Advertisment

ഇവർ 16 പെൺകുട്ടികൾ ! അനാഥത്വത്തിലും ഓണക്കോടിയ്ക്കായി കിട്ടിയ തുക പേമാരിയില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വീട്ടമ്മയ്ക്ക് നല്‍കി. ഇവര്‍ ദൈവത്തിന്‍റെ സ്വന്തം പൊന്നോമനകള്‍ !!

author-image
സുനില്‍ പാലാ
New Update

കോട്ടയം : ഇവർ 16 പെൺകുട്ടികൾ . കോട്ടയം - പാലാ- പയപ്പാർ ജാനകീ ബാലികാശ്രമത്തിലെ അന്തേവാസികൾ ........ അനാഥരോ തീർത്തും ദരിദ്രകുടുംബത്തിൽപ്പെട്ടവരോ ആയവർ .... ബാലികാ ശ്രമത്തിലെ നന്മയുടെ കുടുംബാന്തരീക്ഷം ഇവരുടെ ജീവിത സ്വപ്നങ്ങളിൽ പ്രതീക്ഷയുടെ മഴവില്ല് തീർക്കുന്നുണ്ടെങ്കിലും , നമ്മളിൽ മിക്കവരുടെയും മക്കളെപ്പോലെ ആഘോഷങ്ങളിലെല്ലാം പുതുവസ്ത്രങ്ങളണിയാനും മറ്റും ഇവർക്ക് കഴിയാറില്ല.

Advertisment

ഓരോ ഓണക്കാലത്തും ഏതെങ്കിലും ഉദാരമതികൾ തുക നൽകിയാൽ അതുകൊണ്ടാണിവർക്ക് ഓണക്കോടി വാങ്ങുക.ഇത്തവണ ഇങ്ങനെ കിട്ടിയ തുക, ഓണക്കോടി പോലും വേണ്ടെന്ന് വെച്ച് വീട് തകർന്ന ഒരു സാധു കുടുംബത്തെ സഹായിക്കാനായി ഇവർ കൊടുത്തു.

publive-image

ഈ ഓണത്തിന് നിറം മങ്ങിയ പഴയ ഉടുപ്പിടുമ്പോഴും മനസ്സിലെ നന്മയുടെ തെളിച്ചം ഇവരുടെ മുഖങ്ങളിൽ പുത്തൻ ഓണക്കോടി പോലെ തിളങ്ങി.

*ഈ സംഭവം നിങ്ങൾ വായിക്കാതെ പോകരുതേ....*

ഓണക്കോടി വേണ്ടെന്നുവച്ച് , തുക പാവപ്പെട്ട കുടുംബത്തിന്റെ തകര്‍ന്ന വീട് നന്നാക്കാന്‍ നല്കി നാടിനു മാതൃകയായ പെണ്‍കുട്ടികള്‍. കൗമാരക്കാരായപെണ്‍കുട്ടികളുടെ ഈ നല്ല മനസ്സിന് സമൂഹം നന്ദി പറയുകയാണ്.

എല്ലാ വര്‍ഷവും ഈ പെണ്‍കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങാന്‍ കാരുണ്യമതികളാണ് ആശ്രമത്തില്‍ തുക നല്‍കാറുളളത്. ഇത്തവണയും ഓണക്കോടിക്കായി ഇവര്‍ക്ക് ഇരുപതിനായിരത്തോളം രൂപ ലഭിച്ചു.

ഇതിനിടെയാണ് പേമാരിയിലും കാറ്റിലും പെട്ട് മേവട പുള്ളോലില്‍ ശാന്തകുമാരിയുടെ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്ന വിവരം കുട്ടികള്‍ അറിഞ്ഞത്. മിക്കപ്പോഴും ആശ്രമത്തിലെത്തിയിരുന്ന ശാന്തകുമാരി ഇവര്‍ക്ക് പ്രിയപ്പെട്ട " ശാന്തേച്ചി " യുമായിരുന്നു.

ചേച്ചിയുടെ വീടു തകര്‍ന്ന വിവരം അറിഞ്ഞതോടെ വിഷമത്തിലായ കുട്ടികള്‍, തങ്ങള്‍ക്ക് ഓണക്കോടിക്കായി ലഭിച്ച തുക വീട് നന്നാക്കാൻ കൈമാറാന്‍ ആഗ്രഹിച്ചു. ഇതിന് അനുവാദം നല്കണമെന്ന്, ബാലികാശ്രമം പ്രസിഡന്റ് ഡോ. എന്‍.കെ മഹാദേവനോട് കുട്ടികള്‍ അപേക്ഷിച്ചു. കുട്ടികളുടെ ആഗ്രഹത്തിന് പൂര്‍ണ്ണസമ്മതം നല്കിയ ഡോ. മഹാദേവന്‍, ആശ്രമത്തില്‍ ഇതിനായി ലളിതമായൊരു ചടങ്ങും സംഘടിപ്പിച്ചു.

അന്തേവാസികളുടെയും ബാലികാശ്രമം ഭാരവാഹികളായ ഡോ.എൻ.കെ. മഹാദേവൻ , വേണുഗോപാല്‍, സുകുമാരന്‍, സതി രാധാകൃഷ്ണന്‍, ഗിരിജ എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ സമ്മേളനത്തില്‍ ആശ്രമത്തിലെ ഇളമുറക്കാരായ ആര്‍ദ്രയും സിന്ധുവും ചേര്‍ന്ന് ശാന്തകുമാരിക്ക് തുക കൈമാറി.

അനാഥരായ കുട്ടികളുടെ കാരുണ്യത്തുക ഏറ്റുവാങ്ങി നന്ദി പറയവെ ശാന്തകുമാരി വിങ്ങിപ്പൊട്ടി. തുക കൈമാറി, ഓണസദ്യയുമൂട്ടിയാണ് ശാന്തകുമാരിയെ ഈ പെണ്‍കുട്ടികള്‍ യാത്രയാക്കിയത്. ഇല്ലായ്മകള്‍ക്കിടയിലും പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കാന്‍ തയ്യാറായ ബാലികാശ്രമം അന്തേവാസികളെ നിരവധി പ്രമുഖര്‍ അഭിനന്ദിച്ചു.

ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ഡോ.എൻ.കെ. മഹാദേവനെ വിളിക്കാം.. ഫോൺ - 93 49 50 72 87.

kottayam news
Advertisment