Advertisment

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് ഉമ്മന്‍ചാണ്ടി

New Update

കണ്ണൂര്‍: 2017ലെ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബോധമുള്ള ആര്‍ക്കും മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Advertisment

‘നാലു ലക്ഷത്തോളം കുടുംബങ്ങളെയാണ് എസ്എസ്എല്‍സി പരീക്ഷ ബാധിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ട് ഒരു വര്‍ഷമായി എന്നിട്ടും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയേക്കാളേറെ, സര്‍ക്കാര്‍ നിലപാടാണു ജനങ്ങളെ അലട്ടുന്നത്. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തിയതു ചിലരെ വെള്ളപൂശാന്‍ വേണ്ടി മാത്രമായിരുന്നു’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

publive-image

‘ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയും ഒരുമിച്ചാക്കാനുള്ള നീക്കം ഗുണം ചെയ്യില്ല. ഇത് ജോലിഭാരം കൂട്ടുക മാത്രമേ ചെയ്യൂ. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍ പ്രൈമറി ക്ലാസുകളിലും നടപ്പാക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍മാത്രം പരിഷ്‌കരണം നടത്തുന്നതു ശരിയല്ല. അടുത്ത വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അച്ചടിച്ചുവെന്നു പറയുന്നവര്‍ വര്‍ഷാവസാന പരീക്ഷ എത്താറായിട്ടും എല്‍പി, യുപി ക്ലാസുകളിലെ പാഠ പുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല’ ഉമ്മന്‍ചാണ്ടി ആരോപിച്ചു.

’20 വര്‍ഷത്തിനകം ശമ്പളത്തേക്കാളധികം പെന്‍ഷന്‍ നല്‍കേണ്ട സ്ഥിതിയുണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഇപ്പോള്‍ പറയുന്നത് അതു പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കുമെന്നാണ്. പെന്‍ഷന്‍ പദ്ധതി ഇനി നിലനില്‍ക്കുക പങ്കാളിത്ത പെന്‍ഷനിലൂടെ മാത്രമാണ്. സര്‍വീസിലിരിക്കെ മരിച്ചാല്‍, ആശ്രിതര്‍ക്കു ജോലി കിട്ടുന്നതു വരെ മുഴുവന്‍ ശമ്പളവും കുടുംബ പെന്‍ഷനായി നല്‍കാനാണു യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍, എല്‍ഡിഎഫ് അധികാരത്തിലെത്തിയയുടന്‍ ഇത് 30% ആക്കി’ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നതു തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും തുല്യമായി പെന്‍ഷന്‍ പങ്കിടുന്ന സംവിധാനമാണു യുഡിഎഫ് കാലത്തുണ്ടായിരുന്നത്. എല്‍ഡിഎഫ് അതു മാറ്റി, പൂര്‍ണമായി കെഎസ്ആര്‍ടിസിയുടെ ചുമതലയിലാക്കി. ഇതോടെ സ്ഥിതി ഗുരുതരമായി.

സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു പ്രശ്‌നം പരിഹരിക്കണം. ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ടാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു യുഡിഎഫ് രൂപം നല്‍കിയത്. സഹകരണ കോണ്‍ഗ്രസിനു വേണ്ടി വന്‍തുക ആവശ്യപ്പെട്ട് സഹ. സംഘങ്ങള്‍ക്കു കത്തു ലഭിച്ചതായി പരാതി കിട്ടിയിട്ടുണ്ട്, അതു ശരിയല്ല. ന്യായമായ വിഹിതമേ ആവശ്യപ്പെടാവൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisment