Advertisment

താരപ്രഭയില്‍ വണ്‍ എം.പി വണ്‍ ഐഡിയ പുരസ്‌ക്കാര സമര്‍പ്പണം

New Update
 
കോട്ടയം : രാഷ്‌ട്രീയം, സിനിമ, ബിസിനസ്‌ മേഖലകളിലെ താരപ്രഭയുള്ള പ്രമുഖരുടെ സാനിധ്യം വണ്‍ എം.പി വണ്‍ ഐഡിയ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങിന്‌ നിറവ്‌ പകര്‍ന്നു. മുന്‍ കേന്ദ്രമന്ത്രിയും ബോളിവുഡ്‌താരവുമായ ശത്രുഘന്‍സിന്‍ഹയായിരുന്നു ചടങ്ങിലെ മുഖ്യആകര്‍ഷണം.
കേരളം രാജ്യത്തിന്റെ വൈജ്ഞാനിക തലസ്ഥാനമാകണം എന്ന ആശയമാണ്‌ മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ എം.പിയുമായ ശത്രുഘന്‍സിന്‍ഹ ഉദ്‌ഘാടനപ്രസംഗംത്തില്‍ മുന്നോട്ടുവെച്ചത്‌. ജോസ്‌ കെ.മാണിയോടുള്ള പ്രത്യേക ഇഷ്‌ടംകൊണ്ടാണ്‌ സ്വന്തം മണ്‌ഡലത്തിലെ മെഗാ മെഡിക്കല്‍ക്യാമ്പ്‌ മാറ്റിവെച്ച്‌ താന്‍ ഈചടങ്ങിന്‌ എത്തിയത്‌ എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സിന്‍ഹ പ്രസംഗം തുടങ്ങിയത്‌. നിരവധി തവണ എം.പിയും മന്ത്രിയുമായിരുന്ന തനിക്കുപോലും ജോസ്‌ കെ.മാണിയുടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍നിന്നും ഏറെ പഠിക്കാനുണ്ട്‌.
ഇന്ത്യയിലെ എല്ലാ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും മാതൃകയാണ്‌ ജോസ്‌ കെ.മാണിയുടെ വണ്‍ എം.പി വണ്‍ ഐഡിയ പദ്ധതി എന്നും ശത്രുഘന്‍സിന്‍ഹ സൂചിപ്പിച്ചു. രാജ്യത്ത്‌ ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയ ജോസ്‌ കെ.മാണിയെ താന്‍ അഭിനന്ദിക്കുന്നു എന്ന സിന്‍ഹയുടെ വാക്കുകള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌. ഇന്ത്യക്കാരന്റെ തനത്‌ ഭക്ഷണശീലങ്ങളില്‍ നിന്നും 1000 കോടിയുടെ വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയ മലയാളിയായ സംരംഭകന്‍ ഐഡി ഫുഡ്‌സ്‌ സിഇഒയുമായ മുസ്‌തഫ പി.സിയുടെ വാക്കുകള്‍ ഉയരങ്ങളിലേക്ക്‌ കുതിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക്‌ പ്രചോദനമായി. ഒന്നാം സ്ഥാനം ലഭിച്ച പാത്താമുട്ടം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും രണ്ടാം സ്ഥാനം ലഭിച്ച പാമ്പാടി ആര്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒന്നര ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും മൂന്നാം സ്ഥാനം ലഭിച്ച സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും നാല്‌ മുതല്‍ എട്ട്‌ വരെ സ്ഥാനം ലഭിച്ചവര്‍ക്ക്‌ പ്രത്യേക പ്രശസ്‌തി പത്രവും ശത്രുഘന്‍സിന്‍ഹ സമ്മാനിച്ചു.
കൊതുകുനിര്‍മ്മാര്‍ജനം സംബന്ധിച്ച്‌ വ്യത്യസ്‌തമായ കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട്‌ കാര്‍മല്‍ സ്‌ക്കൂളിലെ സ്വാതി മോഹന്‌ ജോസ്‌ കെ.മാണി എം.പി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം പി.സി മുസ്‌തഫ സമ്മാനിച്ചു. ജോസ്‌ കെ.മാണി എം.പിയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കോട്ടയം ജില്ലാ കളക്‌ടര്‍ ഡോ.ബി.എസ്‌ തിരുമേനി ഐ.എ.എസ്‌, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ-വൈസ്‌ ചാന്‍സിലര്‍ ഡോ.സാബു തോമസ്‌, കേരളാ സ്റ്റാര്‍ട്ട്‌ അപ്പ്‌ മിഷന്‍ ഡയറക്‌ടര്‍ ഡോ.സജി ഗോപിനാഥ്‌, കെ.ഇ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ്‌ മുല്ലശേരി, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടെസ്‌ പി.മാത്യു, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പ്രമോദ്‌ നാരായണ്‍ തുടങ്ങിയര്‍ സംസാരിച്ചു.
kottayam
Advertisment