Advertisment

നഗരസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ യുഡിഎഫിനെ കോണ്‍ഗ്രസ് നയിക്കും. ചര്‍ച്ചകള്‍ക്ക് കെപിസിസി നേതാക്കളെത്തും ! ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ച കുര്യാക്കോസ് പടവനും ഒപ്പമുള്ള കൗണ്‍സിലര്‍മാരും നിലവില്‍ യുഡിഎഫ് വിരുദ്ധരായതിനാല്‍ അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് ! തെരഞ്ഞെടുപ്പെത്തും മുന്നേ പാലായില്‍ പട തുടങ്ങി

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ: കേരളാ കോണ്‍ഗ്രസ്-എം ഇല്ലാത്ത ആദ്യ നഗരസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ മുന്നണിയെ ആര് നയിക്കുമെന്നതിനെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കത്തിന് തുടക്കം.

നഗരസഭയില്‍ യു.ഡി.എഫ് പാനലിനെ നിലവിലെ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ നയിക്കുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ പറയുമ്പോള്‍ നഗരസഭയിലെ ഒന്നാം പാര്‍ട്ടിയായ തങ്ങള്‍തന്നെ നയിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

കഴിഞ്ഞ പാലാ ഉപതിരഞ്ഞെടുപ്പോടു കൂടി കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗം വിട്ട് ജോസഫ് ഗ്രൂപ്പിലെത്തിയ പടവനോടൊപ്പം നിലവിലെ കൗൺസിലിലെ 5 അംഗങ്ങളും ഉറച്ചു നിൽക്കുന്നുവെന്നാണ് പടവന്‍റെ അവകാശവാദം.

ഇവരിൽ ചിലര്‍ ഇത്തവണയും മത്സരിക്കാൻ കച്ചമുറുക്കിയിട്ടുണ്ട്. പക്ഷേ ഇവരില്‍ 1 ഒഴികെ മറ്റെല്ലാവരുടെയും വാര്‍ഡുകള്‍ മാറുകയാണ്. സംവരണ വാര്‍ഡില്‍ മത്സരിക്കുന്ന മധുവിന് മാത്രമാണ് പഴയ വാര്‍ഡുള്ളത്.

നിലവിൽ കുര്യാക്കോസ് പടവൻ മത്സരിച്ച വാർഡുപോലും വനിതാ സംവരണമാവുകയാണ്. ഇവിടെ ഉൾപ്പെടെ വിവിധ സീറ്റുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ ജോസഫ് വിഭാഗം തീരുമാനിക്കുകയും അവരോട് വാർഡുകളിൽ സജീവമാകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അവരൊന്നും ശക്തരായ സ്ഥാനാര്‍ത്ഥികളല്ലെന്നാണ് കോണ്‍ഗ്രസിന്‍റെ അവരാശവാദം.

ഇതേ സമയം ഇത്തവണ നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സാവും യു.ഡി.എഫ്. പാനലിനെ നയിക്കുകയെന്നാണ് കോൺഗ്രസ്സിലെ ഒരു മുതിർന്ന നേതാവ് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു യു. ഡി.എഫ്. യോഗങ്ങളിലും കുര്യാക്കോസ് പടവൻ പങ്കെടുത്തില്ല.

മാത്രമല്ല, യു.ഡി.എഫ്. പാനലിൽ നിന്ന് മത്സരിച്ച് ജയിച്ച് വൈസ് ചെയർമാനായിട്ടും കഴിഞ്ഞ രണ്ടു വർഷമായി കൗൺസിൽ യോഗത്തിൽ ഇടതു മുന്നണിയോടും ബി.ജെ.പി.യോടും ചേർന്നു നിന്ന് യു.ഡി.എഫിന് എതിരായ നീക്കമാണ് കുര്യാക്കോസ് പടവൻ നടത്തിയതെന്നും കോൺഗ്രസ്സ് നേതാവ് കുറ്റപ്പെടുത്തുന്നു.

publive-image

ഈ സാഹചര്യത്തിൽ നഗരസഭാ തിരഞ്ഞെടുപ്പിനെ നയിക്കാൻ കോൺഗ്രസ്സ് തന്നെ മുന്നിട്ടിറങ്ങുകയാണ്. പാലാ നിയോജക മണ്ഡലത്തിലെ ഇത്തരം തർക്ക വിഷയങ്ങൾ പരിഹരിക്കാൻ ജോസഫ് വാഴക്കനേയും, അഡ്വ.ടോമി കല്ലാനിയേയും കെ.പി. സി.സി. ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ കോൺഗ്രസ്സ് നേതാവ് ചൂണ്ടിക്കാട്ടുന്നു.

ജോസ് കെ മാണി വിഭാഗം വിട്ടുപോയതിനാല്‍ പകരം കോണ്‍ഗ്രസ് വീണ്ടും നഗരസഭയില്‍ ആധിപത്യം സ്ഥാപിക്കണമെന്നാണ് നേതാക്കളുടെ നിലപാട്.

ജോസഫ് ഗ്രൂപ്പിന് നിലവില്‍ പാലായില്‍ പ്രാതിനിധ്യത്തിനുപോലും സംവിധാനമില്ലാത്ത പാര്‍ട്ടിയാണ്. കുര്യാക്കോസ് പടവനും ഒപ്പമുള്ള കൗണ്‍സിലര്‍മാരുമാണ് ജോസഫ് ഗ്രൂപ്പായി ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ നഗരസഭയിലെ കാര്യത്തില്‍ ഇവരിപ്പോള്‍ യുഡിഎഫ് വിരുദ്ധരുമാണ്. അതിനാല്‍ കോണ്‍ഗ്രസ് തന്നെ ഭൂരിഭാഗം വാര്‍ഡുകളിലും മത്സരിക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.

publive-image

കെപിസിസി ഭാരവാഹികളോടും പാലായിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെടും. നഗരസഭയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനുള്ള അവസരമാക്കി നഗരസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്.

ഇതേ സമയം കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗവും ഇടതുമുന്നണിയും ചേർന്ന് നഗരസഭയിൽ മത്സരിക്കാനുള്ള അണിയറ നീക്കങ്ങളും തകൃതിയായതായി സൂചനയുണ്ട്‌. ഈ മാസം അവസാനത്തോടെ സംയുക്ത ചർച്ചകൾ നടന്നേക്കും.

pala news
Advertisment