രമുഖ നേതാക്കളുമുള്ള പ്രബല വിഭാഗത്തെയും കാണാൻ തയ്യാറാവുകയോ ചെയ്യാതിരുന്നതിനാൽ നേതാക്കളും അണികളും താമസിക്കുന്ന ഹോട്ടൽ അറിയുകയും അവിടേക്കു അർദ്ധരാത്രി ചെന്ന് "പിടി കൂടുകയുമായിരുന്നു"

തെരഞ്ഞെടുപ്പിന് വന്ന റിട്ടേർണിംഗ് ഓഫിസർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്ന അടിസ്ഥാനപ മര്യാദ പോലും പാലിക്കാൻ സുബ്രമണ്യൻ തയ്യാറായില്ല. തരാം താണ രീതിയിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ രീതി എല്ലാ സ്ഥലങ്ങളിലും പോലെ ജിദ്ദയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊതുവെ, ഗൾഫ് രാജ്യങ്ങളിലുള്ള ഒഐസിസി പ്രവർത്തകർ പറയുന്നത്

സുബ്രഹ്മണ്യനു പകരം മറ്റാരെങ്കിലുമാണ് ഒഐസിസിയുടെ ഇൻചാർജ് എങ്കിൽ ഒഐസിസി യിൽ എന്ന് വിവിധ രാജ്യങ്ങളിലുള്ള സംഘടനാ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും കൂടുതൽ സജീവമാണ് ജനവിശ്വാസമാർജ്ജിച്ചും പ്രവർത്തിക്കാൻ കഴിയുമെന്നുമാണ്. സുബ്രമണ്യന്റെ നിലപാട് മൂലം ഒഐസിസി പല സ്ഥലങ്ങളിലും നിർജീവവും കടലാസ്സ് സംഘടനകളുമായി മാറുകയുണ്ടായി. ഒരിക്കൽ ശ്രീ. രമേശ് ചെന്നിത്തല തന്നെ മഞ്ചേരിയിൽ വെച്ച് കെ.എം.സിസി യുടെ ഒരു പരിപാടിയിൽ വെച്ച് പരസ്യമായി ഒഐസിസി യുടെ പ്രവർത്തനത്തിനുള്ള നിരാശ പ്രകടിപ്പിക്കുകയുണ്ടായി.

കോടിക്കണക്കിനു രൂപ ഒഐസിസി അംഗത്വ ഫീസിനത്തിൽ ലഭിച്ച കാശ് വക മാറ്റുകയും ഒരിക്കൽ സ്വകാര്യമായി തനിക്കു ബന്ധമുള്ള ബാങ്കിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്ത സുബ്രഹ്മണ്യനോടുള്ള പ്രതിഷേധം വിവിധ ഗൾഫ് രാജ്യങ്ങളിൽ ശക്തമായുണ്ട്.

Advertisment