Advertisment

സ്‌കൂളിനു സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത

New Update

പാലാ: പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്തത സൃഷ്ടിച്ചു. കഴിഞ്ഞ ദിവസമാണ് പാലാ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം സ്‌കൂള്‍ പ്രവര്‍ത്തന സമയത്ത് വന്‍ തോതില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അജ്ഞാതര്‍ കത്തിച്ചത്.

സ്‌കൂളിനു സമീപത്തുകൂടി മാര്‍ക്കറ്റിലേക്ക് ഉള്ള മുനിസിപ്പല്‍ റോഡിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് സംഭവം. ഇതേത്തുടര്‍ന്നു ഉയര്‍ന്ന പുകപടലങ്ങള്‍ ക്ലാസ് റൂമില്‍ എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. മണിക്കൂറുകളോളം പുക പടലങ്ങള്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. പിന്നീട് ശക്തമായ മഴ പെയ്തതിനെത്തുടര്‍ന്നാണ് പുക ശമിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. റെയ്‌ന ജോസ്, പി ടി എ പ്രസിഡന്റ് സെബി പറമുണ്ട, വൈസ് പ്രസിഡന്റ് എബി ജെ. ജോസ് എന്നിവര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Advertisment