പെട്ടിമുടി ആവർത്തിക്കാതിരിക്കാൻ അനങ്ങൻമല ക്വാറി പ്രവർത്തനം നിർത്തിവെക്കണം – വെൽഫെയർ പാർട്ടി

ജോസ് ചാലക്കൽ
Thursday, September 24, 2020

ഒറ്റപ്പാലം : പെട്ടിമുടിയും കവളപ്പാറയും ആവർത്തിക്കാതിരിക്കാനും പരിസ്ഥിതി ലോല പ്രദേശമായ അനങ്ങൻമല സംരക്ഷിക്കാനും ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ ആവശ്യപ്പെട്ടു.

അനങ്ങൻമല സന്ദർശിച്ച ശേഷം സമര പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പലതവണ ഉരുൾപ്പൊട്ടലുണ്ടായ
പ്രദേശമാണിത്. അനധികൃത ഖനനം നടക്കുന്നതായി ജിയോളജി വകുപ്പ് തന്നെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ബഫർ സോണിൽ നിന്നും പാറപൊട്ടിച്ചതിന്റെ പേരിൽ ക്വാറിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ സർക്കാരും നഗരസഭയും തയ്യാറാവണം. അല്ലാത്തപക്ഷം സമരസമതിയോടൊപ്പം ശക്തമായ സമരപരിപാടികളുമായി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് പി.മോഹൻദാസ്, ഒറ്റപ്പാലം മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷെരീഫ് വരോട്, എം.ദിൽഷാദലി, എം.മജീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

×