Advertisment

പടയൊരുക്കത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അയച്ച കാര്‍ സുധീരന്‍ മടക്കിവിട്ടു. പരാതിയുമായി ഐ ഗ്രൂപ്പ്. നിയുക്ത പാര്‍ട്ടി അധ്യക്ഷന്‍റെ ആദ്യ പൊതുപരിപാടി ബഹിഷ്കരിച്ച സുധീരന്റെ നടപടിയില്‍ രാഹുല്‍ റിപ്പോര്‍ട്ട് തേടി; എഐസിസിയ്ക്കും അതൃപ്തി !

New Update

തിരുവനന്തപുരം: പടയൊരുക്കത്തെ തുടര്‍ന്ന്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ തുടക്കം കുറിച്ച പടപ്പുറപ്പാട് കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. നിയുക്ത എ ഐ സി സി അധ്യക്ഷന്‍ പങ്കെടുത്ത ചടങ്ങ് ബഹിഷ്കരിച്ച വി എം സുധീരന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐ ഗ്രൂപ്പ് ഹൈക്കമാന്റിന് പരാതി നല്കാനൊരുങ്ങുകയാണ്.

Advertisment

പടയൊരുക്കത്തില്‍ പങ്കെടുക്കാനായി സുധീരനെ വിളിക്കാന്‍ വീട്ടിലേക്ക് കെ പി സി സി ഓഫീസില്‍ നിന്നയച്ച വാഹനം സുധീരന്‍ മടക്കി അയയ്ക്കുകയായിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ചൊടിപ്പിച്ചത്.

publive-image

നിയുക്ത എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി എന്ന നിലയില്‍ ചടങ്ങുകള്‍ വന്‍ വിജയമാക്കാനുള്ള ഉത്തരവാദിത്വം ഓരോ നേതാക്കള്‍ക്കും ഉണ്ടായിരിക്കെ സുധീരന്‍ ചടങ്ങ് ബഹിഷ്കരിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. രാഹുലിന്റെ നിയുക്ത പാര്‍ട്ടി അധ്യക്ഷനെന്ന നിലയിലുള്ള ആദ്യ പരിപാടിയാണ് സുധീരന്‍ അലങ്കോലമാക്കിയിരിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് ആരോപണം.

രാഹുല്‍ ഗാന്ധിയുടെ രാവിലെ നടന്ന തീരദേശ പര്യടന പരിപാടിയില്‍ സുധീരന്‍ പങ്കെടുത്തിരുന്നു. വൈകിട്ടത്തെ പടയൊരുക്കം സമ്മേളനത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന കാര്യവും സുധീരന്‍ രാഹുലിനോട് പറഞ്ഞിരുന്നു. കാരണം പിന്നെ പറഞ്ഞുകൊള്ളാം എന്നും സുധീരന്‍ രാഹുലിനെ അറിയിച്ചിരുന്നു. തുടര്‍ന്ന്‍ പടയൊരുക്കം വേദിയില്‍ വച്ച് സുധീരന്‍ എവിടെയെന്ന് രാഹുല്‍ രമേശിനോട് ചോദിച്ചിരുന്നു. ക്ഷണിച്ചിരുന്നെന്നും വാഹനം അയച്ചിരുന്നെന്നും രമേശ്‌ മറുപടിയും നല്‍കി.

അതേസമയം, ഒരു മാസം നീണ്ടുനിന്ന പടയൊരുക്കം പരിപാടിയുടെ ഒരു വേദിയില്‍ പോലും തന്നെ പങ്കെടുപ്പിക്കാത്തതിലുള്ള അമര്‍ഷമാണ്‌ സുധീരന്‍ പരിപാടി ബഹിഷ്കരിക്കാന്‍ കാരണമെന്നാണ് സുധീരനോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന മറുപടി. എന്നാല്‍ പടയൊരുക്കം പരിപാടികളിലേക്ക് സുധീരനെ ക്ഷണിച്ചിരുന്നെന്നും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നെന്നുമാണ് ഐ ഗ്രൂപ്പ് പറയുന്നത്.

തൃശൂരിലും തിരുവനന്തപുരം ജില്ലയിലും ഉത്ഘാടനങ്ങള്‍ക്ക് സുധീരനെ ക്ഷണിച്ചിരുന്നതാണെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ പടയൊരുക്കത്തിന് തുടക്കം കുറിച്ച ശേഷം പുറത്തുവന്ന ജസ്റ്റിസ് ശിവരാമന്‍ കമ്മീഷന്റെ സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ 3 നിയമോപദേശങ്ങളിലും വസ്തുതാ പരമല്ലെന്നു കണ്ടെത്തിയിരുന്നിട്ടും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് വി എം സുധീരന്‍ നടത്തിയ പ്രസ്താവന എ ഗ്രൂപ്പിനെയും കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പ് നേതാക്കളെയും വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.

ഇടത് മുന്നണി നേതാക്കള്‍ പോലും നടത്താന്‍ തയാറാകാത്ത പ്രസ്താവന സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ സുധീരന്‍ നടത്തിയത് പാര്‍ട്ടിയില്‍ താനൊഴികെ മറ്റുള്ളവരെല്ലാം കൊള്ളരുതാത്തവരാണെന്ന് വരുത്തി തീര്‍ക്കാനാണെന്നാണ് ഇവരുടെ വിമര്‍ശനം. ഇതേ തുടര്‍ന്ന്‍ പാര്‍ട്ടിയില്‍ സുധീരന്‍ ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇതൊക്കെ പടയൊരുക്കം വേദികളില്‍ നിന്നും സുധീരനെ മാറ്റി നിര്‍ത്താന്‍ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.

പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ സുധീരന്‍ എന്ത് പറയും എന്ന സന്ദേഹവും നേതാക്കള്‍ക്കുണ്ടായിരുന്നു. അതിനിടെ സുധീരന്‍ രാഹുല്‍ ഗാന്ധിയുടെ ചടങ്ങ് ബഹിഷ്കരിച്ചത് സംബന്ധിച്ച് രാഹുല്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട്‌ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. സുധീരന്റെ ബഹിഷ്കരണം രാഹുലിനും അത്ര രുചിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

rahul gandhi ramesh chennithala vm sudheeran padayorukkam
Advertisment